തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കും മുന്മന്ത്രിക്കുമെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് പാഴ്‌വാക്കായി. ബലാത്സംഗ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ പ്രാഥമിക അന്വേഷണംപോലും നടത്താതെ അന്വേഷണ സംഘത്തലവൻ വിരമിച്ചു. ഇതോടെ സോളർ കേസ് അന്വേഷണം പെരുവഴിയിലായി. സോളാർ കമ്മീഷന്റെ പേരിൽ ഒരു പെറ്റി കേസ് പോലും എടുക്കാതെയാണ് മുന്മുഖ്യമന്ത്രിക്കും മന്ത്രിമാക്കുമെതിരെ അന്വേഷണം നടത്താാൻ പിണറായി വിജയൻ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തലവൻ രാജേഷ് ദിവാൻ ഇന്നലെ വിരമിച്ചത്.

ആറു മാസം മുൻപാണ് സോളാർ കേസിലെ അഴിമതി, ബലാൽസംഗം എന്നിവ അന്വേഷഇക്കാൻ ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. എന്നാൽ, ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാതെയും ആരെയും ചോദ്യം ചെയ്യാതെയും രാജേഷ് ദിവാൻ ഇന്നലെ അന്വേഷണ കമ്മീഷന്റെ പടിയിറങ്ങി. പെറ്റി കേസ് പോലും രജിസ്റ്റർ ചെയയ്ാതെ ആറുമാസത്തെ അന്വേഷണത്തിനൊടുവിൽ രാജേഷ് ദിവാൻ വിരമിച്ചതോടെ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രഖ്യാപിച്ച അന്വേഷണം സർക്കാരിനുതന്നെ നാണക്കേടായി.

സോളർ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടി അടക്കമുള്ള രാഷ്ട്രീയക്കാർക്കും ഐപിഎസ് ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി, ബലാൽസംഗം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഉത്തരമേഖലാ ഡിജിപി: രാജേഷ് ദിവാന്റെ നേതൃത്തിൽ ഐജി: ദിനേന്ദ്ര കശ്യപ് അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. എന്നാൽ കള്ളക്കേസ് എടുക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടാണു രാജേഷ് ദിവാനും ഐജിയും തുടക്കം മുതൽ സ്വീകരിച്ചത്. ഇരുവരും ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും അറിയിച്ചു.

എന്നാൽ അന്വേഷണം നടത്തിയില്ലെങ്കിലും സംഘത്തിൽനിന്നു തൽക്കാലം പിന്മാറരുതെന്നു സർക്കാർ ഇരുവരോടും അഭ്യർത്ഥിച്ചു. അതോടെ മനസ്സില്ലാ മനസ്സോടെ ഇവർ തുടർന്നു. എന്നാൽ ആറു മാസം പിന്നിട്ടിട്ടും ഒരു കേസുപോലും രജിസ്റ്റർ ചെയ്തില്ല. രാജേഷ് ദിവാൻ ആകെ ചെയ്തത് സരിതയെ വിളിച്ച് മൊഴിയെടുക്കുക മാത്രമാണ്.

സരിത എഴുതിയതെന്നു പറയുന്ന ഏതോ കത്തിന്റെ പേരിൽ കേസെടുക്കാനാവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. കത്തിന്റെ ആധികാരികത സംശയത്തിലാണെന്നും ചൂണ്ടിക്കാട്ടി. മാത്രമല്ല, സോളർ കമ്മിഷൻ അധികാരപരിധി വിട്ടുവെന്ന ആരോപണവും ഉയർന്നിരുന്നു. മുൻപ് ഇതേ ആരോപണം ഉന്നയിച്ചു സരിത പൊലീസിനു നേരിട്ടു പരാതി നൽകിയിരുന്നു. എന്നാൽ ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും പലകുറി ആവശ്യപ്പെട്ടിട്ടും സരിത മൊഴി നൽകാൻ ഹാജരായില്ല. പലവട്ടം ആരോപണങ്ങൾ പരസ്യമായി മാറ്റിപ്പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കമ്മിഷൻ പറയുന്ന ഏതെങ്കിലും കത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യാൻ പറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിവാൻ.

ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ലൈംഗികമായി ഉപദ്രവിച്ചുവെന്ന സരിതാ നായർ എഴുതിയതായി പറയുന്ന ഒരു കത്ത് സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ ഭാഗമാക്കിയിരുന്നു. ഈ കത്ത് സർക്കാർ പുറത്ത് വിടുകയും ചെയ്യുന്നു. ഇത് വൻ വിവാദമാകുകകയും കോടതി പോലും സർക്കാരിനെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. കത്തിൽ പരാമർശിച്ചിരിക്കുന്നവർക്കെതിരെ കേസ് എഠുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡ്വക്കറ്റ് ജനറലിന്റെയും പ്രോസിക്യൂഷൻ ഡയറക്ടറർ ജനറലിന്റെയും ഉപദേശം എഴുതി വാങ്ങിയാണ് ഇവർക്കെതിരെ ലൈംഗികാതിക്രമത്തിനു കേസെടുക്കുമെന്ന് ഒക്ടോബർ 11നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ആധികാരികമല്ലാത്ത കത്തിന്റെ പേരിൽ മാത്രം കേസ് എടുക്കാനാവില്ലെന്ന ഉറച്ച നിലപാടുമായി രാജേഷ് ദിവാനും ഐജി ദിനേന്ദ്ര കശ്യപും രംഗത്തു വന്നതോടെ സർക്കാർ വെട്ടിലായി.

കേസുമായി മുന്നോട്ടു പോകുന്നതിലെ നിയമപരമായ പ്രശ്‌നങ്ങൾ രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘം ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല കമ്മിഷൻ അധികാരപരിധി വിട്ടതിനെ ചോദ്യം ചെയ്തു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതോടെയാണ് അന്വേഷണം പൂർണമായി സ്തംഭിച്ചത്. ദിവാൻ പടിയിറങ്ങിയെങ്കിലും പകരം സംഘത്തലവനെ നിയമിക്കുന്ന കാര്യവും സർക്കാർ മറന്നു.