കൊല്ലം: ഇന്നും കേരളത്തിന് അവ്യക്തമാണ് 32 പേരുടെ ജീവനെടുത്ത കടലാമയിറച്ചി ദുരന്തത്തിന്റെ യഥാർത്ഥ കാരണം.കേരളത്തെ ഞെട്ടിച്ച ആ ദുരന്തിന് അറുപതാണ്ട് തികയുമ്പോൾ അ സംഭവങ്ങൾ ഒക്കെത്തന്നെയും ഇന്നലെ കഴിഞ്ഞതെന്നോണം ഓർമ്മയിൽ തെളിയുന്നുണ്ട് സംഭവത്തിന്റെ ദൃസാക്ഷിയും തുടക്കകാരിലൊരാളുമായ മോൻ പൊലീസ് എന്നറിയപ്പെടുന്ന ജോൺ ജെയിംസിന്.കോരിച്ചൊരിയുന്ന മഴയുള്ള ഒരു ഇടവപ്പാതിയിലാണ് ഈ ദുരന്തം നടന്നത്. കൃത്യമായി പറഞ്ഞാൽ 1961 മെയ്‌ 29 (ഇടവം-15)ന്.

ആ ദുരന്തത്തെ ജോൺ ഓർത്തെടുക്കുന്നു; അളുങ്കാമയെ കിട്ടിയപ്പോൾ വിശപ്പടക്കാൻ ഒരു കോളുകിട്ടിയ സന്തോഷമായിരുന്നു തീരത്തിന്. പക്ഷേ അതൊരു ദുരന്തത്തിന്റെ തുടക്കമാകുമെന്ന് ആരും കരുതിയില്ല. അന്നെനിക്ക് 24 വയസ്സാണ്. കടലിൽ മീൻപിടിക്കാൻ പോകുമായിരുന്നു. കടലിൽ പാറപ്പുറത്ത് പായൽ തിന്നാൻ വരുന്ന അളുങ്കാമയെ കണ്ടാൽ സന്തോഷമാണ്. കുറേപ്പേർക്ക് തിന്നാനുള്ള ഇറച്ചിയുണ്ടാകും. തോടിന് വിലയും കിട്ടും. അങ്ങനെയാണ് അന്നും അത്തരമൊരു ആമയെക്കിട്ടിയത്.

ആ ആമയെ 15 ആയാണ് പങ്കുവെച്ചത്. തോടിൽ കുറച്ച് ഇറച്ചിയുമെടുത്ത് ഞാൻ വീട്ടിലേക്കു പോന്നു. പാകംചെയ്തുകഴിച്ചു.സഹോദരിയും ഭാര്യയുമടക്കം എല്ലാവരും കഴിച്ചു. അവർ രണ്ടുപേരും മരിച്ചു. മൊത്തം 32 പേരാണ് മരിച്ചത്. മോഹാലസ്യവും ഛർദ്ദിയും വയറിളക്കവുമായിരുന്നു എല്ലാവർക്കും. കോളറയാണെന്നാണ് ആദ്യം കരുതിയത്. ജില്ലാ ആശുപത്രിയിലെത്തി. എന്താണ് സംഭവിച്ചതെന്നു പിടികിട്ടിയില്ല. പിന്നീട് ഡി.എം.ഒ വന്ന് ആമത്തോട് കൊണ്ടുപോയി. ആമയിറച്ചിയാണ് വില്ലനായതെന്ന് പിന്നീടാണ് മനസ്സിലായത്.

ഒരുവീട്ടിൽ നാലുപേർ മരിച്ചു. മറ്റു രണ്ടുവീടുകളിൽ മൂന്നുപേർവീതവും. കുട്ടികളായിരുന്നു ആദ്യം മരിച്ചത്, പിന്നെ സ്ത്രീകളും.അന്ന് ആമയെ വെട്ടിപ്പൊളിച്ചെടുത്ത സ്ഥലത്തെ ചോരയും കുടലും കൊത്തിത്തിന്ന കാക്ക പോലും ചത്തു. എന്നാൽ ആമയിറച്ചി മഞ്ഞളിട്ടുപുഴുങ്ങി പാകം ചെയ്തവർക്ക് വലിയ കുഴപ്പമുണ്ടായില്ല. നോർവേയിൽനിന്നെത്തിച്ച മരുന്ന് കുത്തിവെച്ചശേഷമാണ് ആശുപത്രിയിൽ കിടന്നവർക്ക് അസുഖം മാറിയത്.

കൊല്ലത്തെ മത്സ്യബന്ധനമേഖലയിൽ ഇന്തോ-നോർവീജിയൻ പ്രൊജക്ട് നടക്കുന്ന കാലമായിരുന്നു. അടുത്തവർഷമാണ് ഞാൻ വീണ്ടും വിവാഹം കഴിച്ചത്- കുരീപ്പുഴക്കാരി ത്രേസ്യയെ. അതിൽ നാലുമക്കളുണ്ട്. ആന്റോ, അലക്‌സാണ്ടർ, ജസ്റ്റിൻ, പ്രസന്ന'-ജോൺ പറഞ്ഞുനിർത്തുന്നു.

അന്ന് പക്ഷെ ഇതിനെക്കുറിച്ച് കാര്യമായ പഠനമൊന്നും നടന്നില്ല.കടലാമയിറച്ചി കഴിച്ച് കൊല്ലം ശക്തികുളങ്ങരയിൽ 32 പേർ മരിച്ച സംഭവത്തിന് മെയ്‌-ജൂൺ മാസം ആകുമ്പോൾ അറുപതാണ്ട് തികയുകയാണ്.എന്നാൽ ഇന്ന് ഈ ദുരന്തത്തെക്കുറിച്ച് കേൾക്കുമ്പോൾ ചില ആമകളിൽ കാണപ്പെടുന്ന സാൽമണെല്ല ബാക്ടീരിയ വില്ലനായിരാക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

സാൽമണെല്ലോസിസ് എന്നാണ് രോഗം അറിയിപ്പെടുന്നത്. അന്ന് ഇതിന്റെ ഗവേഷണവും പഠനങ്ങളും കാര്യക്ഷമായി നടന്നുകാണില്ല. ഇന്ന് ഇത്തരമൊരു ബാക്ടീരിയയും അതുണ്ടാക്കുന്ന ഭക്ഷ്യവിഷത്തെയും കുറിച്ച് അറിയാം. സംഭവം കേട്ടിട്ട് സാൽമണെല്ല ആയിരിക്കാനാണ് സാധ്യതയെന്നു തോന്നുന്നു. ഗ്രീൻ ആൽഗകളുള്ള ചില ആമകളും ഇതുപോലെ വിഷബാധയ്ക്കു സാധ്യതയുള്ളവയാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.