പാലാ: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് {{എഴുതിത്തള്ളിയ}} ഭൂമിതട്ടിപ്പു കേസിൽ വെള്ളാപ്പള്ളി നടേശന്റെയും കെ എം മാണിയുടെയും വലംകൈയായ എസ്എൻഡിപി നേതാവ് അറസ്റ്റിൽ. എസ്എൻഡിപി മീനച്ചൽ താലൂക്ക് യൂണിയൻ സെക്രട്ടറി കെ എം സന്തോഷ് കുമാറാണ് അറസ്റ്റിലായത്. മീനച്ചിൽ താലൂക്ക് എസ്എൻഡിപി യൂണിയൻ ഓഫീസിനായി ഭൂമി വാങ്ങാൻ എഴുതിയെടുത്ത പണം ബിനാമികളെ ഉപയോഗിച്ചു തിരിമറി നടത്തിയ കേസിലാണ് അറസ്റ്റ്.അന്നത്തെ യൂണിയൻ പ്രസിഡന്റ്, യൂണിയൻ ഓഫീസിലെ ജീവനക്കാരൻ എന്നിവരാണ് ബിനാമിപ്പണം കൈപ്പറ്റിയത്. തങ്ങളുടെ പേരിൽ വന്ന പണം തങ്ങൾ സന്തോഷ് കുമാറിനു കൈമാറിയെന്ന ഇവരുടെ മൊഴിയാണ് അറസ്റ്റിൽ കലാശിച്ചത്

എസ്എൻഡിപി താലൂക്ക് യൂണിയനിനുവേണ്ടി 20 ഏക്കർ ഭൂമി വാങ്ങുന്നതിനായി മൂന്നു കോടി രൂപയോളം തട്ടിപ്പ് നടത്തിയതായിട്ടാണ് കണ്ടെത്തിയത്.തൃപ്പൂണിത്തുറ സ്വദേശിയായ ഭാസ്‌കരന്റെ പൂഞ്ഞാറിലുള്ള വസ്തുവാണ് വാങ്ങുന്നതെന്ന് പറഞ്ഞിരുന്നത്.പി സി ജോർജിന്റെ ബന്ധു ടോമിയുടെ പേരിലാണു കരാർ എഴുതിയത്. മൂന്നു കോടി രൂപ നൽകിയതായാണു കണക്കിൽ കാണിച്ചതെങ്കിലും 1.30 കോടി രൂപ മാത്രമാണ് ഭൂമിയുടെ ഉടമയ്ക്കു നൽകിയത്. ബാക്കി തുകയായ 1.63 കോടി രൂപ ബിനാമികൾ വഴി സന്തോഷ് കുമാർ സമ്പാദിച്ചു എന്നാണു പരാതി.

എസ്എൻഡിപി മീനച്ചിൽ താലൂക്ക് യൂണിയൻ ഓഫീസിലെ മുൻ ക്ലർക്ക് കെ പി ഗോപി, തെക്കേക്കര ശാഖ മുൻ പ്രസിഡന്റ് മണക്കാട് ഗോപി, പുലിയന്നൂർ സ്വദേശിയും എസ്എൻഡിപി യൂണിയൻ മുൻ ഡയറക്ടർ ബോർഡഗം കെ പി ഗോപാലൻ എന്നിവരാണു പരാതി നൽകിയത്. മീനച്ചൽ താലൂക്ക് യൂണിയൻ ഓഫീസിനായി ഭൂമി വാങ്ങിയതായി രേഖപെടുത്തിയ തുകയിൽ വലിയൊരു പങ്ക് സന്തോഷ് കുമാർ സ്വന്തമാക്കിയെന്നും വ്യക്തമായി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതേ പരാതിയുമായി രംഗതെത്തിയവർക്ക് നിരാശ മാത്രമായിരുന്നു ഫലം.പാലാ ഡിവൈഎസ്‌പി കേസ് അന്വേഷിച്ചെങ്കിലും തള്ളിക്കളയുകയായിരുന്നു. രാഷ്ട്രീയ സമ്മർദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കെ എം മാണിയുടെ അടുത്തയാളാണു സന്തോഷ് കുമാർ. കെ എം മാണി യുഡിഎഫ് സർക്കാരിൽ സമ്മർദം ചെലുത്തി സന്തോഷ് കുമാറിനെ രക്ഷിക്കുകയായിരുന്നെന്നാണു സൂചന. പ്രാദേശിക കോൺഗ്രസ് നേതാവു കൂടിയാണു സന്തോഷ് കുമാർ.

പുതിയ സർക്കാർ വന്നപ്പോൾ ഇതേ പരാതിക്കാർ വീണ്ടും അന്വേഷണത്തിനായി സമീപിക്കുകയായിരുന്നു. കക്ഷികളായിട്ടുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത് ഇപ്പോഴാണ്. പണം വന്ന ആളുകളുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് അവരെ ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് സന്തോഷ് കുമാറിന്റെ തട്ടിപ്പു പുറത്തുവന്നതും അറസ്റ്റിലായതും. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് എസ്എൻഡിപി യൂണിയനുമായി ബന്ധപ്പെട്ട് നടന്ന എല്ലാ തട്ടിപ്പുകളും അന്വേഷിച്ച് അഴിമതിക്കാരെ തുറങ്കിലടയ്ക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെടുന്നു. എസ്എൻഡിപിയുടെ തന്നെ കീഴിലുള്ള മൈക്രോഫിനാൻസ് തട്ടിപ്പും വിജിലൻസ് അന്വേഷണത്തിലാണ്.