ന്യൂ ഡൽഹി: പൊലീസിൽ നിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടി സാമൂഹ്യപ്രവർത്തകയുടെ പരാതി പൊലീസ് കമ്മീഷണർക്ക്.ഡൽഹിയിലാണ് സംഭവം. ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശബ്നം ഹാഷ്മി എന്ന മനുഷ്യാവകാശ പ്രവർത്തകയാണ് തനിക്ക് പൊലീസിൽ നിന്നും വധഭീഷണിയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തന്നെ വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള സബ് ഇസ്പെടക്ടറുടെ സംഭാഷണമടങ്ങുന്ന ഓഡിയോ ടേപ്പും അവർ പുറത്തുവിട്ടിട്ടുണ്ട്.

തന്നെ ഏറ്റുമുട്ടലിൽ വധിക്കുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തിയതായി ശബ്നം പറയുന്നു.  രാത്രിയോടെ ലാജ്പത്നഗർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ആണെന്ന് പറഞ്ഞ് സംസാരിച്ച സന്ദീപ് മാലിക് എന്നയാളിൽ നിന്നാണ് ഭീഷണിയുണ്ടായതെന്നും ശബ്നം വ്യക്തമാക്കി. സന്ദീപ് മാലിക് എന്ന പേരുള്ള ഒരു പൊലീസുകാരൻ വിളിച്ചെന്ന് ഹസീൻ എന്നയാളാണ് തന്നെ അറിയിച്ചതെന്ന് ശബ്നം പറഞ്ഞു.  ജെയ്ത്പൂരിൽ പെഹ്ചാൻ എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള കോച്ചിങ് സെന്ററിൽ നിന്നും പഠിച്ചിറങ്ങിയ മുബീനയുടെ ഭർത്താവാണ് ഹസീൻ.

ഹസീനെ ഭീഷണിപ്പെടുത്തിയ സന്ദീപ് മാലിക് പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു.  തുടർന്ന് മുബീന പെഹ്ചാൻ ഡയറക്ടർ ഫരീദ ഖാനുമായി ബന്ധപ്പെട്ടു.  ഫരീദ ഖാൻ പെഹ്ചാനിന്റെ സ്ഥാപക ട്രസ്റ്റിയായ ശബ്നം ഹാഷ്മിയെ വിവരം അറിയിക്കുകയായിരുന്നു.  ഹസീനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന് അറിയാൻ വേണ്ടി മാത്രമാണ് താൻ പൊലീസുമായി ബന്ധപ്പെട്ടതെന്നും ശബ്നം കൂട്ടിച്ചേർത്തു.  പൊലീസുകാരന്റെ സംസാരം തീർത്തും ഹീനമായ ഭാഷയിലായിരുന്നെന്ന് ശബ്നം പറഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ വേണ്ടിയാണ് ഞാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ഇയാൾ ഫോണെടുത്തു. അയാൾ ആക്രോശിക്കുകയായിരുന്നു. ചീത്തവളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വൃത്തികെട്ട ഭാഷയിലുള്ള ആ സംഭാഷണം ആത്യന്തം അധിക്ഷേപകരമായിരുന്നു.

ഫോണിൽ റെക്കോഡ് ചെയ്യാനുള്ള സംവിധാനം ഇല്ലാത്തതിനാൽ സംഭാഷണത്തിന്റെ ആദ്യ ഭാഗം പകർത്താൻ ശബ്നത്തിന് കഴിഞ്ഞില്ല.  റെക്കോഡ് ചെയ്യാനുള്ള ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനുശേഷം പൊലീസിനെ വീണ്ടും വിളിച്ചു. രണ്ടാമത്തെ സംഭാഷണത്തേതിനേക്കാൾ ഭീഷണി നിറഞ്ഞതും അധിക്ഷേപകരവുമായിരുന്നു ആദ്യത്തേതെന്ന് ശബ്നം പറഞ്ഞു. നേരിട്ടായിരുന്നു ഏറ്റുമുട്ടലിൽ കൊല്ലുമെന്നുള്ള ഭീഷണി.  ആധാർ കാർഡോ മേൽവിലാസം തെളിയിക്കാനുള്ള രേഖയോ ഇല്ലെങ്കിൽ വളഞ്ഞിട്ട് വെടിവെച്ചുകൊല്ലാൻ അനുവാദം നൽകുന്ന പുതിയ നിയമമുണ്ടെന്നും ആ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ തന്നെ ഭീഷണിപ്പെടുത്തിയതേക്കാളുപരി രാജ്യത്തെ ആരെയും ഏറ്റുമുട്ടലിൽ കൊലപ്പെടുത്താമെന്നുള്ള അയാളുടെ പ്രസ്താവനയാണ് തനിക്ക് പ്രധാനമായി തോന്നുന്നതെന്ന് ശബ്നം പറയുന്നു. ഇങ്ങനെ ചെയ്യാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശമുണ്ടെന്ന് അയാൾ പറഞ്ഞു. ആധാർ കാർഡും മേൽവിലാസരേഖയും ഇല്ലാത്ത ആരെയും കൊല്ലാം.  അതിർത്തി പ്രദേശങ്ങളിലെ പൊലീസുകാർക്ക് നൽകിയ നിർദ്ദേശത്തെക്കുറിച്ചാണ് അയാൾ പറഞ്ഞത്. അതാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നതും. അവർക്ക് ആരെയും പിടികൂടാം, ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് കൊലപ്പെടുത്താം.