ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. തിരുവനന്തപുരം എംപിയോട് തന്റെ യാത്ര പരിപാടിയും മറ്റ് നീക്കങ്ങളും കൃത്യമായി അറിയിക്കണമെന്നും ഡൽഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശശി തരൂർ കൈമാറിയ ഇമെയിലുകളും, മറ്റ് സന്ദേശങ്ങളും ഡൽഹി പൊലീസ് സൂക്ഷ്മമായി പരിശോധിക്കുകയാണ്. ഇത് പൂർത്തിയാകുമ്പോഴും മൊഴികളിലെ വൈരുദ്ധ്യം നിലനിന്നാൽ തരൂരിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യും. എവിടെയാണോ തരൂർ ഉള്ളത് അവിടെ എത്തി അറസ്റ്റ് ചെയ്യാനാണ് പദ്ധതിയെന്നാണ് സൂചന. അതിനാലാണ് യാത്രാ വിവരങ്ങൾ ഡൽഹി പൊലീസിനെ അറിയിക്കണമെന്ന് നിർദ്ദേശമുള്ളത്. വിദേശ യാത്രയ്ക്ക് അനുമതി നൽകണമോ എന്നതും പൊലീസ് ആലോചിക്കുന്നുണ്ട്.

വീണ്ടും തരൂരിനെ ചോദ്യം ചെയ്യാനും പദ്ധതിയുണ്ട്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട തരൂർ ഡൽഹിയിൽ മടങ്ങിയെത്തിയശേഷമാകും വീണ്ടും ചോദ്യം ചെയ്യുക. കഴിഞ്ഞ ജനുവരി 19നും ഇക്കഴിഞ്ഞ വ്യാഴാഴ്ചയും തരൂരിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇന്നലെയും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരായിരുന്നു. തന്റെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കുകൾ, ഫോൺ ഇ മെയിൽ വിവരങ്ങളടക്കം ശശി തരൂർ അന്വേഷണസംഘത്തിന് ഇന്നലെ കൈമാറിയിട്ടുണ്ട്. കൊച്ചി ഐപിഎൽ ടീമുമായി ബന്ധപ്പെട്ട പണമിടപാടുകളിലേക്കാണ് കാര്യങ്ങളെത്തുന്നത്. കേന്ദ്ര സർക്കാരിന്റെ ആദായ നികുതി വകുപ്പും തരൂരിനെ ചോദ്യം ചെയ്തു കഴിഞ്ഞു.

കൊച്ചി ഐപിഎൽ ടീമിൽ വിയർപ്പ് ഓഹരിയായി സുനന്ദയ്ക്ക് കിട്ടിയ തുക എങ്ങനെ കിട്ടിയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കൊച്ചി ടീമുമായി സുനന്ദയ്ക്കുള്ള ബന്ധം. തരൂരിന്റെ അവഹിത സ്വത്ത് സമ്പാദനം തുടങ്ങിയവയെല്ലാം പരിശോധിക്കുന്നു. സുനന്ദയ്ക്ക് 93 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു. 2002നും 2010നും ഇടയിലാണ് സമ്പാദ്യത്തിൽ വളർച്ചയുണ്ടായത്. ഇതിന് പിന്നിലെ കാരണവും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നു. കൊച്ചി ടസ്‌കേഴ്‌സിന്റെ ദുബായ് ഇടപാടും സംശയത്തിലാണ്. ഐപിഎൽ ഇടപാടുകളിൽ താൻ ബിനാമിയായിരുന്നുവെന്നും ചിലത് വെളിപ്പെടുത്തിയാൽ എല്ലാവരുടേയും കഥ കഴിയുമെന്നും മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സുനന്ദ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് തരൂരിന് കഴിഞ്ഞുമില്ല. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണത്തിൽ തരൂർ സംശയ നിഴലിൽ ആകുന്നത്.

ചോദ്യം ചെയ്യലിൽ തരൂർ പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. തരൂരിന്റെയും സഹായികളുടേയും മൊഴികളിലും വൈരുദ്ധ്യമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻവേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. അതിലും അവ്യക്തത നിഴലിച്ചാൽ അറസ്റ്റ് ഉറപ്പാണ്. ചോദ്യം ചെയ്യലിനിടെ തന്നെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ പാർലമെന്റ് അംഗമായതിനാൽ മൊഴി വിശകലനം ചെയ്ത് പഴുതുകൾ അടയ്ക്കാനാണ് നീക്കം. അതുകൊണ്ടാണ് യാത്രാ വിവരങ്ങൾ അറിയിക്കാനുള്ള പൊലീസിന്റെ നിർദ്ദേശം.

ഐ.പി.എൽ വിവാദത്തിലേക്ക് അന്വേഷണം വ്യാപിക്കുന്നതിന്റെ ഭാഗമായി ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൊച്ചി ഐ.പി.എൽ ടീമിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ടീമിന്റെ ഉടമസ്ഥർ, സ്‌പോൺസർമാർ, ടീം നടത്തിയ ഇടപാടുകൾ തുടങ്ങിയവയെല്ലാം അന്വേഷിക്കും. ഇതിന്റെ ഭാഗമായി പൊലീസ് സംഘം മുംബയിലേക്ക് എത്തിയെന്നും റിപ്പോർട്ടുണ്ട്. കൊച്ചി ടീമിന്റെ ഉടമയായിരുന്ന റെൻഡേവൂ സ്പോർട്സ് വേൾഡിന്റെ ഭാരവാഹികളെയും ചോദ്യം ചെയ്യും. സുനന്ദ പുഷ്‌കറിന് വാഗ്ദാനം നൽകിയ 75 കോടിയുടെ വിയർപ്പിന്റെ ഓഹരിയെക്കുറിച്ചും ചോദിച്ചറിയും.

കേന്ദ്രമന്ത്രിയെന്ന നിലയിൽ തരൂർ പദവി ദുരുപയോഗം ചെയ്‌തെന്ന് ആരോപണം ശക്തമായി. തുടർന്ന് തരൂർ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. വിയർപ്പ് ഓഹരി സുനന്ദ വേണ്ടെന്നുവയ്ക്കുകയും ചെയ്തിരുന്നു. ഐ.പി.എൽ വിവാദമായി ബന്ധപ്പെട്ട വിശദ അന്വേഷണത്തിലേക്കാണ് സുനന്ദാക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നീങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്.