പത്തനംതിട്ട: തനിക്കെതിരായ വി.എസിന്റെ അഴിമതിയാരോപണങ്ങൾ ചെറുക്കാൻ മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരമാതൃകയിൽ വനിതകളെ രംഗത്തിറക്കി പ്രതിഷേധം നടത്താൻ വെള്ളാപ്പള്ളിയുടെ നീക്കം.

ഇതിന്റെ ഭാഗമായി എസ്.എൻ.ഡി.പി വനിതാസംഘം വിവിധ യൂണിയനുകളിൽ വെള്ളാപ്പള്ളിക്ക് പിന്തുണ അർപ്പിച്ച് പ്രകടനം നടത്തി. മൈക്രോഫിനാൻസിന് എതിരായ പ്രചാരണത്തിൽ പ്രതിഷേധിച്ചാണ് പ്രകടനം. എസ്.എൻ.ഡി.പിയുടെയും എസ്.എൻ. ട്രസ്റ്റിന്റെയും കീഴിലുള്ള സ്‌കൂളുകളിലും കോളജുകളിലും അദ്ധ്യാപക-അനധ്യാപക നിയമനങ്ങൾക്ക് കോഴ വാങ്ങിയതിലൂടെ വെള്ളാപ്പള്ളി കോടികൾ സ്വന്തം പോക്കറ്റിലാക്കിയെന്നും മൈക്രോഫിനാൻസിന്റെ പേരിൽ സമുദായാംഗങ്ങളെ പറ്റിച്ച് 500 കോടി തട്ടിയെന്നുമായിരുന്നു വി.എസിന്റെ ആരോപണം. ഇവ രണ്ടും വലിയ തിരിച്ചടിയാണ് വെള്ളാപ്പള്ളിക്ക് നൽകിയത്.

പല തവണ വി എസ്. വെല്ലുവിളിച്ചെങ്കിലും ആരോപണങ്ങൾക്ക് മറുപടി പറയാതെ വെള്ളാപ്പള്ളി പടപ്പിൽത്തല്ലുകയായിരുന്നു. രണ്ട് ആരോപണങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ കഴിയില്ലെന്നു വന്നതോടെയാണ് സമുദായത്തെ ഇറക്കി ചെറുക്കാൻ വെള്ളാപ്പള്ളി തന്ത്രം മെനഞ്ഞത്. ഇതിന്റെ ഭാഗമായിട്ടാണ് വനിതകളെ നിരത്തിലിറക്കിയുള്ള പ്രതിഷേധം ആസൂത്രണം ചെയ്തത്. പ്രതിഷേധ വിഷയങ്ങളിൽ മൈക്രോഫിനാൻസ് അഴിമതിയാരോപണം മാത്രമേയുള്ളൂവെന്നതും ശ്രദ്ധേയമാണ്. അദ്ധ്യാപക കോഴയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല.

വെള്ളാപ്പള്ളിയുടെ വായ അടപ്പിച്ചു കൊണ്ടുള്ളതായിരുന്നു വി.എസിന്റെ അഴിമതിയാരോപണം. അത് ഉന്നയിച്ചത് വി എസ്. ആയതിനാൽ ഈഴവസമുദായത്തിൽ തന്നെ ചലനമുണ്ടാക്കാൻ സാധിക്കുകയും ചെയ്തു. വെള്ളാപ്പള്ളിയെ അടുത്ത ഗുരുവായി കണ്ടിരുന്ന സമുദായത്തിലെ പാവങ്ങൾക്കു മുന്നിൽ പൊയ്മുഖം അഴിഞ്ഞു വീഴുന്നതാണ് കണ്ടത്. ആരോപണങ്ങൾക്ക് നൽകാൻ മറുപടി കൈയിലില്ലാതെ വന്നതോടെ കളി കൈവിട്ടു പോവുകയാണെന്ന് വെള്ളാപ്പള്ളിക്ക് മനസിലായി. ഈ രീതിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടി ഉണ്ടാകുമെന്നും മനസിലാക്കിയാണ് തെരുവിൽ അംഗബലം തെളിയിക്കാൻ വെള്ളാപ്പള്ളി സ്ത്രീകളെ രംഗത്ത് ഇറക്കുന്നത്.

എസ്.എൻ.ഡി.പി യൂണിയനുകളുടെ പിന്തുണയോടെ വനിതാസംഘങ്ങളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത് എങ്കിലും മറ്റു സമുദായാംഗങ്ങളും അണിനിരക്കും. പരമാവധി അംഗങ്ങളെ പങ്കെടുപ്പിച്ച് ശക്തി തെളിയിക്കാനാണ് യൂണിയനുകൾക്ക് നൽകിയിരിക്കുന്ന അന്ത്യശാസന. ആൾക്കാർ എണ്ണത്തിൽ കുറഞ്ഞാൽ തങ്ങൾക്ക് പണി കിട്ടുമെന്ന് അറിയാവുന്ന യൂണിയൻ നേതാക്കൾ ഇന്നു വൈകുന്നേരത്തിനകം ആളെക്കൂട്ടാൻ പെടാപ്പാട് പെടുകയാണ്.

അതേസമയം, വി എസ്.-വെള്ളാപ്പള്ളി വാക്‌പോരിനെ ആടുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ചോരകുടിക്കാൻ കാത്തിരിക്കുന്ന കുറുക്കനെപ്പോലെ, കാത്തിരിക്കുകയാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും. വെള്ളാപ്പള്ളിക്ക് എതിരായ അഴിമതിയാരോപണങ്ങളെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറഞ്ഞതും ഈഴവ വോട്ടുകൾ യു.ഡി.എഫിന് വീഴട്ടെ എന്നു കരുതിയാണ്. എന്തായാലും വി.എസിന്റെ ആരോപണങ്ങൾ സമുദായത്തിൽ വെള്ളാപ്പള്ളിക്ക് അവമതിപ്പുണ്ടാക്കി എന്നു തന്നെയാണ് ഈഴവർക്കിടയിൽ നിന്നുള്ള പ്രതികരണം സൂചിപ്പിക്കുന്നത്. വെള്ളാപ്പള്ളി വലിച്ചെറിയുന്ന അപ്പക്കഷണങ്ങൾ ആവശ്യമുള്ളവരൊഴികെയെല്ലാവരും വി.എസിന്റെ പ്രസ്താവന ശരിവയ്ക്കുന്നു.