കൊച്ചി: സോളാർ കേസിൽ സർക്കാരിന് എന്തൊക്കെയോ ഒളിക്കാനുണ്ട്. ബാർ കോഴയിൽ ധനമന്ത്രി കെഎം മാണി രാജിവച്ചു. ബാറിൽ പല മന്ത്രിമാരും പ്രതിസന്ധിയിലാണ്. ഇതിനൊപ്പമാണ് സോളാർ പേടിയും സർക്കാരിനെ അലട്ടുന്നത്. മുഖ്യമന്ത്രിക്ക് എതിരെ എന്തെങ്കിലും പരമാർശങ്ങൾ കമ്മീഷൻ നടത്തിയാൽ അത് സർക്കാരിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തും. ഈ സാഹചര്യത്തിൽ എല്ലാ തരത്തിലും ഇടപെടലുകൾ സജീവമാണ്. എങ്ങനേയും മന്ത്രിമാരെ രക്ഷിക്കാൻ രണ്ടും കൽപ്പിച്ചുള്ള പ്രവർത്തനത്തിലാണ് ഉദ്യോഗസ്ഥർ.

പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന സോളർ തട്ടിപ്പ് കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണനുമായി കഴിഞ്ഞ ഒരു മാസത്തിനിടെ ജയിൽ സൂപ്രണ്ട് നടത്തിയത് ഇരുപതോളം സ്വകാര്യ കൂടിക്കാഴ്ച. മിക്കതും ലോക്കപ്പ് സമയം കഴിഞ്ഞ് നടത്തിയതും ഒരു മണിക്കൂർ വരെ നീണ്ടതുമായിരുന്നെന്നു പൂജപ്പുര സെൻട്രൽ ജയിലിലെ ഗേറ്റ് രജിസ്റ്റർ വ്യക്തമാക്കുന്നു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്ന ദിവസങ്ങളിലും സോളർ കമ്മിഷനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിലുമായിരുന്നു തുടർച്ചയായ കൂടിക്കാഴ്ചകൾ. ബിജു രാധാകൃഷ്ണനു പുറമേ പ്രധാന കേസുകളിൽ ഉൾപ്പെട്ട വിവാദ സന്യാസി സന്തോഷ് മാധവൻ, മുൻ ഡിവൈഎസ്‌പി ആർ. ഷാജി തുടങ്ങിയവരുമായും സൂപ്രണ്ടിനു ലോക്കപ്പ് സമയം കഴിഞ്ഞുള്ള ഒട്ടേറെ സ്വകാര്യ കൂടിക്കാഴ്ചകളുണ്ടായിരുന്നതായി ഗേറ്റ് രജിസ്റ്ററിലുണ്ട്.

സോളാർ കേസിലെ പ്രധാനിയാണ് ബിജു രാധാകൃഷ്ണൻ. ആദ്യ ഭാര്യയുടെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിനകത്തുള്ള കുറ്റവാളിയെ സോളാർ കേസിൽ സ്വാധീനിക്കാൻ പല കോണുകളിൽ നിന്നും ശ്രമമുണ്ട്. മുഖ്യമന്ത്രിയുമായി കൊച്ചിയിൽ ബിജു നടത്തിയ ഒന്നരമണിക്കൂർ കൂടിക്കാഴ്ചയുടെ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ആരെകുറിച്ച് പരാതി പറയാനാണ് ബിജു എത്തിയതെന്നതിൽ ഇനിയും വ്യക്തത വന്നിട്ടുമില്ല. പലതും കോടതിയിൽ തുറന്നു പറയുമെന്നാണ് ബിജുവിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ജയിൽ സൂപ്രണ്ടിന്റെ കൂടിക്കാഴ്ചകൾ വിവാദമാകുന്നത്. ജയിലിൽ കിടക്കുമ്പോൾ സരിതാ നായരേയും സമാന രീതിയിൽ സ്വാധീനിച്ചിരുന്നുവെന്നും രേഖകളിലൂടെ പുറം ലോകം അറിഞ്ഞതാണ്.

സെൻട്രൽ ജയിലിൽ സാധാരണ ഓരോ മാസവും രണ്ടു തവണ ബ്ലോക്കുകളിലെത്തി സൂപ്രണ്ടുമാർ തടവുകാരെ കാണാറുണ്ട്. തടവുകാരുടെ പരാതി കേൾക്കാനാണ് പരേഡ് എന്ന പേരിൽ ഈ കൂടിക്കാഴ്ച. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ, ലോക്കപ്പ് സമയത്തിനു ശേഷം സൂപ്രണ്ടിന്റെ മുറിയിലേക്കു തടവുകാരെ വിളിപ്പിക്കാറുള്ളൂ. എന്നാൽ, ഒക്ടോബർ 17 മുതൽ ഇക്കഴിഞ്ഞ 13 വരെ ഇരുപതോളം തവണ ബിജു രാധാകൃഷ്ണനുമായി ജയിൽ സൂപ്രണ്ട് നടത്തിയ കൂടിക്കാഴ്ചകൾ ഇത്തരം സാഹചര്യത്തിലായിരുന്നില്ല. ബിജുവിനെ സർക്കാരിന് അനുകൂലമായി മൊഴി നൽകാനാണ് ജയിൽ സൂപ്രണ്ട് ഇടപെടൽ നടത്തിയതെന്നാണ് വിമർശനം.

വൈകിട്ട് ആറേകാലോടെയാണു ലോക്കപ് ഓഫിസറുടെ മേൽനോട്ടത്തിൽ തടവുകാരെ സെല്ലിൽ അടയ്ക്കുന്നത്. തുടർന്ന്, ഇന്റർകോം വഴി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണു സൂപ്രണ്ട് ഓരോ തവണയും ബിജുവിനെ തന്റെ മുറിയിലേക്കു വിളിച്ചുവരുത്തിയത്. കഴിഞ്ഞ 12ന് ബിജുവിനെ ഹാജരാക്കണമെന്ന സോളർ കമ്മിഷന്റെ നിർദ്ദേശം ജയിൽ സൂപ്രണ്ട് പാലിച്ചിരുന്നില്ല. ഇതിന്റെ പേരിൽ സൂപ്രണ്ടിനെ കമ്മിഷൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുറത്തുവന്ന രേഖകൾ നിർണ്ണായകമാകുന്നത്. ബിജുവിനെ വിസ്തരിക്കാനായി സോളർ കമ്മിഷന്റെ നോട്ടിസ് ലഭിച്ചതിനുശേഷമുള്ള ദിവസങ്ങളിലായിരുന്നു കൂടുതൽ കൂടിക്കാഴ്ചകൾ എന്നു ഗേറ്റ് രജിസ്റ്റർ വ്യക്തമാക്കുന്നു.

കഴിഞ്ഞ 29ന് രാത്രി 7.25 മുതൽ 8.25 വരെ, 30ന് രാത്രി 7.50 മുതൽ 9.10 വരെ, മൂന്നിനു വൈകിട്ട് 2.55 മുതൽ 3.10 വരെ, അഞ്ചിനു വൈകിട്ട് 3.40 മുതൽ 5.50 വരെ, ആറിന് വൈകിട്ട് 4.40 മുതൽ 5.05 വരെ, അന്നു തന്നെ രാത്രി 7.40 മുതൽ 8.10 വരെ, ഏഴിന് രാത്രി ഏഴു മുതൽ 7.50 വരെ.. എന്നിങ്ങനെ പോകുന്നു കൂടിക്കാഴ്ചകൾ. പെരുമ്പാവൂർ കോടതിയിൽ കേസുണ്ടായിരുന്നു എന്ന മറുപടിയാണ് 12ന് സോളർ കമ്മിഷനു മു!ൻപിൽ ബിജുവിനെ ഹാജരാക്കാത്തതിന് സൂപ്രണ്ട് നൽകിയത്. എന്നാൽ, പലതും തുറന്നു പറയുമോ എന്ന ഭയത്താൽ ജയിൽ സൂപ്രണ്ട് നടത്തിയ കള്ളക്കളി ആണിതെന്നാണ് വിമർശനം.