തിരുവനന്തപുരം: ബാറുകളെല്ലാം പൂട്ടിയതോടെ എക്‌സൈസ് കമ്മീഷണർക്ക് എന്താണ് ജോലി? പൊതുവേ ഈ ചോദ്യം എല്ലാവരും ഉയർത്തുന്നുണ്ട്. കേരളത്തിലെ പഞ്ചനക്ഷത്ര ബാറുകൾ മാത്രമേ വീര്യം കൂടിയ മദ്യ ലഭിക്കുകയുള്ളൂ. പിന്നെയുള്ളത് സംസ്ഥാന സർക്കാറിന്റെ ബീവറേജസ് കോർപ്പറേഷൻ ഔട്ട്‌ലറ്റുകളാണ്.

ഇതിനിടെ വീണ്ടും ബാർ ലൈസൻസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ബിയർ ആൻഡ് വൈൻ പാർലർ പ്രവർത്തിക്കുന്നത്. പഴയതു പോലെ തിരക്കില്ലാത്തതിനാൽ ഇത്തരം പാർലറുകളും പ്രതിസന്ധിയെ നേരിടുകയാണ്. ഇതിനിടെയാണ് ഋഷിരാജ് സിങ് എക്‌സൈസ് കമ്മീഷണർ ആയത്. ഏത് തസ്തികയിൽ ഇരുന്നാലും വാർത്തയ്ക്കുള്ള വകുപ്പ് ഒപ്പിക്കുക എന്നത് സിങ്കത്തിന്റെ സ്ഥിരം ശൈലിയാണ്. വകുപ്പിനെ നന്നാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ ഫലം കാണാറുമുണ്ട്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്കെല്ലാ പ്രിയങ്കരനാണ് ഋഷിരാജ് സിങ്.

എന്നാൽ, ഇങ്ങനെയുള്ള ഋഷിരാജ് സിംഗിന്റെ ജനപ്രീതിയിൽ അൽപ്പം ഇടിവു തട്ടിയിട്ടുണ്ട്. അതിന് കാരണം മറ്റൊന്നുമില്ല, എക്‌സൈസ് കമ്മീഷണറായ ശേഷം അദ്ദേഹം നടത്തിയ ചില നടപടികളാണ്. ബിയർ ആൻഡ് വൈൻ പാർലറുകളിൽ വ്യാപകമായി പരിശോധന നടത്തി നടപടികൾ സ്വീകരിച്ച അദ്ദേഹത്തിന്റെ നടപടി ചില വിമർശനങ്ങൾക്ക് ഇടയാക്കി. ബിയർ പാർലറുകളിൽ വീര്യം കൂടിയ മദ്യം വിൽക്കുന്ന നടപടിയെ അംഗീകരിക്കുമ്പോൾ തന്നെ ബിയർ പാർലറുകളിൽ പാർസലായി ബിയർ വാങ്ങിയാൽ വാങ്ങുന്നവരെയും കേസിൽ കുടുക്കുന്ന നയം സിങ്കം സ്വീകരിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നത്.

ചെറിയ തോതിൽ മദ്യപിക്കുന്നവരെ ഈ തീരുമാനം സാരമായി ബാധിച്ചിരിക്കയാണ്. ബിയർ പാർലർ ഉടമകളെയും ഈ നടപടി വലച്ചിട്ടുണ്ട്. പലരും ബിയർ പാർലറിൽ ഇരുന്ന ബിയർ കഴിക്കാൻ താൽപ്പര്യമില്ലാത്തവരാണ്. അത്തരക്കാർ പാർസൽ വാങ്ങിയാണ് മടങ്ങുന്നത്. ബീവറേജസ് കോർപ്പറേഷനുകളിലെ വലിയ ക്യൂവിൽ നിൽക്കാനുള്ള മടികൊണ്ടാണ് പലരും പാർലറുകളിൽ എത്തി പാഴ്‌സൽ വാങ്ങുന്നത്. ഈ സാഹചര്യത്തിൽ പാർലറുകളിൽ നിന്നു പാഴ്‌സൽ വാങ്ങുന്നവർക്കെതിരെ കേസെടുക്കുന്ന സിംഗിന്റെ നയം കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി.

വൻകിടക്കാരുടെ മദ്യപാന ക്ലബ്ബുകളിൽ പലതും ലൈസൻസ് പോലും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം പ്രസ്‌ക്ലബിലെ സങ്കേതത്തിനെതിരെ അടക്കം ഈ ആരോപണം ഉണ്ടായിരുന്നു. ഇത് കൂടാതെ തലസ്ഥാനത്തെ തന്നെ ഉന്നതരുടെ പ്രമുഖ ക്ലബ്ബുകളിൽ മദ്യം വിളമ്പുന്നുണ്ട്. ഇവിടങ്ങളിലൊന്നും പരിശോധന പോലും നടത്താൻ എക്‌സ്സൈസ് കമ്മീഷണർ തയ്യാറായില്ല. എന്നിട്ടാണ് സാധാരണക്കാരുടെ ബിയർ പാർലറുകളിൽ പരിശോധന നടത്തുന്നത് എന്നാണ് ആക്ഷേപം. വൻകിടക്കാതെ തൊടാൻ മടിക്കുന്ന ഋഷിരാജ് സാധാരണക്കാരുടെ കള്ളുകുടി മുട്ടിക്കുന്നു എന്ന ആക്ഷേപമാണ് സജീവമായിരിക്കുന്നത്. ഇക്കാര്യ സോഷ്യൽ മീഡിയയിലൂടെ അടക്കം പലരും ചൂണ്ടിക്കാട്ടി.

മാദ്ധ്യമ പ്രശസ്തിക്ക് വേണ്ടിയാണ് ഋഷിരാജ് ചെറുകിട സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്നത് എന്നതാണ് ഉയർന്നിരിക്കുന്ന ആക്ഷേപം. ഇത് കൂടാതെ മിലിട്ടറി ക്വാട്ടയിൽ കൊണ്ടുവരുന്ന മദ്യം കൈമാറിയാൽ നടപടിയുണ്ടാകുമെന്ന പ്രസ്താവനയും പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ക്വാട്ടയായി ലഭിക്കുന്ന മദ്യം പുറത്തു വിൽക്കുന്ന വിമുക്തഭടന്മാരുടെ അടക്കമുള്ള നടപടി നിർത്തുമെന്നാണ് സിങ് പറഞ്ഞത്. എന്നാൽ, ഇങ്ങനെ മദ്യം കൊടുക്കുന്നത് തടയുമെന്ന പ്രസ്താവനയും ഋഷിരാജിന്റെ ജനപ്രീതി ഇടിയാൻ കാരണമായെന്നാണ് വിലയിരുത്തൽ.

ഇത്തരത്തിൽ മദ്യം പുറത്തുവിൽക്കുന്ന വരുടെ കണക്കെടുക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള പഞ്ചനക്ഷത്ര ബാറുകളിൽ ചട്ടലംഘനം നടക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാൻ ഋഷിരാജ് തയ്യാറായിട്ടില്ല. ഇത്തരം പഞ്ചനക്ഷത്ര ബാറുകളിലെ ലോക്കൽകൗണ്ടറുകളെ കുറിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തിരുന്നു. എന്നാൽ, അവിടേക്ക് ശ്രദ്ധിക്കാതെ ദുർബലരെ മാത്രം സിങ് പിടികൂടുന്നു എന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം.

നേരത്തെ അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ടു ഹോട്ടലുകൾ മിന്നൽ പരിശോധനയിലൂടെ എക്‌സൈസ് കമ്മീഷണർ അടച്ചുപൂട്ടിയിരുന്നു. പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകളിലാണ് ഋഷിരാജ് സിങ് പരിശോധന നടത്തി അടപ്പിച്ചത്. കോഴഞ്ചേരി സിയോൺ, പത്തനംതിട്ട മാരാമൺ എന്നീ ഹോട്ടലുകളിലാണ് ഋഷിരാജ് സിങിന്റെ നേതൃത്വത്തിൽ എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഓണത്തിന് മുന്നോടിയായി വ്യജ മദ്യം തടയാന കർശന നടപടികൾ സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ സ്പിരിറ്റു കടത്തുന്നത് വൻതോക്കുകൾ തന്നെയാണ്.

ഇവർക്കെതിരെ എന്ത് നടപടി അദ്ദേഹം സ്വീകരിക്കുമെന്നാണ് മലയാളികൾ കാത്തിരിക്കുന്നതും. ചെറുകിടക്കാരെ ബുദ്ധിമുട്ടിക്കാതെ വൻകിടക്കാർക്കെതിരെ അദ്ദേഹം എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ അടക്കം ചിലർ ഉന്നയിക്കുന്നത്.