തിരുവനന്തപുരം : സോളാർ കമ്മീഷനിൽ എന്ത് സംഭവിക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കമ്മീഷൻ നിഗമനങ്ങൾ പുറത്തുവരുമോ എന്നതായിരുന്നു ചർച്ച വിഷയം. അതുണ്ടായാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും കൂടുതൽ പ്രതിരോധത്തിൽ പോകേണ്ടി വരുമായിരുന്നു. തമ്പാനൂർ രവിയടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ വിസ്താരവും നടക്കേണ്ടതുണ്ട്. ഇതെല്ലാം കോൺഗ്രസിന് രാഷ്ട്രീയമായി തിരിച്ചടിയാകുമോയിരുന്നു. എന്നാൽ എന്തോ എന്ന് സംഭവിച്ചുവെന്നാണ് സൂചന. സർക്കാരിന്റെ പുതിയ തീരുമാനം നൽകുന്ന സൂചനയതാണ്.

സോളാർ അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജി. ശിവരാജനെ അതീവരഹസ്യമായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാനായി സർക്കാർ നിയമിച്ചു. ഇന്നലെ വൈകിയാണ് ഉത്തരവ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടു മുമ്പ് അതിവേഗതയിൽ ഫയൽ നീക്കിയാണ് തീരുമാനം. സോളാർ അന്വേഷണ റിപ്പോർട്ട് നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പു നൽകാതെ മാറ്റിവച്ചതിനുള്ള പ്രത്യുപകാരമാണു നിയമനം. ഒരു അന്വേഷണ കമ്മിഷൻ ചെയർമാനെ അന്വേഷണം നടക്കുമ്പോൾതന്നെ കനത്ത ശമ്പളം നൽകി മറ്റൊരു സർക്കാർ കമ്മിഷന്റെ തലപ്പത്ത് നിയമിക്കുന്നത് അത്യപൂർവസംഭവമാണ്.

സോളാർ കമ്മീഷനിലെ നടപടികളെ പ്രതീക്ഷയോടെയാണ് ഇടതു മുന്നണി കണ്ടിരുന്നത്. ജസ്റ്റീസ് ശിവരാജന്റെ ഓരോ വാക്കും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലായിരുന്നു. ഇതിനിടെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ തന്നെ എത്തി. കമ്മീഷനിൽ വിശ്വാസമില്ലെന്ന് യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ തന്നെ പ്രഖ്യാപിച്ചു. അങ്ങനെ മുന്നണി നേതൃത്വത്തിന് പോലും താൽപ്പര്യമില്ലാത്ത ശിവരാജനെ ഉന്നത പദവിയിൽ സർക്കാർ നിയമിക്കുന്നതാണ് ശ്രദ്ധേയം. ഇത് പുതിയ ചർച്ചകൾക്കും വഴിയൊരുക്കും.

കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച ചർച്ച നടന്നപ്പോൾ ഒരുവിഭാഗം മന്ത്രിമാർ അതിരൂക്ഷമായ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും വിലപ്പോയില്ല. ജസ്റ്റിസ് ജി. ശിവരാജനുപുറമേ പിന്നാക്ക സമുദായ വികസന വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. ഇന്ദർജിത് സിങ്, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, അഡ്വ. വി.എ. ജെറോം എന്നിവരെ ഉൾപ്പെടുത്തിയാണ് 1993 ലെ കേരള സംസ്ഥാന കമ്മിഷൻ ആക്ട് വകുപ്പ് 3 പ്രകാരം പിന്നാക്ക വിഭാഗ കമ്മിഷൻ പുനഃസംഘടിപ്പിച്ചത്. ജസ്റ്റീസ് ശിവരാജനെ സ്വാധീനിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് സൂചന.

ഏപ്രിൽ അവസാനത്തോടെ സോളാറിൽ റിപ്പോർട്ട് നൽകുമെന്നായിരുന്നു ജസ്റ്റീസ് ശിവരാജൻ ആദ്യം പറഞ്ഞത്. എന്നാൽ മൊഴിയെടുപ്പ് പൂർത്തിയാകാത്തതിനാൽ അതിന് സാധിക്കുമോ എന്ന സംശയവും ഉയർത്തി. ഇതിനിടെയാണ് പുതിയ നിയമനവും മറ്റും എത്തുന്നത്. ഏതായാലും ഈ തെരഞ്ഞെടുപ്പിന് മുമ്പ് സോളാർ റിപ്പോർട്ട് എത്തില്ലെന്നാണ് സൂചന. തമ്പാനൂർ രവിയടക്കമുള്ളവരുടെ മൊഴിയെടുക്കലിൽ കമ്മീഷൻ എടുക്കുന്ന നിലപാടും നിർണ്ണായകമാകും. ഇതോടെ സോളാർ കമ്മിഷന്റെ അന്തിമ ഉത്തരവ് എന്തായിരിക്കുമെന്നതിനെക്കുറിച്ച് സംശയം ഉയർന്നിട്ടുണ്ട്.

ശിവരാജന്റെ നിയമനത്തെക്കുറിച്ച് സർക്കാരുമായി ചർച്ച നടത്തിയത് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇദ്ദേഹത്തെ നിയമിക്കുമെന്ന് ഉറപ്പു നൽകിയശേഷമാണു കമ്മിഷനും മന്ത്രിമാരും ഉൾപ്പെട്ട നേതാക്കൾ തമ്മിൽ അതിരൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെട്ടത്. ഇതെല്ലാം നാടകമാണെന്നു തെളിയിക്കുന്നതാണ് പുതിയ നിയമനമെന്ന വാദവും ശക്തമാണ്. നേരത്തെതന്നെ പിന്നാക്ക കമ്മിഷൻ ചെയർമാനായിരുന്ന ജസ്റ്റിസ് ശിവരാജന്റെ കാലാവധി അവസാനിച്ചതിനെതുടർന്നാണ് അദ്ദേഹത്തെ സോളാർ കമ്മിഷൻ അധ്യക്ഷനാക്കിയത്. വി എസ് അച്യൂതാനന്ദൻ സർക്കാരാണ് നേരത്തെ ശിവരാജനെ പിന്നാക്ക കമ്മീഷൻ ചെയർമാനായി നിയമിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്മിഷൻ പരസ്യപ്രസ്താവന നടത്തിയെങ്കിലും അപ്രതീക്ഷിതമായി മലക്കം മറിയുകയായിരുന്നു. സാധാരണഗതിയിൽ നിശ്ചിത കാലയളവിലേക്കു പുതിയ കമ്മിഷനെ നിയമിക്കുകയാണു പതിവ്. അതിനുപകരം പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ തുടരാനാണു നിർദ്ദേശിച്ചിട്ടുള്ളത്. ജസ്റ്റിസ് ശിവരാജന്റെ പുതിയ നിയമനത്തിനെതിരേ പ്രതിപക്ഷം ഗവർണറെ സമീപിക്കുമെന്നും സൂചനയുണ്ട്.