- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മാർട് സിറ്റിയിൽ ലക്ഷ്യം ഭൂമി കച്ചവടം; ആർക്കിടെക്ടറൽ കോളജിനു വരെ ഭൂമി കൊടുക്കാൻ തയാറായി ടീകോം; എതിർത്ത സിഇഒ പുറത്ത്; തന്നെ പുറത്താക്കിയതല്ല രാജിവച്ചതെന്നു ജിജോ ജോസഫ്
കൊച്ചി: സ്മാർട് സിറ്റി പദ്ധതിയുടെ മറവിൽ വൻഭൂമി കച്ചവടത്തിനു നീക്കം നടക്കുന്നുവെന്ന ആക്ഷേപം ശരിവച്ച് സിഇഒ ജിജോ ജോസഫിന്റെ പുറത്താകൽ. സ്മാർട് സിറ്റിക്കു ബീജാവാപം നടന്ന കാലം മുതൽക്കേയുള്ള ആക്ഷേപമാണ് ദുബായ് ആസ്ഥാനമായ ടീകോം കമ്പനിയുടെ പ്രധാനലക്ഷ്യം റിയൽ എസ്‌റ്റേറ്റ് ബിസിനസാണെന്ന്. ഈ ആക്ഷേപം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പ
കൊച്ചി: സ്മാർട് സിറ്റി പദ്ധതിയുടെ മറവിൽ വൻഭൂമി കച്ചവടത്തിനു നീക്കം നടക്കുന്നുവെന്ന ആക്ഷേപം ശരിവച്ച് സിഇഒ ജിജോ ജോസഫിന്റെ പുറത്താകൽ. സ്മാർട് സിറ്റിക്കു ബീജാവാപം നടന്ന കാലം മുതൽക്കേയുള്ള ആക്ഷേപമാണ് ദുബായ് ആസ്ഥാനമായ ടീകോം കമ്പനിയുടെ പ്രധാനലക്ഷ്യം റിയൽ എസ്‌റ്റേറ്റ് ബിസിനസാണെന്ന്. ഈ ആക്ഷേപം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
ഐടിയും ഐടി അധിഷ്ഠിതവ്യവസായവും ലക്ഷ്യം വയ്ക്കുന്ന സ്മാർട് സിറ്റിയിൽ എങ്ങനെയും ഭൂമികച്ചവടം മാത്രം നടക്കണമെന്നാണു ടീകോമിന്റെ ലക്ഷ്യമെന്നറിയുന്നു. ഐടി പാർക്കിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ടീകോമിന്റെ താൽപര്യത്തിനു വഴങ്ങാതിരുന്നതാണ് ജിജോ ജോസഫിനെ പുകച്ചു പുറത്തുചാടിക്കാൻ കാരണമായതെന്ന് മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായി.
ഇൻഫോപാർക്കിന്റെ മുൻ ചുമതലക്കാരനായ ജിജോ സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് പുതിയ പദ്ധതിയായ സ്മാർട് സിറ്റിയുടേയും ചുമതല ഏറ്റെടുത്തത്. കെട്ടിട നിർമ്മാണത്തിനു പുറമേ നിർദ്ദിഷ്ട ഭൂമിയിൽ വരുന്ന റോഡുകളും പാലങ്ങളും ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനം പൂർണമായും നടന്നിരുന്നത് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. കഴിഞ്ഞ ഇടതുസർക്കാർ ഉണ്ടാക്കിയ കരാറിൽ ഇപ്പോഴും തൃപ്തരല്ലാത്ത ടീകോം സ്മാർട്ട് സിറ്റിയിലെ ഒരു ഉന്നതനുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ നടത്തിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയതും ജിജോയെ അവരുടെ കണ്ണിലെ കരടാക്കി മാറ്റിയെന്നാണ് വിലയിരുത്തുന്നത്.
ഐടി അധിഷ്ഠിത വ്യവസായങ്ങൾ മാത്രമേ സ്മാർട്ട് സിറ്റിയിൽ പാടുള്ളൂ എന്നിരിക്കേ കരാറിന് വിരുദ്ധമായി ആർകിടെക്ടറൽ കോളേജിനുൾപ്പെടെ പദ്ധതി പ്രദേശം വിൽക്കാൻ ടീകോമും സർക്കാരിലെ ചിലരും നടത്തിയ ശ്രമങ്ങളെ തടയിടാൻ ശ്രമിച്ചതും ജിജോയുടെ പുറത്താകലിന് ആക്കം കൂട്ടിയെന്നു വേണം കരുതാൻ.
ആർകിടെക്ടറൽ കോളേജ് പദ്ധതി ഇപ്പോഴും അവരുടെ പരിഗണനയിൽ തന്നെയാണെന്നാണ് സൂചന. സ്മാർട്ട് സിറ്റി എം ഡി ബാജു ജോർജുമായി ഈ വിഷയത്തിൽ കടുത്ത ഭിന്നത നിലനിന്നിരുന്നതായാണ് അവിടത്തെ ഉദ്യോഗസ്ഥരിൽനിന്നു തന്നെ ലഭിക്കുന്ന വിവരം. ആവശ്യക്കാരുണ്ടെങ്കിൽ ഫുട്‌ബോൾ സ്‌റ്റേഡിയത്തിനു വരെ സ്മാർട്‌സിറ്റിയിൽ അവസരം നല്കാമെന്ന നിലപാടാണു ടീകോമിനെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിലവിലെ കരാർ വ്യവസ്ഥ താൽക്കാലികമായി പരിഷ്‌കരിക്കാനായി ടീകോം ചില ഇടനിലക്കാരുമായി ചേർന്നു ശ്രമിച്ചിരുന്നതായും ആക്ഷേപമുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയിൽ തന്നെ ടീകോമിന് കാര്യമായ താൽപര്യമൊന്നും ഇപ്പോൾ ഇല്ലെന്നും പറയപ്പെടുന്നു. ആര് എന്തു പദ്ധതിയുമായി വന്നാലും അനുമതി നൽകാമെന്ന നിലയിലേക്ക് കമ്പനി നിലപാട് മാറ്റിയതിനു പിന്നിലും കരാർ വ്യവസ്ഥയോടുള്ള അവരുടെ അതൃപ്തി തന്നെയാണെന്നാണ് സൂചന.
അതേസമയം തന്നെ പുറത്താക്കിയതാണെന്ന വാർത്ത തെറ്റാണെന്ന് സ്മാർട് സിറ്റി മുൻ സിഇഒ ജിജോ ജോസഫ് പ്രതികരിച്ചു. കഴിഞ്ഞ 23നു തന്നെ രാജിക്കത്ത് താൻ എംഡിക്ക് നൽകിയിരുന്നു. തൊട്ടടുത്ത ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗം രാജി ഇപ്പോൾ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ജൂലൈ മാസത്തിൽ ഉദ്ഘാടനത്തിനു ശേഷം മാത്രമേ പോകാവൂ എന്നാണ് സർക്കാർ നിർദ്ദേശിച്ചത്. ഇപ്പോൾ പുറത്താക്കിയെന്ന തരത്തിൽ വാർത്തകൾ പുറത്തു വിട്ടത് ആരുടെ താൽപര്യത്തിലാണെന്ന് തനിക്കറിയില്ലെന്നും ജിജോ ജോസഫ് മറുനാടനോട് പറഞ്ഞു. തികച്ചും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിവച്ചതെന്നും അതെന്താണെന്ന് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ജിജോ പറഞ്ഞു.
എന്നാൽ സിഇഒ എന്ന നിലയിൽ ജിജോയുടെ പ്രവർത്തനത്തിൽ അപാകത കണ്ടതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് എതിർചേരിയുടെ ആക്ഷേപം. എന്നാൽ തന്റെ പ്രവർത്തനം ആർക്കും പരിശോധിക്കാമെന്നാണ് ഇക്കാര്യത്തിലുള്ള ജിജോയുടെ മറുപടി. ഒക്ടോബർ വരെയായിരുന്നു പദ്ധതി പൂർത്തീകരിക്കാൻ മുൻപ് തന്ന സമയം. എന്നാൽ പിന്നീട് അത് ജൂലൈയിലേക്ക് മാറ്റി. പദ്ധതിയുടെ ഉദ്ഘാടനത്തിന് ആവശ്യമായ എല്ലാ സൗകര്യവും താനുൾപ്പെടെയുള്ള ടീം അവിടെ പൂർത്തീകരിച്ചു കഴിഞ്ഞതായും ജിജോ അവകാശപ്പെട്ടു. 24 മാസം കൊണ്ടു ആറരലക്ഷം ചതുരശ്രയടി കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിക്കഴിഞ്ഞു. വെറും 15 ദിവസം കൊണ്ടു ഉദ്ഘാടനം ചെയ്യാമെന്ന അവസ്ഥയിലാണ് സ്മാർട് സിറ്റിയിപ്പോൾ. തന്നെ ഏല്പിച്ച ജോലികൾ ഭൂരിഭാഗവും ചെയ്തു തീർക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ടെന്നും ജിജോ ജോസഫ് കൂട്ടിച്ചേർത്തു.
സിഇഒ യുടെ പുറത്താകലും തുടർന്നുണ്ടായ വിവാദങ്ങളും വരും ദിവസങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചേക്കുമെന്നാണ് പറയപ്പെടുന്നത്.