പത്തനംതിട്ട: എസ്.എൻ.ഡി.പി മൈക്രോഫിനാൻസ് തട്ടിപ്പ് സംബന്ധിച്ച് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നടത്തുന്ന അന്വേഷണം ബലം പ്രയോഗിച്ച് തടയാനും ഭീഷണിപ്പെടുത്തി ഒഴിവാക്കാനും നീക്കം.

മൈക്രോഫിനാൻസ് തട്ടിപ്പ് വിവാദമായ സാഹചര്യത്തിലാണ് കോർപ്പറേഷൻ സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചത്. അതത് ജില്ലാ ഓഫീസുകൾ നടത്തിയ അന്വേഷണത്തിൽ വൻ തട്ടിപ്പുകളാണ് വെളിച്ചത്തു വന്നിരിക്കുന്നത്. കോർപ്പറേഷന്റെ കൊല്ലം കേന്ദ്ര ഓഫീസിൽ നിന്നും എസ്.എൻ.ഡി.പി യോഗം ജന: സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലാണ് അഞ്ചരക്കോടി രൂപ മൈക്രോഫിനാൻസ് യൂണിറ്റുകൾക്ക് വായ്പ അനുവദിച്ചത്. പണം നൽകിയതല്ലാതെ ഇതു യൂണിറ്റുകൾക്ക് കൈമാറിയിരുന്നുവോയെന്ന് കോർപ്പറേഷൻ അന്വേഷിച്ചിരുന്നില്ല.

തട്ടിപ്പിനെപ്പറ്റി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ രംഗത്തുവരികയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് കേന്ദ്രസർക്കാർ സ്ഥാപനമായ കോർപ്പറേഷൻ സ്വന്തം നിലയിൽ അന്വേഷണം തുടങ്ങിയത്. എസ്.എൻ.ഡി.പി യോഗത്തിന്റെ രേഖകൾ പ്രകാരം ഓരോ യൂണിയനും കീഴിലുള്ള ശാഖകളിലെ വനിതാസംഘങ്ങൾക്കും മൈക്രോഫിനാൻസ് യൂണിറ്റുകൾക്കും വായ്പ നൽകിയിട്ടുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്ന പേരുകൾ ശാഖാംഗങ്ങളുടെ തന്നെയാണ്. എന്നാൽ ഭർത്താവ്/രക്ഷാകർത്താവ് എന്നിവരുടെ പേരും വിലാസവും തെറ്റാണ്.

തങ്ങൾക്ക് കിട്ടിയിരിക്കുന്ന പട്ടികയിൽ പറഞ്ഞിരിക്കുന്ന പേരുകാരെ തിരക്കി കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ ചെല്ലുമ്പോഴാണ് തങ്ങളുടെ പേരിൽ വായ്പയുണ്ടെന്ന വിവരം അവർ അറിയുന്നത്. കോർപറേഷന് ലഭിച്ചിരിക്കുന്ന പട്ടികയിലെ പേര് കൃത്യമാണെങ്കിലും ബാക്കിയൊക്കെ തെറ്റാണെന്ന് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. മാത്രവുമല്ല, തങ്ങൾ ആരും വായ്പ സ്വീകരിച്ചിട്ടില്ലെന്നും ഇവർ വെളിപ്പെടുത്തി.

ഇതോടെയാണ് വൻ തട്ടിപ്പിന്റെ യഥാർഥ മുഖം ഉദ്യോഗസ്ഥർക്ക് ബോധ്യമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ജില്ലാ ഓഫീസുകളിൽ നിന്നും കോർപ്പറേഷൻ ആസ്ഥാനത്തേക്ക് റിപ്പോർട്ട് അയച്ചു കഴിഞ്ഞു. കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ തേടിയെത്തിയതോടെ വായ്പയെടുക്കാത്തവർ ഭീതിയിലായി. ഇവർ അതത് യൂണിയൻ നേതൃത്വങ്ങളുമായി ബന്ധപ്പെട്ടു. ഇതോടെ അന്വേഷണമെന്ന പേരിൽ വന്നിരിക്കുന്നത് വ്യാജന്മാരാണെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു. എസ്.എൻ.ഡി.പിയെ താറടിക്കാനുള്ള ചിലരുടെ നീക്കമാണിതിനു പിന്നിലെന്നും അവർ പറയുന്നു.

എസ്.എൻ.ഡി.പി. യൂണിയനുകളിൽപ്പെട്ട മൈക്രോഫിനാൻസ് സംഘാംഗങ്ങളുടെ വീടുകൾ കയറി അന്വേഷണമെന്ന പേര് പറഞ്ഞ് ഒരു കൂട്ടം ആളുകൾ സ്ത്രീകളെ ഭീഷണിപ്പെടുത്തി മൈക്രോസംഘങ്ങളുടെ രേഖകളും, കണക്കുകളും ആവശ്യപ്പെടുകയാണെന്ന് തിരുവല്ലാ യൂണിയൻ സെക്രട്ടറി മധു പരുമല പറഞ്ഞു. പത്തനംതിട്ട, തിരുവല്ല യൂണിയൻ പരിധികളിൽ ഉൾപ്പെട്ട ചില പ്രദേശങ്ങളിൽ ഈ വ്യാജസംഘം എത്തി രേഖകൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എന്ത് ഉത്തരവാണ് അന്വേഷണത്തിനുള്ളതെന്ന് ആരാഞ്ഞതോടെ സംഭവം പന്തിയെല്ലന്ന് മനസിലാക്കി സംഘം രക്ഷപ്പെട്ടുവെന്നും മധു പരുമല പറയുന്നു.

അപവാദങ്ങൾ ഉയർത്തി ഈഴവ സമുദായാംഗങ്ങളുടെ സാമ്പത്തിക വളർച്ച തടയുകയും ഇതോടൊപ്പം സംഘടനയുടെ മൈക്രോ ഫിനാൻസ് സംവിധാനത്തെ തകർക്കുകയുമെന്ന ചില രാഷ്ട്രീയ പാർട്ടികളുടെ ഗൂഢനീക്കത്തിന ്‌യൂ.ഡി.എഫ്.- സിപിഐ(എം). അനുഭാവ പൊലീസ് നടത്തുന്ന അധികാര ദുർവിനിയോഗമാണ് ചില കേന്ദ്രങ്ങളിൽ നടത്താൻ ശ്രമിച്ച് പാളിപ്പോയതെന്നും ഇദ്ദേഹം ആരോപിച്ചു. സ്ത്രീകളെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി അനധികൃതമായി രേഖകൾ കൈക്കലാക്കാൻ സംഘം നടത്തിയ നീക്കത്തിനെതിരേ പത്തനംതിട്ട പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയതായും മധു പരുമല പറഞ്ഞു.

ഇത്തരം നീക്കങ്ങൾ ആവർത്തിച്ചാൽ മൈക്രോ സംഘങ്ങളുടെ നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തി സമരപരിപാടികൾക്ക് സംഘടനാനേതൃത്വം തയ്യാറാകുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി.