കോതമംഗലം:സഹപാഠികൾ തമ്മിലുണ്ടായ കശപിശയുടെ പേരിൽ രക്ഷിതാവ് ക്ലാസിൽ കയറി ആറാംക്ലാസ് വിദ്യാർത്ഥിയെ മർദ്ധിച്ചവശനാക്കി. തടസം പിടിക്കാനെത്തിയ ടീച്ചർക്കും തല്ല് കിട്ടി. കസ്റ്റഡിയിൽ എടുത്ത അക്രമിയെ നിമിഷങ്ങൾക്കുള്ളിൽ വിട്ടയച്ച് പൊലീസ് 'കൃത്യനിർവ്വഹണം'പൂർത്തിയാക്കിയെന്നും വെളിപ്പെടുത്തൽ. പരാതി പിൻവലിപ്പിക്കാൻ അണിയറയിൽ പ്രവർത്തിച്ചത് നിയമപാലകനെന്നും സൂചന.

ഊന്നുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കവളങ്ങാട് സെന്റ് ജോൺസ് സ്‌കൂളിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിയും പൊതുപ്രവർത്തകനുമായ മനോജ് ഗോപിയാണ് പുറത്ത് വിട്ടത്.

.

വാളാച്ചിറ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിലെ തന്നെ മറ്റൊരു വിദ്യാർത്ഥിയുടെ പിതാവ് ക്ലാസ് മുറിയിൽ അതിക്രമിച്ച് കയറി ടീച്ചറിന്റെ മുന്നിലിട്ട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നാണ് മനോജ് വെളിപ്പെടുത്തുന്നത്.

തടയാൻ ചെന്ന ക്ലാസ് ടീച്ചറർക്കും ഇയാളിൽ നിന്നും അടിയേറ്റതായിട്ടാണ് കുട്ടികളിൽ നിന്നും ലഭിച്ച വിവരമെന്നും സ്‌കൂൾ മാനേജ്‌മെന്റിന്റെ അതൃപ്തി ഭയന്ന് ഇവർ പൊലീസിൽ വിവരങ്ങൾ നൽകാൻ തയ്യാറാവാതിരുന്നതാണ് അക്രമിക്ക് രക്ഷയായതെന്നും മനോജ് കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ട് പല്ലാരിമംഗലം മടിയൂർ സ്വദേശി നിസ്സാറിനെ ഊന്നുകൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ചെങ്കിലും ഏറെ താമസിയാതെ വിട്ടയക്കുകയായിരുന്നെന്നും ഇതിന് പിന്നിൽ സമീപ സ്റ്റഷനിൽ ജോലിയെടുക്കുന്ന പൊലീസുകാരന്റെ ഇടപെടലാണെന്ന് പിന്നീട് വ്യക്തമായെന്നുമാണ് മനോജ് വിശദീകരിക്കുന്നത്.

സംഭവം സംമ്പന്ധിച്ച്് മനോജിന്റെ വിശദീകരണം ഇങ്ങിനെ.
വൈകിട്ട് മൂന്നരയടടുത്ത് തൂവാങ്കോട്ടിൽ പ്രസാദ് എന്ന രക്ഷകർത്താവ് നേരിൽ കാണാനെത്തി. കല്ലൂർക്കാട് സ്‌റ്റേഷനിലെ പൊലീസുകാരനാണെന്നും പറഞ്ഞ് ഒരാൾ വിളിച്ചെന്നും മകനെ ഊന്നുകൽ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നും കൂടെ വന്ന് കാര്യങ്ങൾ അന്വേഷിച്ച് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് ഇയാളോടൊപ്പം സ്റ്റേഷനിൽ എത്തി. കുട്ടിയെ തിരക്കിയെങ്കിലും കണ്ടില്ല. കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെ പ്രസാദിനോട് പൊലീസുകാരിൽ ചിലർ സംസാരിക്കുന്നത് കണ്ടു. ഇതിനിടയിൽ മകൻ വീട്ടിലെത്തിയതായി പ്രസാദിന് വിവരം ലഭിച്ചു. പരാതി എഴുതി നൽകുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ പ്രസാദ് മടിച്ചു.

പരാതി നൽകിയാൽ മകനെയും കേസിൽപ്പെടുത്തേണ്ടിവരുമെന്ന് പൊലീസുകാരിൽ ചിലർ ബോദ്ധ്യപ്പെടുത്തിയെന്നും അതിനാൽ കേസാക്കാൻ താൽപര്യമില്ലന്നും പ്രസാദ് പറഞ്ഞു. ഇതേത്തുടർന്ന് ഞങ്ങൾ സ്റ്റേഷനിൽ നിന്നിറങ്ങി. പിന്നാലെ നിസ്സാറിനെ സ്റ്റേഷനിൽ നിന്നും വിട്ടയക്കുകയും ചെയ്തു.

വിഷയം രഹസ്യമാക്കി സ്‌കൂൾ മാനേജ്‌മെന്റും പരാതിയില്ലെന്ന വസ്തുത നിരത്തി പൊലീസും കൈയൊഴിഞ്ഞതോടെ നിർദ്ധനകുടുമ്പത്തിലെ വിദ്യാർത്ഥിക്ക് നീതി ലഭിക്കാത്ത സാഹചര്യമാണ് സംജാതമായിട്ടുള്ളതെന്നും ഇതിൽ താനടക്കമുള്ള നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ടെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ ഉണർന്ന് പ്രവർത്തിച്ച് പിഞ്ച്് കൂട്ടിയെ ക്രൂരമർദ്ധനത്തിന് ഇരയാക്കിയ നരാധമനെ നിയമത്തിന് മുന്നിൽ കൊണ്ടുവരമമെന്നും മനോജ് ആവശ്യപ്പെട്ടു.

ഇതിനിടെ മർദ്ധനമേറ്റ വിദ്യാർത്ഥിയുടെ കുടുമ്പത്തോടുള്ള അനുഭാവം പ്രകടിപ്പിക്കാൻ സമുദായ സംഘടന ഇടപെട്ട് അൻപതോളം കുട്ടികളെ ഈ സ്‌കൂളിൽ നിന്നും മാറ്റാൻ നീക്കം നടത്തുന്നതായും സൂചനയുണ്ട്.