തിരുവനന്തപുരം: കായലുകളേയു കടലിനേയും വിമാനത്താവളമാക്കി വിനോദ സഞ്ചാര രംഗത്ത് കുതിച്ച് ചാട്ടത്തിനായിരുന്നു സ്‌കൈ പ്ലൈയിൻ പദ്ധതി. ഒന്നും അലോചിക്കാതെ പ്രഖ്യാപനവും നടത്തി. ഉദ്ഘാടനവും കെങ്കേമം. എന്നാൽ രണ്ടു വർഷം മുമ്പ് അഷ്ടമുടികായലിൽ മത്സ്യ തൊഴിലാളികൾ എതിർപ്പുയർത്തിയപ്പോഴാണ് പ്രശ്‌നങ്ങൾ സർക്കാർ തിരിച്ചറിഞ്ഞത്. ഇതോടെ പദ്ധതി കടലാസിലായി. എന്തുവന്നാലും നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി എ പി അനിൽ കുമാറും പ്രഖ്യാപിച്ചു. ഇത്തവണ ഓണത്തിന് പറക്കുമെന്നും പറഞ്ഞു. എന്നാൽ ഒന്നും നടക്കാത്ത അവസ്ഥയാണുള്ളത്.

ഓണത്തോടനുബന്ധിച്ച് തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ജലവിമാന സർവീസ് വീണ്ടും വൈകിയേകുമെന്ന് ഉറപ്പായി. ദിവസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി വിമാനം പറത്താൻ സർക്കാരിന് കഴിയില്ല. പദ്ധതിക്കായി നാല് കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആരുമായും അന്തിമ കരാറുണ്ടാക്കാനായിട്ടില്ല. വിമാനം അടക്കമുള്ള സൗകര്യങ്ങളുമായി കമ്പനികൾ എത്തിയാൽ അനുബന്ധ സൗര്യങ്ങൾ നൽകി പദ്ധതിക്ക് തുടക്കം കുറിക്കാൻ സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് സജ്ജമാണ്. താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള കമ്പനികളുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുമുണ്ട്.

മെഹെയർ, വിങ്‌സ് ഏവിയേഷൻ, സീബേർഡ്, കൈരളി ഏവീയേഷൻ എന്നീ കമ്പനികളാണ് പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. രണ്ട് വർഷം മുമ്പ് പദ്ധതി ആരംഭിച്ചപ്പോൾ അഷ്ടമുടിക്കായലിൽ ആദ്യ വിമാനം ഇറക്കിയത് കൈരളി ഏവിയേഷനായിരുന്നു. പ്രാദേശിക എതിർപ്പുകൾ കാരണം വാണിജ്യാടിസ്ഥാനത്തിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരുമായുള്ള ധാരണ ഉണ്ടാക്കിയ ശേഷമാണ് പദ്ധതി പുനരാരംഭിക്കുന്നത്. വീണ്ടും വിമാനമിറക്കി മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്താനും പ്രതികൂലമായി ബാധിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഉറപ്പാക്കാനും സർക്കാർ തയ്യാറായിട്ടുണ്ട്. എന്നാലും ആശങ്കകൾ ദൂരികരിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ വൈകൽ.

അഷ്ടമുടി, വേമ്പനാട് കായലുകൾ കേന്ദ്രീകരിച്ച് കൊല്ലം, ആലപ്പുഴ, കൊച്ചി റൂട്ടിലാവും വിമാനം ആദ്യഘട്ടത്തിൽ ഓടിക്കുക. നെടുമ്പാശ്ശേരി വിമാനത്താവളവുമായും ഇതിനെ ബന്ധിപ്പിക്കും. മൂന്നാർ അടക്കം വിനോദ സഞ്ചാര പ്രാധാന്യമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് രണ്ടാം ഘട്ടത്തിൽ വിമാന സർവീസ് വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. ഒമ്പത് സീറ്റുള്ള വിമാനത്തിന് ഉപാധികൾക്ക് വിധേയമായി നാല് സീറ്റ് ഉറപ്പുനൽകുന്നതടക്കമുള്ള ആനുകൂല്യങ്ങളാണ് തുടക്കത്തിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

ദിവസവും നടത്തുന്ന നാല് സർവീസിന് ഈ നാല് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ അതിന്റെ ടിക്കറ്റ് നിരക്ക് സർക്കാർ നൽകും. എന്നിട്ടു പോലും ആരും പൂർണ്ണ മനസ്സോടെ സ്‌കൈ പ്ലെയിൻ ഏറ്റെടുക്കാൻ എത്തുന്നില്ലെന്നതാണ് വസ്തുത.