- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ പീഡനക്കേസ് അന്വേഷണം സംസ്ഥാനത്ത് മാത്രമല്ല അങ്ങ് ഡൽഹിയിലും; കേരള ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തു; ഹൈബി ഈഡന് എതിരായ പരാതിയിൽ എംഎൽഎ ഹോസ്റ്റലിലും അടൂർ പ്രകാശിന് എതിരായ പരാതിയിൽ ആലപ്പുഴ ഗസ്റ്റ് ഹൗസിലും സിബിഐ തെളിവെടുപ്പ്
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ തിരുവനന്തപുരത്തും ആലപ്പുഴയ്ക്കും ഒപ്പം ഡൽഹി കേരള ഹൗസിലും തെളിവെടുപ്പ്.പരാതിക്കാരിയും ആരോപണവിധേയരായ നേതാക്കളും കേരള ഹൗസിൽ താമസിച്ച വേളയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണെടുത്തത്. ഇന്നലെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
മുൻ മന്ത്രിയും എംപിയുമായ അടൂർ പ്രകാശിനെതിരായ പരാതിയിലും സിബിഐ തെളിവെടുപ്പ് നടത്തി. പീഡനം നടന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്ന ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് അന്വേഷണ സംഘം എത്തി പരിശോധന നടത്തിയത്.
അതേ സമയം, സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ സിബിഐ പരിശോധന നടത്തി. മുൻ എംഎൽഎ ഹൈബി ഈഡനെതിരായ പീഡന പരാതിയിന്മേലാണ് എംഎൽഎമാരുടെ ഹോസ്റ്റലിനുള്ളിൽ പരിശോധന. ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിലാണ് പരാതിക്കാരിയുമായെത്തി സിബിഐ പരിശോധിച്ചത്. 2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 2021 ആഗസ്റ്റിലായിരുന്നു സിബിഐ ഏറ്റെടുത്തത്. നിലവിൽ അഞ്ച് അംഗ സിബിഐ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഭവത്തിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. സംഭവം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ്ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
അതേസമയം ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ളവർക്കാണ് സിബിഐ എഫ്ഐആർ സമർപ്പിച്ചത്. കെസി വേണുഗോപാൽ, അടൂർ പ്രകാശ്, എപി അനിൽ കുമാർ, ഹൈബി ഈഡൻ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലകുട്ടി എന്നിവർക്കെതിരെയാണ് എഫ്ഐആർ സമർപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ