പത്തനംതിട്ട: സോളാർ എന്നു പറഞ്ഞാൽ തട്ടിപ്പിന്റെ പര്യായമായി മാറിയ നമ്മുടെ നാട്ടിൽ, അതങ്ങനെയല്ലെന്ന് തെളിയിച്ച് സാമൂഹിക പ്രവർത്തകൻ. സോളാറിന്റെ പേരിൽ സരിത നാട്ടുകാരെ പറ്റിച്ച് കോടികൾ തട്ടിയപ്പോൾ ഖാൻ ഷാജഹാൻ എന്ന പത്തനംതിട്ടക്കാരൻ ആരെയും പറ്റിച്ചില്ല. പകരം വീടിന്റെ വിശാലമായ ടെറസിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനം തുടങ്ങി. അധിക വൈദ്യുതി സർക്കാരിന് നൽകി മാതൃകയാകുകയാണ് മുസ്‌ലിം ലീഗിന്റെ ഈ മുൻ നേതാവ്. വീടിനുമുകളിൽ പതിക്കുന്ന സൂര്യപ്രകാശത്തിലൂടെ സംസ്ഥാന വൈദ്യുതി ബോർഡിന് ഖാൻ ഷാജഹാന്റെ സംഭാവന പ്രതിദിനം അമ്പത് യൂണിറ്റ് വൈദ്യുതി. പ്രതിമാസം 1500 യൂണിറ്റു വരെ. സ്വന്തം ഉപയോഗം കഴിഞ്ഞ് വൈദ്യുതി സംസ്ഥാന ഗ്രിഡിന് കൈമാറുന്നതോടെ ഖാൻ ഷാജഹാൻ എന്ന സാമൂഹിക പ്രവർത്തകൻ സമൂഹത്തിന് നൽകുന്ന സന്ദേശമിതാണ്. 'ഊർജ ക്ഷാമം രൂക്ഷമാകുന്ന കേരളത്തിൽ, ഇനിയുള്ള കാലം ഓരോ ഉപഭോക്താവും ഉൽപ്പാദകരാകണം. എങ്കിലേ നാളെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് എത്താൻ കഴിയൂ'.

സോളാർ പദ്ധതിയുടെ പേരിൽ അടുത്തകാലത്ത് ചില വ്യക്തികളെ കേന്ദ്രീകരിച്ച് ഉദയം ചെയ്ത വിവാദങ്ങൾ ആശങ്കകൾക്ക് വഴിതെളിച്ചിട്ടുണ്ടെങ്കിലും അനെർട്ടിന്റെ അംഗീകാരമുള്ള കമ്പനികളെ പദ്ധതി ഏൽപ്പിച്ചാൽ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ലെന്ന് ഖാൻ തെളിയിക്കുന്നു. പത്തനംതിട്ട നഗര ഹൃദയത്തിൽ തൈക്കാവ് സ്‌കൂളിന് സമീപം പേട്ടയിലാണ് ഖാൻ ഷാജഹാൻ പുതിയതായി നിർമ്മിച്ച ഖാൻരാജ് ഭവൻ. വീടുപണിയും മുമ്പുതന്നെ മനസിൽ ഉദയം ചെയ്ത ആശയമാണ് ഇപ്പോൾ പ്രാവർത്തികമായിരിക്കുന്നത്. രണ്ടാം നിലയ്ക്കു മുകളിൽ ഉദയസൂര്യന് അഭിമുഖമായി 10 കിലോവാട്ട് ശേഷിയുള്ള 80 പാനലിലൂടെയാണ് പ്രതിദിനം 60 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ആകെ ചെലവ് 12 ലക്ഷം രൂപ.

സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ സബ്‌സിഡിയായി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന 50 യൂണിറ്റ് വൈദ്യുതി സർക്കാരിന് കൊടുക്കുന്നതിലൂടെ ലഭിക്കുന്ന തുക വരുമാനമാർഗമായി മാറും. ജില്ലയിൽ നൂറുപേർ ഈ സംരംഭവുമായി മുന്നോട്ടുവന്നാൽ 1,50,000 യൂണിറ്റ് വൈദ്യുതി പ്രതിമാസം കെ.എസ്.ഇ.ബിക്ക് ലഭിക്കും. സംസ്ഥാനത്ത് കൂടുതൽ പേർ പദ്ധതിയിലേക്ക് ആകൃഷ്ടരായാൽ സമീപ ഭാവിയിൽ നമ്മുടെ വൈദ്യുതി ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാനും കഴിയും.

പദ്ധതി നിർമ്മാണത്തിനായി ഖാന് അധികം വിയർപ്പൊഴുക്കേണ്ടിവന്നില്ല. മുകളിൽ സോളാർ പാനൽ ഒരുക്കാനുള്ള സംവിധാനം മുന്നിൽ കണ്ടുകൊണ്ടാണ് കെട്ടിടം രൂപകൽപ്പന ചെയ്തത്. പിന്നീട് അനെർട്ട് അംഗീകാരം നൽകിയിട്ടുള്ള കമ്പനിയെ പദ്ധതി നിർമ്മാണത്തിനായി സമീപിച്ചു. വൈദ്യുതി ബോർഡിന് അപേക്ഷ നൽകി. കിലോ വാട്ടിന് ആയിരം രൂപ പ്രകാരം പതിനായിരം രൂപ കെട്ടിവച്ചു. വീടിന് സമീപത്തുകൂടി വൈദ്യുതി ലൈൻ കടന്നു പോകുന്നതിനാൽ പുതുതായി പോസ്റ്റ് സ്ഥാപിച്ച് ലൈൻ വലിക്കേണ്ട ഗതികേടും വന്നില്ല.

വൈദ്യുതി നേരിട്ട് കെ.എസ്.ഇ.ബിക്ക് നൽകുന്നതിനാൽ ബാറ്ററിയുടെ ആവശ്യമില്ല. അത്യാവശ്യത്തിന് കരണ്ടെടുക്കാൻ ഇൻവേർട്ടർ പോലുള്ള സംവിധാനമുണ്ട്. ഇനിയുള്ള കാലം പണം കൊടുക്കാതെ വൈദ്യുതി ലഭിക്കുമെന്നതു മാത്രമല്ല, ആവശ്യം കഴിഞ്ഞുള്ള വൈദ്യുതിക്ക് കെ.എസ്.ഇ.ബി പണം തിരികെ നൽകുകയും ചെയ്യും. എടുക്കുന്ന വൈദ്യുതിയുടെയും കൊടുക്കുന്ന വൈദ്യുതിയുടെയും കണക്കറിയാൻ പ്രത്യേകം മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.

തട്ടുതട്ടായി കിടന്ന ഭൂമിയിലാണ് ഖാൻ ഷാജഹാൻ വീട് വച്ചത്. നിർമ്മാണത്തിനായി ഒരു തരി മണ്ണ് മാറ്റിയിട്ടില്ല. വീടിന്റെ രൂപകൽപ്പന ഭൂമിക്ക് അനുസൃതമായി ക്രമപ്പെടുത്തി. നഗരത്തിൽ സെന്റിന് എട്ടു ലക്ഷം രൂപാ വിലമതിക്കുന്ന ഭൂമി ഖാൻ വെറും 63,000 രൂപയ്ക്കാണ് വാങ്ങിയത്.
നഗരത്തിൽ മൂന്നുപേരാണ് ഇത്തരത്തിലുള്ള സോളാർ പവർ സ്റ്റേഷനു വേണ്ടി അപേക്ഷ നൽകിയത്. ആദ്യ അനുമതി ഖാൻ ഷാജഹാനാണ് ലഭിച്ചത്.