മലപ്പുറം: കേരള ചരിത്രത്തിൽ ഇന്നേവരെ ഒരു രാഷ്ട്രീയ പാർട്ടികളും കണ്ടിട്ടില്ലാത്ത സമരത്തിനാണ് ഇന്നലെ കേരളം സാക്ഷിയായത്. സമരത്തിന് ആഹ്വാനം ചെയ്ത് മലബാറിലെ യുവാക്കൾ റോഡും മറ്റും നശ്ചലമാക്കിയപ്പോൾ അധികാരികളും ഞെട്ടി. ഇതോടെ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തത് പ്രകാരം നടത്തിയ ഹർത്താൽ വൻ വിജയമായി. എന്നാൽ ഹർത്താലിന്റെ മറവിൽ ഒരു കൂട്ടം ആൾക്കാർ അഴിച്ചു വിട്ടത് സാമുദായിക ആക്രമണമായിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് എസ്ഡിപിഐ പോലുള്ള മുസ്ലിം സംഘടനകളായിരുന്നുവെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോർട്ട്. ഇവർ ചില സമുദായങ്ങളിൽ പെട്ട ആൾക്കാരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചു. കടകൾ ആക്രമിച്ചു. റോഡിലൂടെ പോയവരെ തിരഞ്ഞു പിടിച്ച് ആക്രമിച്ചു. കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് പൊലീസും സ്ഥിരീകരിച്ചു. പോപ്പുലർ ഫ്രണ്ടിന് നേരേയും ആരോപണങ്ങൾ തിരിഞ്ഞു.

ജനം ഭയപ്പാടോടെ പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന ആഹ്വാനത്തിന്റെ പേരിൽ നടത്തിയ ഹർത്താൽ വിജയിപ്പിച്ചതിന്റെ ആവേശം ഒട്ടും മറച്ചു വെയ്ക്കാതെയാണ് തേജസ് പത്രം സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചില സാമുദായിക സംഘടനകൾ ആഹ്വാനം ചെയ്ത സമരമാണെന്നതാണ് ഇവരുടെ ഈ ആവേശത്തിന് പിന്നിൽ. ഇതോടെ പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രത്തിന്റെ നിലപാടുകൾ ചർച്ചയാവുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് വ്യക്തമാക്കുന്നത് തന്നെയാണ് തേജസിന്റെ ആവേശം. സന്ദേശം കാര്യമാക്കിയില്ലച നേരിട്ട് കണ്ടപ്പോൾ ഞെട്ടിയെന്നാണ് തേജസിലെ വാർത്ത. ഹർത്താൽ രാഷ്ട്രയാപാർട്ടികളെ ഞെട്ടിച്ചുവെന്നും തേജസ് പറയുന്നു. ഓരോ പാർട്ടികളും ഹർത്താലിന് പിന്നിലില്ലെന്ന് സന്ദേശം പ്രചരിപ്പിച്ചു. എന്നിട്ടും വിജയമായി എന്നാണ് തേജസ് എഴുതുന്നത്.

കത്വാ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ രണ്ടുദിവസം മുമ്പാണ് ഹർത്താലിനായി അജ്ഞാത സന്ദേശം പ്രചരിക്കുന്നത്. ഊരുംപേരുമില്ലാതെയാണ് ഈ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ഈ ഹർത്താൽ എന്റെ മാപ്പപേക്ഷയാണ്. ഇത് ആഹ്വാനം ചെയ്യാൻ ഒരു രാഷ്ട്രീയപ്പാർട്ടിയുമില്ല. ഈ കുറിപ്പ് എന്റേതാണ്. എന്റെ രക്തമാണിത് തുടങ്ങിയവയാണ് സന്ദേശത്തിന്റെ അവസാന വാചകം. ഇതിന്റെ പിൻബലത്തിലാണ് യുവാക്കൾ ഒരുമിച്ചത്. മൂന്നുദിവസത്തിനകം ലക്ഷക്കണക്കിനാളുകളാണ് ഇത് ഷെയർ ചെയ്തത്. എന്നാൽ ഈ സന്ദേശങ്ങൾക്ക് പിന്നിൽ കേരളത്തിലെ ചില സമുദായിക ശക്തികളുടെ വ്യവസ്ഥാപിത താൽപര്യങ്ങളായിരുന്നെന്ന് സമരം തുടങ്ങി മണിക്കൂറുകൾക്കകം തന്നെ വെളിപ്പെട്ടു. കാരണം ചില സമുദായങ്ങളിൽ പെട്ടവരെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിച്ചതാണ് കേരളത്തിലെ മനുഷ്യരുടെ മനസ്സിൽ ഉറച്ചു കിടക്കുന്ന ജാതിയ താത്പര്യങ്ങളെ അഴിച്ചു വിടാനുള്ള ഒരു മാർഗമായിരുന്നു ഈ സമരം എന്ന നിഗമനത്തിലെത്തിച്ചത്.

ഹർത്താലിനു മുന്നോടിയായി യുവാക്കളുടെ പ്രകടനം പലയിടങ്ങളിലും നടന്നിരുന്നു. ഇതൊന്നും പൊലീസും ഇന്റലിജൻസും കാര്യമാക്കിയില്ല. രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയില്ലാത്ത ഹർത്താലിൽ ആരും ഗതാഗതം തടയില്ലെന്നും വിജയിക്കില്ലെന്നും അധികൃതർ കരുതിയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത റോഡ് തടയലും കല്ലേറും നടന്നത്. അതുവരെ ഹർത്താലിനെ അവഗണിച്ച പൊലീസും മറ്റും പിന്നീട് ജാഗരൂകരായി. രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയില്ലാത്തതിനാൽ യുവാക്കൾ പൊലീസുമായി ഏറ്റുമുട്ടാനൊന്നും ശ്രമം നടത്താതെ പിൻവാങ്ങി. പൊലീസെത്തും മുമ്പാണ് പലയിടത്തും അക്രമവും വഴിതടയലും നടന്നത്. ഗ്രാമഗ്രാമാന്തരങ്ങളിൽ നൂറുകണക്കിനു യുവാക്കളുടെ പ്രകടനങ്ങളാണു നടന്നത്. പ്രകടനത്തിൽ ആർഎസ്എസിനും സംഘപരിവാരത്തിനുമെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർന്നു. ചിലർ ഹർത്താലിന്റെ ഉദ്ദേശ്യത്തെ അനുകൂലിച്ചെങ്കിലും വഴിതടയലും കല്ലേറും നേരിടേണ്ടിവന്നതോടെ ഹർത്താലിനെ വിമർശിച്ചു. ഹർത്താൽ വ്യാജ പ്രചാരണമാണെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നെങ്കിലും വിഷു അവധിയായത് പൊലീസിന്റെ ആൾബലം കുറച്ചു.

ഓരോ പ്രദേശത്തും യുവാക്കളുടെ പ്രകടനം അക്ഷരാർഥത്തിൽ രാഷ്ട്രീയപ്പാർട്ടികളെയും ഞെട്ടിച്ചു. ഓരോ പാർട്ടികളും ഹർത്താലിനു പിന്നിൽ തങ്ങളില്ലെന്ന് വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചിരുന്നു. ഈ സന്ദേശങ്ങളൊക്കെ യുവാക്കൾ പുച്ഛിച്ചുതള്ളുകയായിരുന്നു. ഹർത്താലിനോടനുബന്ധിച്ചു നടന്ന അക്രമസംഭവത്തിൽ നൂറുകണക്കിന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ ഈ ഹർത്താലിന്റെ ആസൂത്രണം ആരായിരുന്നു എന്നത് സംബന്ധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. പുറമെ ചിത്രത്തിലില്ലെങ്കിലും ടയർ കത്തിച്ച് റോഡ് തടയാനും,വാഹനങ്ങൾക്ക് നേരെ കല്ലെറിയാനും, കടകൾ അടപ്പിക്കാനും മുൻകൈയടുത്തത് പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും പ്രവർത്തകർ ആയിരുന്നു.വാടാസാപ്പ് ഗ്രൂപ്പുകളിലുടെ കൃത്യമായി മുകളിൽനിന്ന് നിർദ്ദേശം കൈമാറിയായിരുന്നു ഈ നീക്കങ്ങൾ.

മുസ്ലിം ബാലികമാരെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളുടെ യോഗം തീരുമാനിച്ചുവെന്ന വ്യാജ വാർത്ത പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകർ പരമാവധി ഷെയർ ചെയ്തത് മതവികാരം ആളിക്കത്തിച്ചു.ഈ രീതിയിലുള്ള പോസ്റ്റർ നിരത്തിൽ ഒട്ടിച്ചതിനാണ് കോഴിക്കോട് അരക്കിണറിൽ ഒരാൾ അറസ്റ്റിലായത്. പലയിടത്തും മുസ്ലിം ലീഗ് അണികളിൽനിന്ന് നിർലോഭമായ സഹകരണമാണ് ആദ്യഘട്ടത്തിൽ ഹർത്താലിന് കിട്ടിയത്.വിവിധ സുന്നി സംഘടനകളിലെ പ്രവർത്തകരും സജീവമായിരുന്നു.എന്നാൽ അപകടം മണത്ത മുസ്ലീലീഗ് നേതൃത്വം ശക്തമായി ഇടപെട്ടതോടെ ഒരു വിഭാഗം പ്രവർത്തകർ പിന്മാറി.

നിഷ്പക്ഷരും മതേതര വിശ്വാസികളുമായ ഒരു ന്യൂനപക്ഷത്തെ സമർഥമായി കബളിപ്പിച്ച് തങ്ങളുടെ ആശയം നടപ്പാക്കാനും എസ്.ഡി.പി.ഐക്ക് ആയി. ഇടതുപക്ഷത്തിന്റെ പ്രവർത്തകരായ ചില മുസ്ലിം ചെറുപ്പക്കാർ പോലും ഒരുവേള കാര്യമറിയാതെ ഈ സമരത്തിന്റെ ഭാഗമായി എന്നത് ഞെട്ടിപ്പിക്കുന്നത് തന്നെയായിരുന്നു. എങ്ങിനെയാണ് ഇത്രയും വലിയ ഒരു മതധ്രുവീകരണം ഉണ്ടായത് എന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് കേരളാ പൊലീസ്.ഒരുവേള ക്ഷേത്രങ്ങൾ ആക്രമിച്ചുവെന്നുവരെ വ്യാജ പ്രചാരണം ഉണ്ടായതോടെ കാര്യങ്ങൾ കൈവിട്ടുപോവുമോ എന്ന ഭീതിയിലുമായിരുന്നു സംസ്ഥാന പൊലീസ്.