കൊച്ചി: ഡൽഹിയിലെ ബൾഗേറിയൻ എംബസിയിലേക്ക് ട്രെയിനിൽ പുറപ്പെട്ട യോഗാധ്യാപകനെ മധ്യപ്രദേശിലെ ഗ്വാളിയോറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹതകൾ ഏറെ.

വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി. കുലയിറ്റിക്കര അരയൻകാവ് കുട്ടോംപറമ്പിൽ കെ.വി. ജോർജിന്റെ മകൻ സോജി ജോർജ് (34) ആണു മരിച്ചത്. ദിരുന്നു. കവർച്ചാശ്രമത്തിനിടെയുണ്ടായ മൽപിടിത്തത്തിൽ ട്രെയിനിനു പുറത്തേക്കു തെറിച്ചു വീണതായിരിക്കാനുള്ള സാധ്യതയാണു പൊലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്.

യോഗാധ്യാപനത്തിന്റെ ഭാഗമായി പല രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള സോജി ജോർജിനു ബൾഗേറിയയിലേക്കു സ്ഥിരം വീസ ലഭിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് കഴിഞ്ഞ 13 നാണു കേരള എക്സ്‌പ്രസിൽ ഡൽഹിക്കു പുറപ്പെട്ടത്. എസി കോച്ചിൽ റിസർവ് ചെയ്തിരുന്നെങ്കിലും ടിക്കറ്റ് ഉറപ്പാകാത്തതിനാൽ ജനറൽ കംപാർട്‌മെന്റിലായിരുന്നു യാത്ര. 14നു രാത്രി ഏഴര വരെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. രാത്രി ഏഴരയോടെ ഫോൺ സ്വിച്ഡ് ഓഫ് ആയി. ഫോണിൽ കിട്ടാതായപ്പോൾ 16നു ബന്ധുക്കൾ ബൾഗേറിയൻ എംബസിയിൽ ബന്ധപ്പെട്ടെങ്കിലും ആൾ അവിടെ എത്തിയില്ലെന്ന മറുപടിയാണു ലഭിച്ചത്.

16ന് ഉച്ചയ്ക്കു രണ്ടോടെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് അജ്ഞാത ഫോൺ കോളെത്തി. പ്രാദേശിക ശൈലി കലർന്ന ഹിന്ദിയിലുള്ള സംസാരം ഫോണെടുത്ത സോജിയുടെ പിതാവിനു മനസ്സിലായില്ല. എന്നാൽ, മറുതലയ്ക്കലുള്ളയാൾ സോജിയുടെ പേര് പലവട്ടം പരാമർശിച്ചിരുന്നു. പിന്നീട് ഈ ഫോൺ നമ്പറിൽ റെയിൽവേ പൊലീസിന്റെ സഹായത്തോടെ ബന്ധുക്കൾ ബന്ധപ്പെട്ടപ്പോഴാണ്, സോജി മരിച്ചെന്നും അക്കാര്യം പറയാൻ ഗ്വാളിയറിൽനിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനാണു വീട്ടിലേക്കു വിളിച്ചതെന്നും മനസ്സിലായത്.

പിന്നീടു റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ, 16നു പുലർച്ചെയാണ് ഗ്വാളിയറിനു സമീപത്തെ ദാത്തിയ റെയിൽവേ സ്റ്റേഷൻ പരിസരത്തു സോജിയുടെ മൃതദേഹം കണ്ടെത്തിയതെന്നു മനസ്സിലായി. ട്രാക്കിനു പുറത്തായിരുന്നു മൃതദേഹം. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളൊന്നും കണ്ടെത്താനായിട്ടില്ല. ആനി ജോർജാണു സോജിയുടെ മാതാവ്. സഹോദരങ്ങൾ: സോയി, സോണി, സോണിയ.