ഇരിട്ടി: വഴിയാത്രക്കാരിയായ റിട്ട. അദ്ധ്യാപികയുടെ മാലപൊട്ടിച്ച് കാറിൽ കടന്ന സൈനികനെ ഇരിട്ടി പൊലീസ് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. ഉളിക്കൽ കേയാപറമ്പിലെ പരുന്തുമലയിൽ സെബാസ്റ്റ്യൻ ഷാജിനെ (27) ആണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഫിലോമിന കക്കട്ടിലിന്റെ മാലയാണ് പൊട്ടിച്ചത്.

വള്ളിത്തോട്-കല്ലംന്തോട് റോഡിൽ 32-ാം മൈലിൽ കാർ നിർത്തി മറ്റൊരാളുടെ മേൽവിലാസം ചോദിക്കാനെന്ന വ്യാജേന ഫിലോമിനയുടെ സ്വർണമാല പിടിച്ചുപറിക്കുകയായിരുന്നു. പിടിവലിക്കിടയിൽ മാലയുടെ ഒരുപവന്റെ സ്വർണക്കുരിശ് മാത്രമേ പ്രതിക്ക് കൈക്കലാക്കാൻ കഴിഞ്ഞുള്ളൂ. ഫിലോമിന ബഹളംവെച്ചപ്പോഴേക്കും പ്രതി കാറിൽ വള്ളിത്തോട് ഭാഗത്തേക്ക് ഓടിച്ചുപോയി.

കാറിന്റെ നമ്പർ ചിലർ ശ്രദ്ധിച്ചിരുന്നു. ഇരിട്ടി സിഐ. കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പയ്യാവൂർ, ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനുകളിലേക്ക് കാറിന്റെ നമ്പർ കൈമാറി. ശ്രീകണ്ഠപുരം പൊലീസ് കാർ തടഞ്ഞുനിർത്തി. പിന്നാലെയെത്തിയ ഇരിട്ടി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

കാർഗിലിൽ ജോലിചെയ്യുന്ന സെബാസ്റ്റ്യൻ ഷാജി 40 ദിവസത്തെ അവധിയിലെത്തി മാടത്തിലെ ലോഡ്ജിൽ ഒരു യുവതിക്കൊപ്പം താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പയ്യാവൂരിൽ കഴിഞ്ഞ 10-ന് വീട്ടിൽ കയറി വയോധികയുടെ മാല പൊട്ടിച്ചതും താനാണെന്ന് ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സ്വർണക്കുരിശ് പ്രതിയിൽനിന്ന് കണ്ടെടുത്തു.

ഇരിട്ടി പയഞ്ചേരിമുക്ക് സ്വദേശിയുടെ കാർ മറ്റൊരാളിൽനിന്ന് വാടകയ്‌ക്കെടുത്താണ് പ്രതി കറങ്ങിനടന്നിരുന്നത്. 10 ദിവസത്തേക്കെന്ന് പറഞ്ഞ് എടുത്ത കാറിന്റെ വാടക നൽകിയില്ലെന്ന് മാത്രമല്ല ആഴ്ചകൾ കഴിഞ്ഞിട്ടും കാർ തിരിച്ചുനൽകിയില്ലെന്നും പൊലീസ് പറഞ്ഞു. സിഐ.ക്ക് പുറമേ എസ്‌ഐ. സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനീഷ്, സി.പി.ഒ. ഷിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പായം പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ സെബാസ്റ്റ്യൻ കക്കട്ടിലിന്റെ ഭാര്യയാണ് കവർച്ചക്കിരയായ ഫിലോമിന.