തിരുവനന്തപുരം: സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച തുടരന്വേഷണം എങ്ങുമെത്തുന്നില്ല. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച് രണ്ടുമാസമായെങ്കിലും പ്രാഥമികനടപടികൾപോലും തുടങ്ങിയിട്ടില്ല. പുതുതായി ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടുമില്ല. സരിതാ നായരുടെ കത്തിന്റെ നിയമപരമായ സാധുത സംബന്ധിച്ച സംശയങ്ങളാണ് ഇതിന് കാരണം. ഈ സാഹചര്യത്തിൽ സർക്കാർ വീണ്ടും നിയമോപദേശം തേടും. അങ്ങനെ വന്നാൽ കേസിൽ സർക്കാർ തേടുന്ന മൂന്നാമത്തെ നിയമോപദേശമായി ഇത് മാറും.

കത്തിന്റെയടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നാണ് കമ്മിഷൻ സർക്കാരിനു ശുപാർശ നൽകിയത്. ഉന്നതരെ ലക്ഷ്യമിട്ട് സരിതയും മുന്മന്ത്രി കെ.ബി. ഗണേശ് കുമാറും ചേർന്ന് തയ്യാറാക്കിയതാണ് കത്തെന്നാരോപിച്ച് സമർപ്പിച്ച ഹർജി കൊട്ടാരക്കര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കളും പൊലീസുദ്യോഗസ്ഥരും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സരിതയുടെ കത്തിൽ പറയുന്നത്. ഈ ഹർജിയിൽ കോടതിയുത്തരവ് വന്നശേഷമേ ഇനി അന്വേഷണം ഉണ്ടാകൂവെന്നാണ് സൂചന.

തുടരന്വേഷണം സംബന്ധിച്ച് സർക്കാർ ജസ്റ്റിസ് അരിജിത്ത് പസായത്തിൽനിന്ന് നിയമോപദേശം തേടിയിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടരന്വേഷണം പാടുള്ളൂ എന്നാണ് നിയമോപദേശം. ഈ നിയമോപദേശത്തിൽ കൂടുതൽ വ്യക്തതയ്ക്കായാണ് സർക്കാർ വീണ്ടും നിയമോപദേശം തേടുന്നത്. പ്രമുഖരെ പ്രതിസ്ഥാനത്തുനിർത്താൻ രണ്ടാമത് എഴുതിച്ചേർത്തതാണ് കത്തിലെ നാലുപേജുകളെന്നാണ് പത്തനംതിട്ട കോടതിയുടെ പരിഗണനയിലുള്ള ഹർജിയിലെ ആരോപണം. കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ കോടതിയിൽ നിലനിൽക്കുമോ എന്ന ആശങ്കയും പൊലീസിലെ ഉന്നതർക്കുണ്ട്. ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേകാന്വേഷണ സംഘം. തുടരന്വേഷണത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലൈംഗികാരോപണങ്ങൾ നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് അന്വേഷണസംഘത്തലവൻ കൂടിയായ രാജേഷ് ദിവാൻ ആവശ്യപ്പെട്ടിരിക്കുന്നു. വീണ്ടും നിയമോപദേശം തേടാൻ ഹൈക്കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകനിലാണു സർക്കാരിന്റെ കണ്ണ്. ലൈംഗിക സംതൃപ്തി നേടിയതു കൈക്കൂലിയായി കണക്കാക്കാമെന്ന ശിപാർശ അടക്കമാണ് ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് സമർപ്പിച്ചത്. ഉടനടി അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദിൽനിന്നു നിയമോപദേശം തേടിയ മുഖ്യമന്ത്രി വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് ദിവസം വാർത്താസമ്മേളനം വിളിച്ച് നടപടി പ്രഖ്യാപിച്ചു. അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിനു പുറമേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരേ ലൈംഗികാരോപണങ്ങളിൽ പൊലീസ് അന്വേഷണവുമാണു പ്രഖ്യാപിച്ചത്.

പിന്നീട് അന്വേഷണത്തിൽ വ്യക്തത തേടി കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ അരിജിത് പസായത്തിനെ സമീപിച്ചു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടരന്വേഷണം പാടുള്ളൂ എന്ന് ജസ്റ്റിസ് പസായത്ത് നിയമോപദേശം നൽകി. ഇത് അന്വേഷണസംഘത്തെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കി. ബിർള-സഹാറ ഡയറിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ വിധി സോളാർ തുടരന്വേഷണ കാര്യത്തിലും ബാധകമാണോ എന്നും അന്വേഷണസംഘം ഇതിനിടെ പരിശോധിച്ചു.

ആധികാരികതയില്ലാത്ത കടലാസുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പാടില്ലെന്നാണ് പ്രധാനമന്ത്രിക്കെതിരേ ആരോപണമുയർന്ന ബിർള-സഹാറ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനമാണ് സോളാർ കമ്മിഷൻ റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരിൽ കേസെടുക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ആരോപണം ഉയര്ന്നവരുമായി സരിത നിരന്തരം ബന്ധപെട്ടതിനും തെളിവുണ്ട് . 214 സാക്ഷികളെ വിസ്തരിച്ചും 812 രേഖകൾ പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷൻ കണ്ടെത്തി.2 കോടി 16 ലക്ഷം രൂപ സോളാർ കമ്പനിയിൽ നിന്ന് ഉമ്മൻ ചാണ്ടി വാങ്ങിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.പണം കൈമാറിയത് ക്ളിഫ് ഫൗസിൽ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയിൽ നിന്ന് കൈപ്പറ്റി.ഉമ്മൻ ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാർ കമ്പനിയെ സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാർശ. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതിക്കെതിരായ കേസ് ഉറപ്പാണ്. എന്നാൽ ലൈംഗിക പീഡനത്തിൽ തെളിവ് കിട്ടിയാൽ മാത്രമേ കേസെടുക്കൂ. സരിതയുടെ മൊഴിയിൽ മാത്രം നിയമനടപടിയുണ്ടാകില്ലെന്നാണ് സൂചന. സോളാർ കേസിന്റെ തുടക്കത്തിൽ യുഡിഎഫിനൊപ്പമായിരുന്നു സരിത. പിന്നീട് നിലപാട് മാറ്റി. ഇതോടെയാണ് ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണങ്ങളുമായി എത്തിയത്. കമ്മീഷൻ റിപ്പോർട്ട് വരുമ്പോഴൂം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേയുള്ള ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണ് സരിത എസ്. നായർ. ജുഡിഷ്യൽ റിപ്പോർട്ടിൽ നടപടിക്ക് ഉത്തരാവായ ദിവസം തന്നെ സരിത നിലപാടുകൾ വിശദീകരിച്ചിരുന്നു. തന്റെ മൊഴിക്കപ്പുറമുള്ള വിശദാംശങ്ങൾ കൂടി അവർ ക്യാമറയ്ക്കു മുന്നിൽ തുറന്നടിച്ചു.

ഇതുമായി ബന്ധപ്പെട്ട് സരിത മാധ്യമങ്ങൾക്ക് മുമ്പിൽ നടത്തിയ തുറന്നു പറച്ചിൽ ഇങ്ങനെയായിരുന്നു. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരുടെ ചൂഷണം അതിരു കടന്നപ്പോഴാണ് ഇക്കാര്യങ്ങൾ തുറന്നു പറയുക എന്ന നിലപാടിലേയ്ക്ക് താൻ എത്തിയത്. ഉമ്മൻ ചാണ്ടി അപമര്യാദയായി പെരുമാറിയത് തന്നെ ഞെട്ടിച്ചു. പിതൃതുല്യനായിരുന്ന ഉമ്മൻ ചാണ്ടിയിൽ നിന്നാണ് ഇതുണ്ടായത്. സോളാർ കമ്പനിയുടെ ഒഫിഷ്യൽ കാര്യങ്ങൽ എല്ലാം പറഞ്ഞിരുന്നത് താൻ ഉമ്മൻ ചാണ്ടിയോടായിരുന്നു. ഈ പ്രതീക്ഷയാണ് തെറ്റിയത് . ഇക്കാര്യത്തിൽ ഞാൻ ഒരു ടൂൾ ആക്കപ്പെടുകയായിരുന്നു.1.9 കോടി രൂപയാണ് ഞാൻ നേരിട്ട് ഉമ്മൻ ചാണ്ടിക്ക് നൽകിയത്. ഡൽഹിയിൽ കേരളാ ഹൗസിൽ വെച്ചും ബാക്കി തുക തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തു വെച്ചുമാണ് കൈമാറിയത്. കേരളാ ഹൗസിൽ വെച്ച് തോമസ് കുരുവിളയുടെ കൈവശം പണം നൽകാൻ ഉമ്മൻ ചാണ്ടി തന്നെയാണ് ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് താൻ പണം നല്കിയതെന്നും സരിത തുറന്നു പറഞ്ഞിരുന്നു.

ക്ലിഫ് ഹൗസിൽ വച്ചാണ് ഉമ്മൻ ചാണ്ടി തന്നോട് അപര്യാദയായി പെരുമാറിയത്. എമർജിങ് കേരളയ്ക്കു ശേഷം മുട്ട് വേദനയെ തുടർന്ന് അദ്ദേഹം വിശ്രമത്തിൽ ഇരുന്ന അവസരത്തിലാണ് സംഭവം. മറ്റ് സന്ദർശകരെ അനുവദിച്ചിരുന്നില്ലെങ്കിലും തനിക്ക് പ്രത്യേക അനുമതി നൽകിയാണ് ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയതെന്നും സരിത പറഞ്ഞു. അന്ന് അഞ്ചു മണിക്കാണ് തന്നോട് ചെല്ലാൻ പറഞ്ഞതെങ്കിലും ആറുമണിയോടെയാണ് താൻ അവിടെ എത്തിയത്. സോളാർ കമ്പനിയിൽ നിന്ന് ബിജു രാധാകൃഷ്ണൻ പിരിഞ്ഞപ്പോൾ ലാഭവീതത്തിലും പങ്കാളിത്തത്തിലും മാറ്റമുണ്ടായി. ഇതേക്കുറിച്ചു സംസാരിക്കാനും തീരുമാനം എടുക്കാനാണ് തന്നെ ഔദ്യോഗിക വസതിയിലേയ്ക്ക് വിളിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അവിടെ ഇല്ലെന്നും മനസ്സിലായി. കോട്ടയത്ത് എന്തോ നേർച്ചയ്ക്കായി പോയതായിരുന്നു അവർ.

സോളാർ കരാറിന്റെ ഇൻവസ്റ്റ് റേഷ്യോയെ കുറിച്ചാണ് സംസാരിച്ചത്. എന്നാൽ ഗണേശ് കമാറിന്റെ വിഷയമാണ് ഉമ്മൻ ചാണ്ടി അന്നു സംസാരിച്ചു തുടങ്ങിയതെന്നും സരിത ഓർമ്മിച്ചു. ക്‌ളിഫ് ഹൗസിൽ ടി വി കാണുന്ന മുറിയിലായിരുന്നു മുഖ്യമന്ത്രി. അവിടെവച്ചാണ് തനിക്കു ഷോക്കിംഗായ എക്‌സപീരിയൻസ് ഉണ്ടായതെന്നും സരിത വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിലൊന്നും വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ് കരുതുന്നില്ല. അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ചെങ്കിലും തെളിവ് കിട്ടാത്തതിനാൽ കേസ് എഴുതി തള്ളേണ്ട അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ സരിതയുടെ വെളിപ്പെടുത്തലുകളിൽ ആർക്കെതിരേയും കേസെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന.