തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന കേരളം സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങുകായാണ്. സർക്കാറിന്റെ പെൻഷൻ വിതരണത്തിൽ അടക്കം വീഴ്‌ച്ചകൾ ഉണ്ടാകുമോ എന്ന സംശയം ഉയർന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പെൻഷൻ നൽകുന്നവരുടെ എണ്ണം കുറയ്ക്കാൻ ഒരുങ്ങുകയാണ് സർക്കാർ. അനർഹരായവരുടെ സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കും. റബർ സബ്സിഡി ലഭിക്കുന്ന രണ്ട് ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവരുടെ സാമൂഹിക സുരക്ഷാ പെൻഷനുകളാണ് റദ്ദാക്കുന്നത്.

അർഹതയില്ലാത്തവർക്ക് ഒരു മാസത്തെ നോട്ടീസ് നൽകിയശേഷം പെൻഷൻ റദ്ദുചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗകാര്യവകുപ്പ് റിജിയണൽ ജോയിന്റ് ഡയറക്ടർ തദ്ദേശ സ്ഥാപനങ്ങൾക്ക് കത്തു നൽകി. തിരുവനന്തപുരം, നെടുമങ്ങാട്, അടൂർ, ആറ്റിങ്ങൽ, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കായംകുളം, കൊല്ലം, പുനലൂർ, പരവൂർ, കൊട്ടാരക്കര, പാലാ, പന്തളം, പത്തനംതിട്ട, തിരുവല്ല, വൈക്കം നഗരസഭകളിലായി സബ്സിഡി ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ 9622 പേർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് കൊല്ലം മേഖലാ ഓഫീസിൽ നിന്നുള്ള കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടേക്കറിൽ കുറവ് ഭൂമിയുള്ളവർക്ക് തുടർന്നും പെൻഷൻ ലഭിക്കും. ഭൂമിയുടെ പരിധി ബാധകമല്ലാത്ത പട്ടികവർഗക്കാരെ പുതിയ തീരുമാനം ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം കിഫ്ബിക്ക് പുറമെ ക്ഷേമ പെൻഷൻ വിതരണത്തിനുണ്ടാക്കിയ കമ്പനി വഴിയുള്ള കടമെടുപ്പിലും കേന്ദ്രം പിടിമുറുക്കിയിട്ടുണ്ട്. സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽനിന്ന് സർക്കാർ ഗാരന്റി നൽകിയാണ് കടമെടുത്ത് ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നത്. സർക്കാർ പണം നൽകുന്നതിനനുസരിച്ച് ഇത് പലിശ സഹിതം തിരിച്ചടക്കും. ഇതും സർക്കാറിന്റെ കടമെടുപ്പ് പരിധിയിൽപെടുത്തണമെന്നാണ് കേന്ദ്ര നിലപാട്.

എന്നാൽ കിഫ്ബി വഴിയും പെൻഷൻ കമ്പനി വഴിയുമുള്ള കടമെടുപ്പ് പരിധിയിൽ വരില്ലെന്ന നിലപാട് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. ഉന്നയിച്ച വിഷയങ്ങൾക്ക് വീണ്ടും വിശദ മറുപടിയും നൽകും. ഏതാനും ദിവസങ്ങൾക്കകം കേന്ദ്രം അനുമതി നൽകുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ.

പുതിയ സാമ്പത്തിക വർഷത്തിൽ 32425 കോടി രൂപയാണ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി. ഇതിൽ കിഫ്ബി വായ്പ കൂടി ഉൾപ്പെടുത്തിയാൽ അതുമാത്രം 10235 കോടി വരും. പൊതുമേഖലാ സ്ഥാപനങ്ങളും വൻതോതിൽ സർക്കാർ ഗാരന്റിയിൽ കടമെടുത്തിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങളോ കിഫ്ബിയോ എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാറുകളുടെ വായ്പപരിധിയിൽ കണക്കാക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. കിഫ്ബിക്ക് സമാന രീതി കേന്ദ്രവും നടപ്പാക്കിയിട്ടുണ്ട്. ഇക്കൊല്ലം ഇതുവരെ അഞ്ച് സംസ്ഥാനങ്ങൾക്കാണ് കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കടമെടുക്കാൻ അനുമതി കിട്ടാത്തവരായുണ്ട്. അതിനാൽ ഇത് രാഷ്ട്രീയ തീരുമാനമായി കാണുന്നില്ല. എന്നാൽ പ്രതിസന്ധി തുടർന്നാൽ മറ്റ് സംസ്ഥാനങ്ങളെക്കൂടി കൂട്ടി നീക്കം നടത്താനാണ് സംസ്ഥാനം ആലോചിക്കുന്നത്.