കാബൂൾ : അപ്രതീക്ഷിതമായ മഞ്ഞിലും ഹിമപാതത്തിലുമായി അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും നിരവധിപേർ മരിച്ചു. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഹിമപാതം ഒരു ഗ്രാമത്തെ തന്നെ തകർത്തു. നിരവിധി ആളുകളെക്കുറിച്ചു വിവരമൊന്നുമില്ല. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ നൂറിലധികം പേർ മരിച്ചുവെന്നാണ് സൂചന.

നൂറിസ്ഥാനിലെ ഗ്രാമത്തിലുണ്ടായ അത്യാഹിതത്തെ തുടർന്ന് ഇതുവരെ 50 മൃതദേഹങ്ങൾ കണ്ടുകിട്ടി. വടക്കൻ പ്രവിശ്യയായ ബഡാക്ഷാൻ പ്രദേശത്തു കഴിഞ്ഞ രണ്ടുദിവസമായി ഹിമപാതത്തിൽ 19 പേർ മരിച്ചു. 17 പേർക്കു പരുക്കേറ്റു. കാബുൾകാണ്ഡഹാർ ഹൈവേയിൽ ഇരുന്നൂറിലധികം വാഹനങ്ങൾ കുടുങ്ങി. പൊലീസും സൈന്യവും രക്ഷാപ്രവർത്തകരും ചേർന്നാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. വീണ്ടും ഹിമപാതം ഉണ്ടായേക്കാമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

പാക്കിസ്ഥാനിൽ ചിത്രാൾ ജില്ലയിൽ ഹിമപാതത്തിൽ കുട്ടികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ചു. തകർന്നുവീണ ഒരു വീട്ടിൽ 14 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.