ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കയുടെ സ്ലോവാനി സ്റ്റീഫൻസിന്. ഫൈനൽ പോരാട്ടത്തിൽ അമേരിക്കയുടെ തന്നെ മാഡിസൺ കീസിനെ പരാജയപ്പെടുത്തിയത്.

സീഡില്ലാതെ എത്തിയ സ്ലോവാനി സ്റ്റീഫൻസിന്റെ ആദ്യ ഗ്രാൻസ്ലാം കിരീടമാണ്. ഒരു മണിക്കൂർ മാത്രം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സ്റ്റീഫൻസ് ആദ്യ ഗ്രാന്റ്സ്ലാം കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്‌കോർ: 6-3, 6-0.2002ൽ സെറീന വില്യംസും വീനസ് വില്യംസും ഫൈനൽ പോരാട്ടത്തിനുശേഷം ഇതാദ്യമായാണ് അമേരിക്കക്കാർ യുഎസ് ഓപ്പൺ ഫൈനലിൽ ഏറ്റുമുട്ടിയത്. സ്റ്റീഫൻസിന്റെയും കീസിന്റെയും ആദ്യ ഗ്രാൻസ്ലാം ഫൈനലായിരുന്നു ഇത്. ഇതുൾപ്പെടെ ഏറെ പ്രത്യേകതകൾ ഈ ഫൈനലിനുണ്ടായിരുന്നു.

സീഡില്ലാതെ ഗ്രാൻസ്ലാം കിരീടം നേടുന്ന അഞ്ചാമത്തെ വനിതാ താരമാണ് സ്റ്റീഫൻ.
ഇതിന് മുമ്പ് 2009 ൽ കിം ക്ലൈസ്റ്റേഴ്‌സാണ് സീഡ് ചെയ്യപ്പെടാതെ എത്തി കിരീടവുമായി മടങ്ങിയത്. വിരമിച്ച ശേഷം തിരിച്ചുവന്നാണ് ക്ലൈസ്റ്റേഴ്‌സ് അന്ന് കിരീടം നേടിയത്. ഇടതു കാൽപ്പാദത്തിനേറ്റ പരിക്കിനെത്തുടർന്ന് 11 മാസം ടെന്നീസിൽനിന്നു വിട്ടുനിന്ന സ്റ്റീഫൻസ് ജൂലൈയിലാണ് കളിയിലേക്കു തിരിച്ചെത്തിയത്. സീഡ് ചെയ്യപ്പെടാത്ത സ്റ്റീഫൻസ് സെമി ഫൈനലിൽ ഏഴു ഗ്രാൻസ്ലാം നേടിയ വീനസ് വില്യംസിനെ തോൽപ്പിച്ചാണ് ഫൈനലിലേക്ക് കുതിച്ചത്.