- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി കനിഞ്ഞാൽ മകനെ ജനറൽ സെക്രട്ടറിയാക്കാനുള്ള വെള്ളാപ്പള്ളിയുടെ മോഹം നടക്കും; കേരള സർക്കാർ അനുവദിച്ചാൽ വീണ്ടും പ്രാതിനിധ്യ സ്വഭാവത്തിൽ യോഗത്തിൽ വോട്ടെടുപ്പ് നടത്താം; ഗോകുലം ഗോപാലനെ പിണക്കി വെള്ളാപ്പള്ളിയുടെ മോഹം മുഖ്യമന്ത്രി സഫലമാക്കുമോ? എസ് എൻ ഡി പിയിൽ തലവേദന സിപിഎമ്മിന്
കൊല്ലം: എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പിൽ 200 അംഗങ്ങളിൽ ഒരു പ്രതിനിധിക്കു വീതം വോട്ടവകാശം എന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയതോടെ പന്ത് സർക്കാരിന്റെ കോർട്ടിലേക്ക്. യോഗം തിരഞ്ഞെടുപ്പു വീണ്ടും നീളുമെന്ന് ഉറപ്പായിട്ടുണ്ട്. സിപിഎം എടുക്കുന്ന രാഷ്ട്രീയ തീരുമാനമാകും ഇനി നിർണ്ണായകം.
കോടതി ഉത്തരവിന്റെ ചുവടുപിടിച്ചു പ്രാതിനിധ്യ വോട്ടവകാശത്തിന് അനുമതി തേടി സംസ്ഥാന സർക്കാരിനെ എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി സമീപിച്ചേക്കും. ഇത് മാത്രമാണ് യോഗനേതൃത്വത്തിനു മുന്നിലുള്ള പോംവഴി. സർക്കാർ തീരുമാനം വരുംവരെ തിരഞ്ഞെടുപ്പു നടത്താനാവില്ല. വെള്ളാപ്പള്ളിയെ സർക്കാർ അനുകൂലിക്കുമോ എന്ന ചർച്ചയാണ് ഇതോടെ സജീവമാകുന്നത്.
5 വർഷം കൂടുമ്പോൾ നടക്കേണ്ട ഭാരവാഹി തിരഞ്ഞെടുപ്പ് 2020 ൽ നടത്തേണ്ടതായിരുന്നുവെങ്കിലും കോവിഡ് മൂലം നീണ്ടു. ഫെബ്രുവരി 5 നു നടത്താൻ തീരുമാനിച്ചെങ്കിലും ഇതിനിടെ കേസ് കോടതിയിലുമെത്തി. 31 ലക്ഷത്തിലേറെ അംഗങ്ങളുടെ പ്രതിനിധികളായി പതിനായിരത്തോളം വോട്ടർമാരെ പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പു നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. ഇതാണ് ഹൈക്കോടതി ഉത്തരവോടെ അസാധുവായത്.
കേന്ദ്ര കമ്പനീസ് ആക്ട് അനുസരിച്ചു രൂപീകൃതമായ എസ്എൻഡിപി യോഗം കേന്ദ്ര നിയമത്തിനു കീഴിലല്ല, സംസ്ഥാനത്തിനു ബാധകമായ 1962 ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ടിന്റെ പരിധിയിലാണ് ഉൾപ്പെടുകയെന്നും ഹൈക്കോടതി ഉത്തരവ് വ്യക്തത വരുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ തീരുമാനം നിർണ്ണായകമാകുന്നത്.
31 ലക്ഷത്തിലേറെ അംഗങ്ങളെ പങ്കെടുപ്പിച്ചു ജനറൽ ബോഡി വിളിച്ചു തിരഞ്ഞെടുപ്പു നടത്തുന്നതു പ്രായോഗികമാകില്ല. കേന്ദ്ര സർക്കാരിനെ സമീപിച്ചു പ്രാതിനിധ്യ വോട്ടവകാശം നേടിയെടുത്ത മാതൃകയിൽ സംസ്ഥാന സർക്കാരിനെ സമീപിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന്റെ തീരുമാനമാകും ഇനി നിർണായകം. കേസിൽ വെള്ളാപ്പള്ളി നടേശനാണ് ഒരു വശത്ത്. മറുഭാഗത്ത് ഗോകുലം ഗോപാലനും. അതുകൊണ്ട് തന്നെ തീരുമാനം എടുക്കൽ സർക്കാരിന് അത്ര എളുപ്പമാകില്ല.
വോട്ടെടുപ്പിനുള്ള നടപടി ക്രമങ്ങൾ എസ് എൻ ഡി പിയിൽ തുടങ്ങിയിരുന്നു. മുപ്പതോളം വോട്ടെടുപ്പു കേന്ദ്രങ്ങൾക്കു പുറമേ ഇ വോട്ടിങ്ങിനും സൗകര്യമൊരുക്കാനും ജനറൽ ബോഡി യോഗം ഓൺലൈൻ ആയി നടത്താനുമായിരുന്നു തീരുമാനം. നേരത്തേ നടത്തിയ തിരഞ്ഞെടുപ്പു നടപടികളോ ഭാരവാഹി യോഗങ്ങളോ അസാധുവാകില്ലെന്നു കോടതി വ്യക്തമാക്കിയിട്ടുള്ളതിനാൽ, തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാകുന്നതു വരെ നിലവിലെ ഭരണസമിതിക്ക് തുടരാം.
യോഗത്തിന്റെ ഭരണഘടനയിലും ഇതിനു വ്യവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിക്ക് അധികാര കസേരയിൽ തുടരാനാകും. ഇത്തവണത്തെ വോട്ടെടുപ്പിലൂടെ മകൻ തുഷാർ വെള്ളാപ്പള്ളിയെ എസ് എൻ ഡി പി ജനറൽ സെക്രട്ടറിയാക്കാനായിരുന്നു വെള്ളാപ്പള്ളി ലക്ഷ്യമിട്ടത്. പ്രാതിനിധ്യ വോട്ടവകാശം തകർന്നാൽ ഇതിന് സാധ്യത കുറയും.
എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചു ജനറൽ ബോഡി നടത്തുന്ന രീതി അവസാനിപ്പിച്ച് 100 അംഗങ്ങളിൽ ഒരാൾക്കു വോട്ടവകാശം എന്ന വ്യവസ്ഥ യോഗം തിരഞ്ഞെടുപ്പിൽ കൊണ്ടുവന്നത് 1966 ലാണ്. ഇതു കേസായപ്പോഴാണ് അന്നത്തെ യോഗ നേതൃത്വം കേന്ദ്ര സർക്കാരിനെ സമീപിച്ച് 1974 ൽ പ്രത്യേക ഇളവ് സമ്പാദിച്ചത്. അന്നു യോഗത്തിന്റെ അംഗസംഖ്യ 60,000 മാത്രമായിരുന്നു.
1996 ൽ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലെത്തുന്നതു വരെ ഈ ക്രമത്തിലായിരുന്നു വോട്ടെടുപ്പ്. 1999 ൽ ഇത് 200 അംഗങ്ങൾക്ക് ഒരാൾ എന്നാക്കി ഭരണഘടന ഭേദഗതി ചെയ്തു. യോഗത്തിലെ ഓരോ അംഗങ്ങൾക്കും വോട്ടവകാശമുണ്ട് എന്നു ഹൈക്കോടതി ഊന്നിപ്പറഞ്ഞതോടെ ഈ വ്യവസ്ഥ അസാധുവായി. ഇതിന് കാരണം കേന്ദ്ര നിയമ പ്രകരാമല്ല യോഗമെന്ന വിലയിരുത്തലാണ്.
മറുനാടന് മലയാളി ബ്യൂറോ