തിരുവനന്തപുരം: ഉമ്മൻ ചാണ്ടി, ബെന്നി ബഹന്നാൻ, ആര്യാടൻ മുഹമ്മദ് ഇങ്ങനെ സരിതാ എസ് നായരുമായി പണമിടപാട് നടത്തിയെന്ന് ആരോപിക്കുന്ന രാഷ്ട്രീയക്കാരെല്ലാം നെട്ടോട്ടത്തിലാണ്. ഏത് സമയവും വിജിലൻസിന്റെ അന്വേഷണ സംഘം ഈ നേതാക്കളെ തേടിയെത്തും. സോളാർ ഇടപാടും അഴിമതിയെന്ന നിഗമനത്തിലാണ് ജേക്കബ് തോമസ്. ഔദ്യോഗിക സ്ഥാനങ്ങൾ ദുരുപയോഗപ്പെടുത്തിയാണ് സരിതയ്ക്ക് കോടികൾ സമ്പാദിക്കാൻ നേതാക്കൾ അവസരമൊരുക്കിയത്. അതുകൊണ്ട് തന്നെ അവരെ കുടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വിവാദമായ സോളാർ കേസിലെ കോടികളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ രഹസ്യാന്വേഷണം തുടരുകയാണ്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് ഇത്. സരിതയേയും ബിജു രാധാകൃഷ്ണനേയും ചോദ്യം ചെയ്യാനും സാധ്യതയുണ്ട. സർക്കാർ ഖജനാവിൽ നിന്ന് പണമൊന്നും നഷ്ടമായില്ലെങ്കിലും സോളാറിലേതും അഴിമതിയാണെന്ന് ജേക്കബ് തോമസ് പ്രാഥമികമായി വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ സോളാർ ഇടപാടിൽ കോടികൾ സമ്പാദിച്ച രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണു വിജിലൻസ് ഡയറക്ടറുടെ നീക്കം. സോളാർ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒരുകാരണവശാലും പുറത്തുപോകരുതെന്നും ജേക്കബ് തോമസ് കർശനനിർദ്ദേശം നൽകി. അതീവ രഹസ്യമായാണ് നീക്കങ്ങൾ.

സോളാർ ഇടപാടിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം യു.ഡി.എഫിലെ നിരവധി പ്രമുഖർക്കു കോടികൾ കോഴ നൽകിയതായി പ്രതി സരിത എസ്. നായർ വെളിപ്പെടുത്തിയിരുന്നു. സരിതയിൽനിന്നു പണം കൈപ്പറ്റിയ യു.ഡി.എഫ്. നേതാക്കൾക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് ഇടതുപക്ഷം നിരവധി സമരങ്ങളും നടത്തി. ഇടതുസർക്കാർ അധികാരമേറ്റതോടെ കോഴയുടെ വിശദാംശങ്ങളടങ്ങിയ പരാതി സരിത മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടു കൈമാറിയിരുന്നു. ഈ പരാതിയാണ് വിജിലൻസ് പരിശോധിക്കുന്നത്. കോൺഗ്രസിലെ എ വിഭാഗത്തിലെ പ്രധാനികളെ എല്ലാം കേസിൽ കുടുക്കാനാണ് നീക്കം. വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന് നേരെയാകും പ്രധാനമായും അന്വേഷണം നീളുക.

സംസ്ഥാനത്തിനു പാരമ്പര്യേതര ഊർജനയം രൂപീകരിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടുതവണയായി 1,96 കോടി രൂപ കൈപ്പറ്റിയെന്നു സരിത പിണറായിക്കു നൽകിയ പരാതിയിലുണ്ട്. ഡൽഹിയിൽ ഉമ്മൻ ചാണ്ടിയുടെ സഹായിയായ തോമസ് കുരുവിള 1.10 കോടിയും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ 86 ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് ആരോപണം. സോളാർ ഇടപാടിന്റെ കമ്മീഷനായി ഉമ്മൻ ചാണ്ടി വീണ്ടും 2.1 കോടി രൂപ വാങ്ങിയെന്നു സരിത ആരോപിച്ചിരുന്നു. മുൻവൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദ് 25 ലക്ഷം രൂപയും മുൻ എംഎ‍ൽഎ: പി.സി. വിഷ്ണുനാഥ് രണ്ടുലക്ഷം രൂപയും മുൻ കേന്ദ്രമന്ത്രി പളനിമാണിക്യം 25 ലക്ഷം രൂപയും കൈപ്പറ്റി.

തന്നെ തിരുവനന്തപുരത്തെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത ഡിവൈ.എസ്‌പി: ഹരികൃഷ്ണൻ കണ്ടെടുത്ത സ്വർണവും പണവും കടത്തിയതായും സരിത ആരോപണമുന്നയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ കഴമ്പുണ്ടോയെന്നു വിജിലൻസ് അന്വേഷിച്ചുവരുന്നു. ഇതു സംബന്ധിച്ചു പൂർണവിവരങ്ങൾ ലഭിച്ചശേഷമാകും ഏതൊക്കെ കേസുകളിൽ തരംതിരിച്ച് അന്വേഷണം വേണമെന്നു വിജിലൻസ് ഡയറക്ടർ അന്തിമതീരുമാനമെടുക്കുക. എഡിജിപിയായ പത്മകുമാറിനെതിരെ ഉയർന്ന ആക്ഷേപവും പരിശോധിക്കും.