കൊല്ലം: ഫോബ്‌സ് ഇന്ത്യയുടെ അതിസമ്പന്നരുടെ പട്ടികയിലെ മുമ്പന്മാരിൽ തന്നയാണ് മലയാളിയായ പ്രവാസി വ്യവസായി രവി പിള്ള. ഗൾഫ് രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ തന്റെ മകളുടെ വിവാഹത്തോട് അനുബന്ധിപ്പിച്ച് സംഘടിപ്പിച്ചിരിക്കുന്നത് അതി വിപുലമായി പരിപാടികളാണ്. ഇക്കാര്യം മാദ്ധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുകയുണ്ടായി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ അത്യാർഭാഢ പൂർവ്വമാണ് വിവാഹം സൽക്കാരം ഒരുക്കുന്നത്. കൊല്ലം നഗരം ഇന്ന് വിവാഹത്തോട് അനുബന്ധിച്ച് നിശ്ചലമാകുമെന്ന കാര്യം ഉറപ്പാണ്.

ഡോ. ബി.രവി പിള്ളയുടെയും ഗീതയുടെയും മകൾ ഡോ. ആരതിയും വിനോദ് നെടുങ്ങാടിയുടെയും ഡോ. ലത നായരുടെയും മകൻ ഡോ. ആദിത്യ വിഷ്ണുവും തമ്മിലുള്ള വിവാഹത്തിനായി മാസങ്ങളായി ആശ്രാമം മൈതാനത്ത് ഒരുങ്ങൾ നടത്തി വരികയായിരുന്നു. രാവിലെ 11നും 11.45നുമിടയ്ക്കാണ് വിവാഹത്തോട് അനുബന്ധിച്ച ചടങ്ങുകൾ തുടങ്ങുന്നത്. 42 ആഗോള നേതാക്കളടക്കമുള്ള അതിവിശിഷ്ട വ്യക്തികളാണ് വിവാഹത്തിന് അതിഥികളായെത്തുന്നത്. നാലേകാൽ ലക്ഷം ചതുരശ്രയടിയിൽ ജോധ്പുർ കൊട്ടാരത്തിന്റെ മാതൃകയിലാണ് പൂർണമായും ശീതീകരിച്ച പന്തൽ ഒരുക്കിയിരിക്കുന്നത്.

250 പൊലീസുകാരെ വരെ വിവാഹത്തിന് സുരക്ഷ ഒരുക്കാൻ നിയോഗിച്ചിട്ടുണ്ട്. സ്വകാര്യ സെക്യൂരിറ്റികളെ കൂടാതെയാണ് കേരളാ പൊലീസും വിവാഹത്തിന് സുരക്ഷ ഒരുക്കുന്നത്. 55 കോടിയോളം രൂപ ചെലവിട്ടാണ് വിവാഹ ചടങ്ങുകൾ സംഘിപ്പിച്ചിരിക്കുന്നത്. ഗൾഫിലെ രാജാകുടുംബാംഗങ്ങൾ അടക്കം വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇങ്ങനെ അത്യാഢംബര പൂർവം വിവാഹം നടത്തുന്നതിനെതിരെ വിമർശനം സജീവമാണ്. വിവാഹം ലളിതമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നതിനിടെയിൽ രവി പിള്ളയുടെ മകളുടെ ആഡംബര വിവാഹത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനവും ഉയരുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ നിന്നാണ് രൂക്ഷമായ വിമർശനം ഉയരുന്നത്. വിവാഹ മാമാങ്കത്തിന്റെ പേരിൽ കൊല്ലം നഗരത്തെ മുഴുവൻ സ്തംഭിപ്പിക്കണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം സർക്കാർ സുരക്ഷയ്ക്കായി വിനിയോഗിക്കുന്ന പൊലീസുകാർക്ക് രവി പിള്ള പണം കൊടുക്കുമോ എന്ന ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തുന്നു. ഇതേക്കുറിച്ച് ഗോപകുമാർ മുകുന്ദൻ എന്നയാൾ ഫേസ്‌ബുക്കിൽകുറിച്ചത് ഇങ്ങനെയാണ്:

കൊല്ലം ആശ്രാമം മൈതാനത്ത് രവി പിള്ളയുടെ മകളുടെ വിവാഹ മാമാങ്കം സംബന്ധിച്ച അത്ഭുതപ്പെടുത്തുന്ന വാർത്തകൾ വന്നു കൊണ്ടിരിക്കുകയാണല്ലോ. ഇയാളുടെ പണം കൊണ്ടു മാത്രം ഈ തെമ്മാടിത്തം കാട്ടിക്കൂട്ടാനാകില്ല. വൈദ്യുതി, വെള്ളം തുടങ്ങിയ പൊതു വിഭവങ്ങൾ ലഭിച്ചാലേ ഇത്തരം പേക്കൂത്തുകൾ നടക്കൂ. ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, മാലിന്യം നീക്കൽ തുടങ്ങി പൊതുസേവനങ്ങളും വേണ്ടിവരും. ഈ ആഭാസത്തിന് ഈ പൊതു സൗകര്യങ്ങൾ ഒന്നും നല്കരുതെന്ന ആവശ്യം ശക്തമായി ഉയർന്നു വരണം. ഉയർന്ന താരിഫ് വാങ്ങി വൈദ്യുതിയും വെള്ളവും നല്കുന്നു എന്ന ന്യായ വാദമൊന്നും നിലനിലക്കില്ല. ക്ഷാമമുള്ള ഈ വിഭവങ്ങൾ മുൻഗണന പ്രകാരമേ നല്കാവൂ.

1. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും ഈ അസംബന്ധത്തിന് പോകരുത്
2. വൈദ്യുതിയോ വെള്ളമോ ഈ ധൂർത്തിനു് നല്കരുത്
3. മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് നഗരസഭ ഇദ്ദേഹത്തിന് നോട്ടീസ് നല്കി വ്യക്തത വരുത്തണം. കോർപ്പറേഷൻ ഈ ഉത്തരവാദിത്തം ഏൽക്കരുത്
4. ഗതാഗത തടസം ഉണ്ടാകാതെ ക്രമീകരിക്കാൻ പൊലീസ് നോട്ടീസ് നല്കി വ്യക്തത ഉണ്ടാക്കണം.
5. ഈ അസംബന്ധത്തിന് പ്രചാരണം നല്കുന്നതിൽ നിന്നും മാദ്ധ്യമങ്ങൾ പിന്തിരിയണം.

സമാനമായ അഭിപ്രായങ്ങൾ നിരവധി പേരാണ് പ്രകടിപ്പിച്ചിരിക്കുന്നത്. അത്യാഢംബര വിവാഹങ്ങളിൽ ലീഗ് മന്ത്രിമാർ പങ്കെടുക്കരുതെന്ന നിർദ്ദേശം മുസ്ലിംലീഗ് നേരത്തെ മന്ത്രിമാർക്ക് നൽകിയിരുന്നു. ഇത് പ്രകാരം ലീഗ് മന്ത്രിമാർ രവി പിള്ളയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യവും ചിലർ ഉയത്തിയിട്ടുണ്ട്. വിവാഹ ധൂർത്തിനെതിരെ പ്രതികരിച്ച ജിജോ കുര്യൻ എന്ന പള്ളിവികാരി പ്രതികരിച്ചത് ഇങ്ങെനയായിന്നു:

55 കോടിയുടെ വിവാഹ മാമാങ്കം. ബാഹുബലി സിനിമയുടെ സെറ്റിനേക്കാൾ മുടക്കിൽ തയ്യാറാക്കിയ സെറ്റ്. ഒറ്റ ദിവത്തിന് വേണ്ടി 3 മാസത്തോളം നീണ്ട ഒരുക്കം. 42 അന്തർദേശീയ നേതാക്കൾ, രാഷ്ട്രീയക്കാർ, സിനിമാ താരങ്ങൾ, സംഗീതജ്ഞർ, ഉദ്യോഗവൃന്ദങ്ങൾ പങ്കെടുക്കുന്നു.

മാവോയിസ്റ്റുകളേ, സത്യമായും നിങ്ങൾ അങ്ങനെയൊരു കൂട്ടം ഈ കേരളത്തിൽ ഉണ്ടെങ്കിൽ, ഈ സമയത്ത് വയനാടൻ കാട്ടിൽ ഒളിച്ചിരിക്കുകയാണെങ്കിൻ, എന്നെങ്കിലും 'തണ്ടർ ബോൾട്ട് ' നിങ്ങളെ പിടികൂടുമ്പോൾ അന്ന് ഞാനായിരിക്കും നിങ്ങളെ വെടിവച്ച് കൊല്ലുന്നത്.

കൊല്ലം ആശ്രാമം മൈതാനത്ത് രവി പിള്ളയുടെ മകളുടെ വിവാഹ മാമാങ്കം സംബന്ധിച്ച അത്ഭുതപ്പെടുത്തുന്ന വാർത്തകൾ വന്നു കൊണ്ടിരിക്കുക...

Posted by Gopakumar Mukundan on Tuesday, November 24, 2015

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങളാണ് രവി പിള്ളയുടെ മകളുടെ ആർഭാഢ വിവാഹത്തിനെതിരെ ഉയരുന്നത്. ചലച്ചിത്രം ബാഹുബലിയുടെ അണിയറ ശില്പികളെ അണിനിരത്തി കൊല്ലം ആശ്രാമം മൈതാനം ഒരു മാസമായി വാടകയ്‌ക്കെടുത്താണ് വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ നടന്നത്.

42 രാജ്യങ്ങളിൽനിന്നുള്ള പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുക്കാനായി കേരളത്തിലെത്തുന്നത്. രാജ്യത്തലവന്മാർ, ആഗോള കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ, വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള രാജകുടുംബാംഗങ്ങൾ എന്നിവരെല്ലാം കൊല്ലത്ത് വിവാഹാഘോഷങ്ങൾക്കായി ഒത്തുകൂടും. ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ, എന്നിവിടങ്ങളിലെ രാജകുടുംബത്തിലെ മുതിർന്ന മന്ത്രിമാരും രാജകുടുംബാംഗങ്ങളും, സാംസങ് ഗ്രൂപ്പ്, ജപ്പാൻ ഗ്യാസ് കോർപ്പറേഷൻ, ചിയോഡ കോർപ്പറേഷൻ ജപ്പാൻ, ദക്ഷിണ കൊറിയയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എസ്‌കെ ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് അംഗങ്ങൾ, ഇറ്റലിയിൽനിന്നുള്ള ടെക് മൂൺ, എൻഎൽ ഗ്രൂപ്പ് യുറോപ്പ്, എക്‌സോൺ മൊബൈൽ തുടങ്ങിയ വൻ കമ്പനികളുടെ സിഇഒമാർ, വിവിധ ബിസിനസ് രംഗങ്ങളിൽനിന്നുള്ളവരും എത്തുന്നുണ്ട്.

ശോഭനയുടെയും മഞ്ജു വാര്യരുടെയും നൃത്തം അടക്കം വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരു അടക്കമുള്ളവരുടെ പട തന്നെ ഇന്ന് കൊല്ലത്തുണ്ട്. ചുരുക്കത്തിൽ ഒരു വ്യവസായിയുടെ മകളുടെ വിവാഹത്തിനായി കേരളം മുഴുവൻ ഒരു ദിവസം സ്തംഭിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്.