തൃപ്പൂണിത്തുറ: ഒരു എസ്എംഎസ് സന്ദേശം ഒരു ജീവനെടുത്തു, രണ്ട് പേർ ജീവനോട് മല്ലിട്ട് ഗുരുതരാവസ്ഥയിലും. തൃത്തൂണിത്തുറയിലാണ് ഭാര്യയുടെ മൊബൈൽ ഫോണിൽ വന്ന എസ്എംഎസ് സന്ദേശത്തം മൂലം ഒരു കുടുംബം മുഴുവൻ തകർന്നത്. ഭാര്യയുടെ ഫോണിൽ കാമുകന്റെ സന്ദേശങ്ങൾ കണ്ടതിനെത്തുടർന്നുണ്ടായ കുടുംബ വഴക്ക് മൂർച്ഛിക്കുകയും ചെയ്തതോടെ ഭർത്താവ് ആക്രമണകാരിയായതോടെയാണ് ഒരാൾ മരിച്ചതും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതും.

എസ്എംഎസിനെ തടുർന്നുണ്ടായ വിവാഹമോചനക്കേസിൽ എത്തിയതിന്റെ വൈരാഗ്യത്തിൽ യുവാവ് ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തി. ആക്രമണത്തിൽ സാരമായി പരുക്കേറ്റ ഭാര്യയെയും കാമുകനെന്നു സംശയിക്കുന്ന യുവാവിനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി കുറ്റസമ്മതം നടത്തി. തൃപ്പൂണിത്തുറ എസ്എൻ ജംക്ഷൻ റിഫൈനറി റോഡിൽ ഇന്നലെ രാവിലെ 11 മണിയോടെയാണു കൊലപാതകം നടന്നത്. കൊച്ചി പൊന്നുരുന്നി ഗാലക്‌സി ലൈനിൽ വാടകയ്ക്കു താമസിക്കുന്ന റിട്ട. നേവൽബേസ് ഉദ്യോഗസ്ഥൻ തൊടുപുഴ കാളിയാർ വണ്ണപ്പുറം കുരുവിക്കടയിൽ ജോണി (68) ആണു മരിച്ചത്. ജോണിയുടെ മകൾ അനില (29), തൈക്കൂടം പ്രിജിഭവനിൽ ഷിജു (40) എന്നിവരാണു ചികിൽസയിൽ കഴിയുന്നത്.

അനിലയുടെ ഭർത്താവ് തൃപ്പൂണിത്തുറ തെക്കുംഭാഗം തൈനോടിയിൽ പ്രിജി(34)യാണു തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കേസിൽ പൊലീസിനു ലഭിച്ച വിവരം ഇങ്ങനെ: രണ്ടു സമുദായക്കാരായ പ്രിജിയും അനിലയും പ്രണയിച്ച് ഏഴുവർഷം മുൻപ് വിവാഹിതരായി. ഇവർക്ക് ആറുവയസുള്ള ആൺകുട്ടിയുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അനിലയുടെ മൊബൈൽ ഫോൺ ഒരു ദിവസം വീട്ടിൽ മറന്നുവച്ചു. ഫോൺ കാണാൻ ഇടയായ പ്രിജി അതിൽ ഷിജു അയച്ച സന്ദേശങ്ങൾ കണ്ടതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കവും വഴക്കുമുണ്ടായപ്പോൾ പ്രിജിക്കു സംശയരോഗം ആരോപിച്ച് അനില പൊന്നുരുന്നിയിലെ മാതാപിതാക്കളുടെ വീട്ടിലേക്കു താമസം മാറ്റി. അനിലയുടെ പിതാവുമായി സംസാരിച്ച് അനിലയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ പ്രിജി പലതവണ ശ്രമം നടത്തി പരാജയപ്പെട്ടു.

പ്രിജിയുമായുള്ള ബന്ധം തുടരാൻ അനിലയും മാതാപിതാക്കളും താൽപര്യപ്പെട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനു തൃപ്പൂണിത്തുറ എസ്എൻ ജംക്ഷൻ റിഫൈനറി റോഡിൽ ഷിജു കെട്ടിട നിർമ്മാണ ഉപകരണങ്ങൾ വാടകയ്ക്കു നൽകുന്ന സ്ഥാപനം തുടങ്ങി അനിലയ്ക്ക് അവിടെ ജോലി നൽകി. അനിലയ്ക്കു താമസിക്കാൻ സമീപത്തെ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്തു നൽകിയതും ഷിജുവാണ്. നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന പ്രിജി അപ്രതീക്ഷിതമായി അനിലയെ കണ്ടപ്പോൾ രഹസ്യമായി പിൻതുടർന്നാണു കടയും ഫ്‌ലാറ്റും കണ്ടെത്തിയത്. മകനെ കാണണമെന്നാവശ്യപ്പെട്ടു പ്രിജി സമീപിച്ചെങ്കിലും കുട്ടിയെ കാണിക്കാനോ ബന്ധം തുടരാനോ അനിലയും കുടുംബവും താൽപ്പര്യം കാണിച്ചില്ല.

ഇതിനിടെ അനില വിവാഹമോചനത്തിനു കുടുംബക്കോടതിയിൽ കേസ് ഫയൽ ചെയ്യ്യുകയും ഉണ്ടായി. ഗൾഫിൽ ജോലി തരപ്പെട്ടതിനാൽ കേസ് ഒഴിവാക്കണമെന്നും മനസു മാറിയില്ലെങ്കിൽ രണ്ടുവർഷം കഴിഞ്ഞു വിവാഹമോചനം ആവാമെന്നും പ്രിജി അറിയിച്ചു. കുട്ടിയെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇതിനിടെ പ്രിജി തൃപ്പൂണിത്തുറ പൊലീസിൽ പരാതി നൽകി. എസ്‌ഐ ഇരുവരെയും വിളിച്ച് ഉപദേശിച്ചുവിടുകയും ചെയ്തു. കുടുംബക്കോടതിയിലെ കേസിൽ കഴിഞ്ഞ ദിവസം വിചാരണ തുടങ്ങിയപ്പോൾ മകനെക്കൊണ്ടു പ്രിജിക്കെതിരെ അനില മൊഴി കൊടുപ്പിച്ചതാണു ആക്രമണത്തിനും കൊലയ്ക്കും പ്രകോപനമായതെന്നാണു പൊലീസിനു ലഭിച്ച സൂചന. ഇതിനിടയിൽ, പ്രിജി മകനെ കാണാനെത്തുന്നത് ചില യുവാക്കൾ തടഞ്ഞിരുന്നു. ഇവർ ഷിജു നിയോഗിച്ച ഗുണ്ടകളാണെന്നു പ്രിജി സംശയിച്ചു.

ഗൾഫ് ജോലി നഷ്ടപ്പെട്ടതിനു പുറമെ അനിലയും മകനും ഒരിക്കലും തിരിച്ചുവരില്ലെന്നും ഉറപ്പായതോടെയാണു പ്രിജി പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കറിക്കത്തിയുമായി കടയിലെത്തിയ പ്രിജി അകത്തുനിന്നു വാതിൽ അടച്ചശേഷം അനിലയെയും തടയാനെത്തിയ പിതാവു ജോണിയെയും കുത്തി. പിന്നീടു ബൈക്കിൽ എരൂർ പെരീക്കാട് ഭാഗത്തെത്തി ചോരപുരണ്ട വസ്ത്രങ്ങൾ ഉപേക്ഷിച്ച ശേഷം തൈക്കൂടത്തെ വീടിനു മുന്നിലെത്തി ഷിജുവിനെ വിളിച്ചിറക്കി കുത്തിവീഴ്‌ത്തി. ബൈക്കിൽ കടന്ന പ്രിജി ചമ്പക്കര കായലിലേക്കു കത്തി എറിഞ്ഞ ശേഷം തൃപ്പൂണിത്തുറ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.