ഇടുക്കി: മണി ചെയിൻ മാതൃകയിലുള്ള തട്ടിപ്പ് സംഘങ്ങൾ ഇടുക്കിയിലും പിടിമുറുക്കുന്നു. തോട്ടം തൊഴിലാളികളേയും കർഷകരെയുമാണ് ഇപ്പോൾ പ്രധാനമായും വലയിലാക്കിക്കൊണ്ടിരിക്കുന്നത്. 12,000 രൂപ മുടക്കി അംഗമാകുന്നവർക്ക് വിവിധ രോഗങ്ങൾക്കുള്ള മരുന്നുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും നൽകിയാണ് തട്ടിപ്പ്.

12,000 രൂപ മുടക്കിയാൽ മാസം തോറും ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വാഗ്ദാനം നൽകിയാണ് മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പ് ഇടുക്കിയിലും നടക്കുന്നത്. സ്മാർട്ട് വേ എന്നപേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കേരളത്തിൽ പാലക്കാട് ഓഫീസുണ്ടന്ന് ഇവർ പറയുന്നു. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലെ കട്ടപ്പന, വണ്ടിപ്പെരിയാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആളുകളെ ആകർഷിക്കാൻ ആഴ്ച തോറും ഇവരുടെ ക്ലാസ്സുകൾ നടക്കുന്നുണ്ട്.

താഴ്ന്ന വരുമാനക്കാരും കാര്യമായ വിദ്യാഭ്യാസമില്ലാത്തവരുമായ ആളുകളെയാണ് പ്രധാനമായും വലയിലാക്കുന്നത്. ഇവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ നാടകീയ രീതിയിലാണ് ടീം ലീഡർ പ്രത്യക്ഷപ്പെടുന്നതുപോലും. അനുഭവ സാക്ഷ്യം പറഞ്ഞ് ആളുകളെ കയ്യിലെടുക്കാൻ പുറകെ നിരവധി പേരെത്തും. 12,000 രൂപ അടച്ച് അംഗമായാൽ വിവിധ രോഗങ്ങൾക്കുള്ള മരുന്നുകളോ സൗന്ദര്യ വർദ്ധക വസ്തുക്കളോ വാച്ചോ ലഭിക്കും.

പലവിധ രോഗങ്ങൾ ശമിപ്പിക്കാൻ കഴിയുന്നവയാണ് മരുന്നുകളെന്നാണ് അവകാശവാദം. പിന്നീട് രണ്ടു പേരെ വീതം ചേർത്തു കഴിഞ്ഞാൽ ലക്ഷങ്ങൾ വന്നു തുടങ്ങുമെന്നും വാഗ്ദാനം. നിരോധിച്ച മൾട്ടി ലെവൽ മാർക്കറ്റിങ് സംവിധാനത്തിലാണിത് പ്രവർത്തിക്കുന്നത്. എന്നാൽ ആ പേരു പറയുന്നില്ലെന്നു മാത്രം. ഇത്തരക്കാരെ നിയന്ത്രിച്ചില്ലെങ്കിൽ പാവപ്പെട്ടവർ ഉണ്ടാക്കുന്ന പണം മുഴുവനും ഇവർ തട്ടിയെടുക്കുമെന്നുള്ളതിന് സംശയമില്ല.

ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത്. ജനങ്ങളുടെ വിശ്വസ്തത നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരക്കാരെ ഉപയോഗിക്കുന്നതെന്നും ആക്ഷേപം ഉയരുന്നു. പീഡനക്കേസിൽനിന്ന് പ്രതിയെ രക്ഷിക്കാൻ 21 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ സസ്‌പെൻഷനിലായ പൊലീസുകാരന്റെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്.