മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കായംകുളം മണ്ഡലത്തിൽ മൽസരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അരിതാ ബാബുവിന്റെ പശുവളർത്തലിനെ പറ്റി സോഫ്റ്റ് സ്റ്റോറി ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തക ലക്ഷ്മി പത്മയ്ക്ക് നേരെ സിപിഎം അണികൾ സൈബർ അറ്റാക്ക് നടത്തിയത് ഈയിടെയാണ്. ഒരു വാർത്തയുടെ പേരിൽ ലക്ഷ്മിപത്മയ്‌ക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള തെറിവിളികളാണ് ഫെയ്‌സ് ബുക്കിൽ സിപിഎമ്മുകാർ നടത്തിയത്. അരിതാ ബാബുവിനെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കുന്നതിന് വേണ്ടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇത്തരം വാർത്തകൾ നൽകിയതെന്നാണ് അവരുടെ വാദം. എന്നാൽ ഇപ്പോൾ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ്‌കെ സജീഷിനെ ഉൾപ്പെടുത്തി മാതൃഭൂമിയുടെ സീനിയർ ന്യൂസ് റിപ്പോർട്ടർ കെ. മധു തയ്യാറാക്കിയ റിപ്പോർട്ട് സഖാക്കൾക്ക് തന്നെ ബൂമറാങ്ങ് ആയി മാറിയിരിക്കുകയാണ്.

ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷി റിപ്പോർട്ട് ചെയ്യാൻ റിപ്പോർട്ടർ വരുമ്പോൾ വളരെ അപ്രതീക്ഷിതമായി അവിടെ വച്ച് പ്രവർത്തകർക്കിടയിൽ നെല്ല് കൊയ്തുകൊണ്ടിരിക്കുന്ന എസ്‌കെ സജീഷിനെ കാണുകയും മണ്ണും മനുഷ്യനുമായുള്ള രാഷ്ട്രീയത്തിന്റെ ജൈവബന്ധത്തെ പറ്റി സജീഷ് വാചാലനാകുന്നതുമായിരുന്നു റിപ്പോർട്ടിന്റെ സാരാംശം. എന്നാൽ സജീഷിനെ കണ്ട് റിപ്പോർട്ടർ അടുത്തെത്തുമ്പോൾ തന്നെ സജീഷിന്റെ ഷർട്ടിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ലേപ്പലും (മൈക്ക്) അതിന്റെ കേബിളും ട്രോളന്മാർ കണ്ടെത്തി. റിപ്പോർട്ട് തന്നെ സ്‌ക്രിപ്റ്റഡ് ആയിരുന്നുവെന്നും ചാനൽ ചർച്ചകളിലൂടെ ഇപ്പോൾ മലയാളികൾക്ക് പരിചിതനായ സജീഷിന്റെ മേക്ക് ഓവറായിരുന്നു റിപ്പോർട്ടിന്റെ ലക്ഷ്യമെന്നുമാണ് വിമർശനം.

ജനുവരി 15 നായിരുന്നു വീഡിയോ പ്രസിദ്ധീകരിച്ചതെങ്കിലും ഇന്നലെ മുതലാണ് അത് ട്രോളന്മാർ ഏറ്റെടുത്തത്. അതിന് ശേഷം കാട്ടുതീ പോലെ അത് പടർന്നുപിടിക്കുകയായിരുന്നു. ഇപ്പോൾ ട്രോളന്മാരുടെ ഭാഷയിൽ മാതൃഭൂമിയും സജീഷും എയറിലാണെന്ന് പറയാം. അരിതാ ബാബുവിന്റെ വീഡിയോയ്ക്ക് താഴെ ഒരു സിപിഎമ്മുകാരന്റെ ഇതുപോലുള്ള സ്‌റ്റോറി ചെയ്യാൻ നിങ്ങൾ തയ്യാറാകുമോ എന്നായിരുന്നു സിപിഎം അണികളുടെ ചോദ്യം. ഇങ്ങനെയായിരുന്നെങ്കിൽ ചെയ്യാതിരിക്കുന്നതായിരുന്നു ഭേദമെന്നാണ് അതേ ആൾക്കാർ ഇപ്പോൾ സജീഷിന്റെ വീഡിയോയ്ക്ക് കീഴിൽ വന്ന് പറയുന്നത്.

ഈ റിപ്പോർട്ടിനെ ട്രോളി നിരവധിപേർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകളും ഇട്ടിട്ടുണ്ട്.

ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ജീവിതത്തിലെ അപ്രതീക്ഷിത മുഹൂർത്തങ്ങൾ നേരിടാനുള്ള സുജേഷിന്റെ മുന്നൊരുക്കം പ്രശംസനീയം തന്നെ. അപ്രതീക്ഷിതമായി ഒരു ലേപ്പൽ മൈക്കും ഷർട്ടിൽ കുത്തിക്കൊണ്ട് അപ്രതീക്ഷിതമായി കണ്ടത്തിലേക്ക് ഇറങ്ങുക. അപ്രതീക്ഷിതമായി ക്യാമറയുമായി ഒരാൾ അവിടെ വരിക. അവർ അപ്രതീക്ഷിതമായി കണ്ടുമുട്ടുക. അതിലും അപ്രതീക്ഷിതമായി, സുജേഷ് രാവിലെ അപ്രതീക്ഷിതമായി ഷർട്ടിൽ കുത്തിയ ലേപ്പൽ മൈക്കിൽ നിന്നുള്ള ശബ്ദം അപ്രതീക്ഷിതമായി വന്ന വ്യക്തിയുടെ ക്യാമറയിൽ റെക്കോർഡ് ആകുക. എല്ലാം ഒരു മെക്‌സിക്കൻ അപാരത പോലെ തോന്നുന്നു.


എങ്കിലും സുജേഷിനെ തപ്പണമെങ്കിൽ തലേ രാത്രിയിലെ ചർച്ചകഴിഞ്ഞ് ഓടിയ കണ്ടത്തിൽ തപ്പണമെന്ന ബുദ്ധിക്ക് ആ ക്യാമറാമാന് ഒരു കുതിരപ്പവൻ.

രജിത് ലീലാ രവീന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഈ പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവർത്തകരാണ് പാടത്തു പണിയെടുക്കുന്നത്, പറഞ്ഞു കൊണ്ടിരിക്കുമ്പോളാണ് മാതൃഭൂമി ന്യൂസിലെ റിപ്പോർട്ടർ ആ കാഴ്ച കാണുന്നത്.'ഏയ് സജീഷല്ലേ ഇത്, നിങ്ങൾ ഇവിടെ ഉണ്ടാകുമെന്നു തീരെ പ്രതീക്ഷിച്ചില്ല, നിങ്ങൾ ടി വി യിൽ ചർച്ചയുമായി നടക്കുന്ന ആളാണെന്നല്ലേ ഞാൻ വിചാരിച്ചത്' റിപ്പോർട്ടറിന്റെ അതിശയം.സജീഷ് പാടത്തെ പണിയിൽ നിന്നു നിവർന്നു നിൽക്കുമ്പോൾ ഷർട്ടിൽ ഫിറ്റ് ചെയ്ത മൈക്ക് കാണാം.


സജീഷ് അവിടെയുണ്ടെന്ന് റിപ്പോർട്ടർക്ക് അറിയാതിരിക്കുകയും അപ്രതീക്ഷിതമായി സജീഷിനെ കാണുകയുമല്ല ചെയ്യുന്നതെന്ന് ഒന്നാലോചിച്ചാൽ മനസിലാകും. എന്നാൽ, മാധ്യമ റിപ്പോർട്ടിഗിൽ മുൻകൂട്ടി സംസാരിച്ചിട്ടില്ലാത്തത് പോലുള്ള ചോദ്യങ്ങളും, ഉത്തരങ്ങളും,ഒന്നുമറിയാത്ത പോലുള്ള അഭിനയങ്ങളുമൊക്കെ സാധാരണമാണെന്നു നേതാക്കൾക്കും,റിപ്പോർട്ടർമാർക്കുമറിയാം. വാർത്ത പൊലിപ്പിക്കാൻ ചിലപ്പോഴൊക്കെ ഇത് അത്യാവശ്യമാണ് താനും.


എന്നാൽ തിരുവാതിര ഇഷ്ടപ്പെടാതെ അതിനെതിരെ ഫേസ്‌ബുക് പോസ്റ്റിട്ട വനിതാ റിപ്പോർട്ടറാണ് നിങ്ങളെങ്കിൽ, രമ്യ ഹരിദാസോ, അരിത ബാബുവുമാണ് സജീഷിന് പകരം ഇങ്ങനെ കവർ ചെയ്യപ്പെടുന്നതെങ്കിൽ തീർച്ചയായും ഇതിലൊരു റിസ്‌ക്കുണ്ട്. 'ഖാപ് പഞ്ചായത്തിന്റെ' വിധി ജീവനോടെ കുഴിച്ചു മൂടാൻ അല്ലെന്നത് അവർ നിങ്ങൾക്ക് തരുന്ന വലിയൊരു ഔദാര്യമാണ്.

ശങ്കു ടി ദാസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഏയ്, ഇത് സജീഷ് അല്ലേ ഇത്? സജീഷേ.. അല്ല ഇങ്ങളെപ്പോളാ ടി.വിയിൽ നിന്ന് ഇറങ്ങി പോന്നത്?


അല്ല, അത് ഞാൻ പതിവായി ടി.വി ചർച്ച കഴിഞ്ഞാൽ ഈ കണ്ടം വഴിയാണല്ലോ വീട്ടിൽ പോവാറുള്ളത്.