തിരുവനന്തപുരം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിയുടെ പരിഹാരമായിരുന്നു സോളാർ. ഗുജറാത്തിലെ പദ്ധതി വിജയത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ വികസന മുഖത്തിന് കരുത്ത് നൽകി അഴിമതിയുടെ പുത്തൻ സാധ്യതകൾ തുറക്കുകയായിരുന്നു ലക്ഷ്യം. കമ്മീഷൻ വീതം വയ്‌പ്പിന്റെ ചർച്ചകളും അതിമോഹവും വിനിയായപ്പോൾ ഈ ലക്ഷ്യമെല്ലാം തകർന്നു. ഒന്നും നടന്നുമില്ല പേരു ദോഷവും. ഇടപാടുകാർക്ക് വാഗ്ദാനം ചെയ്ത് സരിത പിരിച്ചത് കോടികളാണ്. കേന്ദ്ര സർക്കാരിന്റെ സബ്‌സിഡി ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്. അനർട്ടിന്റെ ഫണ്ട് അടിച്ചെടുക്കാനായിരുന്നു ഇതെല്ലാം. എന്നാൽ ആദ്യ ഇടപാടുകാരന് പോലും നേട്ടം എത്തും മുമ്പേ എല്ലാം പൊളിഞ്ഞതിനാൽ ഖജനാവ് കാലിയായില്ല.

സംസ്ഥാന സർക്കാറിന്റെ അന്വേഷണം ഏജൻസികളുടെ കണക്കിൽ സോളാർ തട്ടിപ്പ് പത്ത് കോടി രൂപയുടേതാണ്. എന്നാൽ, കള്ളപ്പണം നിക്ഷേപിച്ചവർക്കാണ് കൂടുതൽ പണം നഷ്ടമായത് എന്ന കാര്യം കൂടി പരിഗണിക്കുമ്പോൾ തട്ടിപ്പ് കോടികളുടെ തുക ഇനിയും വലുതാകും. സംസ്ഥാനത്തെ വിവിധ കോടതികളിൽ 42 കേസുകളാണ് സരിതയ്ക്കും കൂട്ടർക്കുമെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ പല കേസുകളും സരിത പണം നൽകി ഒത്തുതീർപ്പാക്കി. കൂടാതെ പ്രാരംഭ ഘട്ടത്തിൽ തന്നെ നാല് കേസുകളും തീർപ്പാക്കി. ഇനി വിധി കാത്തിരിക്കുന്നത് 39 കേസുകളാണ്. ആദ്യകേസിൽ ആറ് വർഷം തടവിന് ശിക്ഷ ലഭിച്ചതോടെ തുടർന്നുള്ള കേസുകളിലെ വിധിയും അതീവ പ്രാധാന്യമുള്ളവയാകുമെന്ന കാര്യം ഉറപ്പാണ്.

അപ്പോഴെല്ലാം സരിത ഒന്നും പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയേയും സർക്കാരിനേയും വെട്ടിലാക്കാതിരക്കാൻ പരമാവധി ശ്രദ്ധിച്ചു. ഇന്ന് സോളാർ കമ്മീഷനിൽ സരിത തെറ്റിച്ചത് ഈ പതിവാണ്. പലരും പറഞ്ഞിരുന്ന പലതും സരിത തുറന്നു പറഞ്ഞു. അതും ജ്യൂഡീഷ്യൽ കമ്മീഷന് മുന്നിൽ. അങ്ങനെ സോളാറിൽ സർക്കാർ വീണ്ടും പ്രതിസന്ധിയിലാകുന്നു. പത്തനംതിട്ടയിലെ കോൺഗ്രസുകാരൻ ശ്രീധരൻ നായരുടെ തുറന്നു പറച്ചിലോടെയാണ് സോളാർ കേസ് കേരള രാഷ്ട്രീയത്തിൽ ചർച്ചയായത്. ഇതേ തുടർന്ന് പല വെളിപ്പെടുത്തലമുണ്ടായി. എല്ലാം വിരൽ ചൂണ്ടിയത് മുഖ്യമന്ത്രിക്ക് നേരെ. അപ്പോഴും തനത് ശൈലിയിൽ മുഖ്യമന്ത്രി ഒഴിഞ്ഞു മാറി.

പാലക്കാട്ട് കാറ്റാടി പാടവും സോളാർ പാനലുകളും സ്ഥാപിക്കാൻ സരിതയ്ക്ക് 40 ലക്ഷം കൈമാറിയെന്നും പിന്നീടു ചതിച്ചെന്നുമായിരുന്നു ശ്രീധരൻ നായരുടെ പരാതി. ഈ പരാതിയാണ് സംസ്ഥാന സർക്കാറിനെ നേരിട്ട് ബാധിക്കാൻ പോകുന്നത്. തനിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നേരിട്ടു ബന്ധമുണ്ടെന്ന് സ്ഥാപിച്ചാണ് സരിത പണം തട്ടിയത്. ഇതിനായി തന്നെ ഒപ്പം കൂട്ടി സരിത മുഖ്യമന്ത്രിയേയും പേഴ്‌സണൽ സ്റ്റാഫംഗം ടെനി ജോപ്പനെയും കണ്ടെന്നും ശ്രീധരൻ നായർ പറഞ്ഞിരുന്നു. ശ്രീധരൻ നായർ കോടതിയിലെത്തിയതിന് പിന്നാലെ , തട്ടിപ്പിന്റെ ഇരകൾ ഒന്നൊന്നായി രംഗത്ത് വന്നു.

സോളാർ തട്ടിപ്പു നടത്തിയവർ ലക്ഷ്യമിട്ടത് പതിനായിരത്തോളം കോടിയുടെ തട്ടിപ്പായിരുന്നു. കേന്ദ്ര സർക്കാരിന്റെ നയം മാറ്റം തിരിച്ചറിഞ്ഞ് തയ്യാറാക്കിയ തിരക്കഥ. കെ കരുണാകരന്റെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന പാവം പയ്യനാണ് ഇതിന്റെ സാധ്യതകൾ സർക്കാരിനെ അറിയിച്ചത്. അദ്ദേഹം നൽകിയ പ്രോജക്ട് റിപ്പോർട്ടിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞായിരുന്നു സോളാറിലേക്ക് പലരും കണ്ണെറിഞ്ഞത്. ഇതിന് ടീം സോളാറിനെ നിയോഗിക്കുകയും ചെയ്തു. എന്നാൽ പദ്ധതിയുടെ സാധ്യതകൾ പലരേയും ഇതിലേക്ക് എത്തിച്ചു. അങ്ങനെ പദ്ധതി സ്വന്തമാക്കാൻ ഒരുമിച്ച് നിന്നവർ തന്നെ തമ്മിലടിച്ചു. ഇതോടെ ടീം സോളാർ പണം നൽകിയവർക്ക് അതിന്റെ ഗുണം ലഭിച്ചില്ല. ഇതോടെ പാരിതകളും പരിഭവങ്ങളും ഉയർന്നു. ഇതിൽ സർക്കാർ ആടിയുലഞ്ഞു.

സംസ്ഥാനത്തിന്റെ സോളാർ എനർജി പോളിസിയുടെ മറവിലാണ് സർക്കാർ പണം വൻതോതിൽ സബ്‌സിഡി ഇനത്തിൽ ചെലവിടുന്ന സോളാർ പദ്ധതി അഴിമതി നടത്താൻ പദ്ധതിയിട്ടത്. സംസ്ഥാനത്തെ പതിനായിരം മേൽക്കൂരകളിൽ സോളാർപദ്ധതിക്കുള്ള പാനലുകൾ സ്ഥാപിക്കുമെന്നാണ് സോളാർ എനർജി നയത്തിന്റെ കരടിൽ വ്യക്തമാക്കിയിരുന്നത്. ഈ നയം മാറ്റമായിരുന്നു തട്ടിപ്പിലേക്ക് സാധ്യതകളെത്തിച്ചത്. നയം അനുസരിച്ച് രണ്ടാം ഘട്ടത്തിൽ 25000 മേൽക്കൂരകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത ഘട്ടത്തിൽ ഇതിനിരട്ടി സ്ഥലത്തും പാനലുകൾ സ്ഥാപിക്കും. ഇതിലൂടെ 2017 ആകുമ്പോഴേക്ക് 500 മെഗാവാട്ടും 2030 ആകുമ്പോഴേക്ക് 1500 മെഗാവാട്ട് സൗരോർജ്ജവും ഉൽപാദിപ്പിക്കാമെന്നും ലക്ഷ്യമിടുന്നു. ഒരു കിലോവാട്ട് സൗരോർജ്ജം ഉൽപാദിപ്പിക്കുന്ന പാനൽ തയ്യാറാക്കാൻ 39,000 രൂപ കേരള സർക്കാർ സബ്‌സിഡി നൽകും.

കേന്ദ്ര സർക്കാർ നൽകുന്ന സബ്‌സിഡി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് സംസ്ഥാനം നൽകുന്നതിലും കൂടുതലായിരിക്കും. ഒരു കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കാൻ പാനൽ സ്ഥാപിക്കുന്നതിന് രണ്ടു ലക്ഷത്തോളം രൂപ ചെലവുവരുമ്പോൾ 80,000 മാത്രമാണ് ഉപഭോക്താവിന് കയ്യിൽ നിന്ന് മുടക്കേണ്ടിവരുന്നത്. ഈ സബ്‌സിഡി പണത്തിൽ കണ്ണുവച്ചും കമ്പനികളിൽ നിന്നുലഭിക്കുന്ന കമ്മീഷനിൽ നോട്ടമിട്ടുമാണ് സോളാർ പാനൽ തട്ടിപ്പുകാർ പദ്ധതികളാവിഷ്‌കരിച്ചത്. വർദ്ധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധി മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് സർക്കാർ നടത്തിയതെങ്കിൽ സോളാർ തട്ടിപ്പുകാർ ലക്ഷ്യമിട്ടത് ഇടനിലനിന്നുകൊണ്ട് നേടാവുന്ന കോടികളാണ്. പതിനഞ്ചോളം കമ്പനികളെയാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള ഏജൻസിയായി സർക്കാർ മുന്നിൽ കണ്ടിരുന്നത്. ഇതിലൊന്നാരുന്നു സരിതയുടെ ടീം സോളാർ കമ്പനിയും.

ശ്രീധരൻ നായരുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്‌ക്കെതിരായ വെളിപ്പെടുത്തൽ ഏറെ കോളിളക്കമുണ്ടാക്കി. ബിജു രാധാകൃഷ്ണന്റേയും സരിതാ എസ് നായരുടേയും അറസ്റ്റും ജയിൽ വാസവുമെല്ലാം ചർച്ചയായി. ഇതിനിടെയിൽ ആദ്യ ഭാര്യയെ കൊന്ന കേസിൽ ബിജു രാധാകൃഷ്ണൻ ജയിലിലുമായി. ഉമ്മൻ ചാണ്ടിയുടെ മകന് ഇതിലുള്ള താൽപ്പര്യവും ചർച്ചയായി. ഇതിനെല്ലാം കാരണം സോളാർ പദ്ധതിയുടെ നടത്തിപ്പ് ചുമതല ആർക്ക് നൽകണമെന്ന ഭിന്നതയായിരുന്നു. സരിതയ്ക്ക് പദ്ധതിയുടെ നടത്തിപ്പ് നൽകുന്നതിനെ കോൺഗ്രസിലെ ഒരു വിഭാഗം എതിർത്തു. ഇതോടെ സരിതയുടെ പദ്ധതികൾക്ക് അംഗീകരാം നൽകാതെയായി. ഈ കൂട്ടുകെട്ടിന്റെ വിശ്വാസ തകർച്ചയാണ് സോളാർ അഴിമതിയെ പുറം ലോകത്തുകൊണ്ടുവന്നത്.

സോളാറിലെ ഗുജറാത്ത് മോഡലിന്റെ വിജയത്തിൽ ഊർജ്ജ പ്രതിസന്ധി മറികടക്കുകയെന്ന വ്യാജേനയാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്. സരിതയുടെ ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ എല്ലാം കൈവിട്ടു. ഉന്നതരുടെ പേരുകൾ ചർച്ചയായതോടെ സോളാറിൽ കോടികളുടെ നേട്ടം സ്വപ്‌നം കണ്ടവർ വിവാദപുരുഷന്മാരായി. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ബെന്നി ബെഹന്നാൻ, ആന്റോ ആന്റണി തുടങ്ങിയവരുടെ പേരുകളും പ്രതിസ്ഥാനത്ത് എത്തി. പിസി ജോർജ് ഇവരുടെയെല്ലാം ഇടപെടൽ പരസ്യമായി പറഞ്ഞു. ഇതൊക്കെ ശരിവയ്ക്കുന്ന തരത്തിലാണ് സോളാർ കമ്മീഷനിലെ സരിതയുടെ ഇന്നത്തെ ഇടപെടൽ.

സോളാർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകളുമായി പി സി ജോർജ്ജ് എംഎൽഎ രംഗത്തെത്തിയിരുന്നു. എങ്ങനെയാണ് തട്ടിപ്പ് പൊളിഞ്ഞതെന്ന് ജോർജ് വിശദീകരിച്ചത് ശ്രദ്ധേയമായികുന്നു. സർക്കാറിൽ നിന്നുള്ള ഗ്രാൻഡ് തട്ടാൻ വേണ്ടി സരിതയെ മുൻനിർത്തി പ്രമുഖരാണ് സോളാർ ഇടപാട് നടത്തിയത്. സോളാർ സാമ്ബത്തിക ഇടപാടിന്റെ കേന്ദ്രബിന്ദു ആന്റോ ആന്റണി എംപിയാണെന്നും പി സി ജോർജ്ജ് ആരോപിച്ചു. സരിതയുടെ സോളാർ കമ്ബനിക്ക് വേണ്ടി ആന്റോ ആന്റണി എം പിയും വേണ്ട സഹായം ചെയ്തു കൊടുത്തു. സോളാറിന്റെ പേരിൽ നടന്നത് വൻ സാമ്ബത്തിക തിരിമറിയാണെന്നും ജോർജ്ജ് പറഞ്ഞു. ബാലകൃഷ്ണപ്പിള്ള കമ്മീഷന് നൽകിയ മൊഴി ശരിയാണ്. സോളാർ കേസിൽ സരിത വെറും ഏജന്റ് മാത്രമായിരുന്നെന്നും 1,6 ലക്ഷം കോടി കോടി രൂപയുടെ ബിസിനസായിരുന്നു സോളാർ ഇടപാടെന്നും അതിൽ മുഖ്യമന്ത്രിക്കും ആന്റോആന്റണി എംപിക്കും പങ്കുണ്ടെന്നും ജോർജ് പറഞ്ഞിരുന്നു. ഇതെല്ലാം തെളിയിക്കുന്ന രേഖകൾ പി.സി ജോർജ് സോളാർ കമ്മീഷന് കൈമാറുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് എല്ലാ മേഖലകളിലേക്കും സോളാർ വ്യാപിപ്പിക്കാൻ മുഖ്യമന്ത്രിയടക്കം ഇടപെട്ടതിന് തന്റെ കൈയിൽ തെളിവുണ്ട്. ഇടപാടിൽ മന്ത്രി ആര്യാടനും കെ ബാബുവിനും പങ്കുണ്ട്. ആന്റോ ആന്റണി എംപിയാണ് ഇതിലെ ബിസിനസ് സാധ്യത ഏറ്റവും കൂടുതൽ മനസിലാക്കിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും അതിൽ പങ്കുണ്ട്. സോളാർ ഇടപാടിൽ മന്ത്രിമാരായ ആര്യാടൻ മുഹമ്മദിനും കെ.ബാബുവിനും വ്യക്തമായ പങ്കുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ചിലർ ഇതൊരു ബിസിനസായി കൊണ്ടുപോകാമെന്ന് തിരുമാനിച്ചിരുന്നു. ഇതെല്ലാം തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്നും പി.സി.ജോർജ് വെളിപ്പെടുത്തി.

മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുമായുള്ള ബന്ധത്തെ തുടർന്നാണ് ആന്റോ ആന്റണി എംപി ഈരാറ്റുപേട്ടയിൽ വലിയൊരു ഫാക്ടറി തന്നെ സ്ഥാപിച്ചു. പദ്ധതിക്കായി വഴിവിട്ട നടപടികളിലൂടെ സബ്‌സിഡി ലഭിക്കുന്നതിനാണ് ഇവർ ശ്രമിച്ചത്. പിന്നീട് ആന്റോ ആന്റണി ബിസിനസിൽ സജീവമായതോടെ സരിതയുടെ ബിസിനസ് നിലച്ചു. അങ്ങനെയാണ് നിലവിലെ സ്ഥിതിയിലേക്ക് സോളാർ ബിസിനസ് എത്തിയതെന്നും പി.സി ജോർജ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മന് ഇതിലെ പങ്ക് ആദ്യം മുതലേ ചർച്ചയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ തോമസ് കുരുവിളയും ജിക്കുമോനും തന്നെയായിരുന്നു ഇടപാടുകൾ ആദ്യ ഘട്ടത്തിൽ നടത്തിയത്. എല്ലാം ഭംഗിയായി കലാശിക്കുമെന്ന് മുഖ്യമന്ത്രിയും കരുതി. എന്നാൽ മറ്റ് ബിസിൻസ് താൽപ്പര്യങ്ങൾ വന്നതോടെ വൈദ്യുത വകുപ്പു പോലും സരിതയെ മറന്നു. ഇത് തന്നെയാണ് സോളാർ പദ്ധതിയെ താളം തെറ്റിയത്.