സ്‌കൈ ബ്രിഡ്ജ് 721 അടുത്തമാസം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയാണ്. 2,635 അടി (721 മീറ്റർ) നീളമുള്ള ഈ തൂക്കുപാലം ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ തൂക്കുപാലമാണ്. അതിന്റെ മീറ്ററിലുള്ള നീളത്തെ പ്രതിപാദിച്ചുകൊണ്ടാണ് സ്‌കൈ ബ്രിഡ്ജ് 721 എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിലെ ഈസ്റ്റ് ബൊഹേമിയ ഡോൾനി മൊറാവ റിസോർട്ടിലാണ് ഇത് ഉള്ളത്. ജെസെനികി പർവ്വത നിരകൾക്കിടയിൽ 311 അടി (95 മീറ്റർ) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വീതിയാണെങ്കിൽ വെറും 3.5 അടി (1.2 മീറ്റർ) മാത്രവും.

മനസ്സിൽ ഭയം ഇല്ലാത്തവർക്ക്, സാഹസികത ഏറെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും നല്ലൊരു അനുഭവമായിരിക്കും ഈ തൂക്കുപാലത്തിലൂടെ ആടിയുലഞ്ഞുള്ള ഒരു യാത്ര. ഏകദേശം മുക്കാൽ കിലോമീറ്ററിനടുത്താണ് ഇതിലൂടെ പ്രകൃതിയുടെ താരാട്ട് കേട്ട് തൊട്ടിലാട്ടം അനുഭവിച്ചുകൊണ്ട് യാത്ര ചെയ്യാൻ കഴിയുക.

പോർച്ചുഗലിലെ 516 അറോക്ക ബ്രിഡ്ജിന്റെ റെക്കോർഡാണ് നീളത്തിന്റെ കാര്യത്തിൽ ഈ തൂക്കുപാലം തകർക്കുന്നത്. അറോക്ക പാലത്തിനും അതിന്റെ നീളത്തെ സൂചിപ്പിക്കുന്ന (516 മീറ്റർ) പേരാണ് നൽകിയിരിക്കുന്നത്.

പ്രകൃതിരമണീയമായ ക്രാലിക്കി സ്നെസിക് മലനിരകളാണ് ഈ പാലത്തിനു ചുറ്റുമുള്ളത്. പ്രേഗിൽ നിന്നും 200 കിലോമീറ്റർ കിഴക്കുമാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്ത് മറ്റൊരിടത്തും ദൃശ്യമല്ലാത്ത പ്രകൃതിഭംഗൈ ആസ്വദിച്ചുകൊണ്ട് കാറ്റിനൊപ്പം താളം വെച്ചുള്ള യാത്ര തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരിക്കും എന്നതിൽ സംശയമില്ല. പ്രശസ്തമായ സ്‌കൈ വാക്കിൽ നിന്നും അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ഇത്മിൻസ്‌കി താഴ്‌വരയിലെ മറ്റൊരു കൗതുകമായി മാറുകയാണ്. ഇതിൽ കയറുന്നവർ സമുദ്രനിരപ്പിൽ നിന്നും 1125 മീറ്റർ ഉയരത്തിലായിരിക്കും എത്തുക. അതിന്റെ മറ്റെ അറ്റമാകട്ടെ സമുദ്രനിരപ്പിൽ നിന്നും 1135 മീറ്റർ ഉയരത്തിലും.

ഈ തൂക്കുപാലം വഴി താഴ്‌വര മറികടന്ന് മറുഭാഗത്തെത്തിയാൽ സന്ദർശകർക്ക് പ്രകൃതിഭംഗി ആവോളം ആസ്വദിക്കുവാനുള്ള സൗകര്യമുണ്ട്ൽ അതുപോലെ പ്രദേശത്തിന്റെ ചരിത്രവും മനസ്സിലാക്കാം. ഏകദേശം 2 കിലോമീറ്റർ ദൂരം വരുന്ന ബ്രിഡ്ജ് ഓഫ് ടൈം എന്ന ഒരു പുതിയ പദ്ധതിയാണ് ഇതിനായി തയ്യാറാക്കുന്നത്. പാരിസ്ഥിത്തികവും അതുപോലെ പ്രദേശത്തിന്റെ ചരിത്രവും ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ വിനോദ പരിപാടിയായ ഇത് തയ്യാറാക്കിയിരിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്.