ഹരിപ്പാട്: ആറ് വർഷം പ്രണയിച്ച ശേഷം വിവാഹം ചെയ്ത കാമുകിയെ സ്ത്രീധനത്തിന്റെ പേരിൽ ജവാൻ മർദ്ദിച്ചവശയാക്കിയെന്ന പരാതി തെറ്റാണെന്ന വാദവുമായി ജവാന്റെ കുടുംബം . ഒരുമാസം മുമ്പ് കല്യാണം കഴിച്ച കാമുകി ബന്ധുവിൽ നിന്ന് രണ്ടരമാസം ഗർഭിണിയാണെന്ന് ഡോക്ടറിൽ നിന്നറിഞ്ഞപ്പോൾ ജവാൻ അവരെ മർദ്ദിക്കുകയായിരുന്നെന്നും ഇതിനെ സ്ത്രീധന പീഡനമായി ചിത്രീകരിക്കുകയായിരുന്നുവെന്നുമാണ് ആക്ഷേപം.

സ്ത്രീധനം കുറഞ്ഞുപോയി എന്നു പറഞ്ഞ് ഭാര്യയെ ആസാം റൈഫിൾസ് വിഭാഗത്തിലെ സൈനികനായ സുബിത് മർദ്ദിച്ചവശയാക്കിയെന്ന പരാതിയിൽ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. യുവതിയുടേയും ബന്ധുക്കളുടെയും പരാതിയെ തുടർന്നായിരുന്നു ഇത്. ഹരിപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്ത സുബിത് ആദ്യം റിമാൻഡ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. ഇരുപത്തിയൊന്നുകാരിയായ ഭാര്യ ഇപ്പോൾ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

സുബിത് കടുത്ത സംശയരോഗിയാണെന്നും ക്രൂരമായി ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. യുവതിയുടെ ഇടത് കൈക്ക് പൊട്ടലുണ്ട്. ശരീരത്തിലാകമാനം അടിയും ഇടിയും കിട്ടിയതിന്റെ പാടുകളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ 5ന് സുബിത്തിന്റെ വീട്ടിൽവച്ചാണ് അക്രമം നടന്നത്. ഇരുമ്പ് കമ്പി, കർട്ടൻ തൂക്കുന്ന കുഴൽ, ബെൽറ്റ് എന്നിവ ഉപയോഗിച്ച് യുവതിയെ മർദ്ദിക്കുകയായിരുന്നുവെന്നും ആണ് കേസ്.

എന്നാൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്നാണ് സുബിതും കുടുംബവും ആരോപിക്കുന്നത്. സ്ത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് തന്റെ സഹോദരൻ ഭാര്യയെ ഉപദ്രവിച്ചിട്ടില്ലെന്നും പെൺകുട്ടി മറ്റൊരാളിൽ നിന്നും ഗർഭിണിയായിരുന്ന വിവരം അറിഞ്ഞപ്പോഴാണ് സുബിത് നിയന്ത്രണം വിട്ട് പെൺകുട്ടിയെ തല്ലിയതെന്നുമാണ് സഹോദരിയുടെ വാദം. 8 വർഷത്തെ പ്രണയത്തിനു ശേഷം ഒരു മാസം മുൻപ് ജൂലൈ 11ന് കല്യാണം കഴിച്ച യുവതി അവളുടെ കാമുകനാൽ രണ്ടര മാസം ഗർഭിണിയാണെന്നറിയുന്ന ഏതൊരു യുവാവും ചെയ്യുന്നതേ തന്റെ സഹോദരനും ചെയ്തിട്ടുള്ളൂ എന്നാണ് സുബിത്തിന്റെ സഹോദരൻ സുജിത്തിന്റെ ഭാര്യ ധന്യ സുജിത്കുമാർ പറയുന്നത്.

ഇത്തരം നെറികേട് കാണിച്ചാൽ ആരായാലും രണ്ടു പൊട്ടിക്കും. അതേ സുജിത്തും ചെയ്തുള്ളൂവെന്നാണ് വീട്ടുകാർ പറയുന്നത്. പണവും സ്വാധീന ശക്തിയും ഉപയോഗിച്ചു സ്ത്രീധന പീഡനത്തിനു പൊലീസിൽ കേസ് കൊടുത്ത് അറസ്റ്റ് ചെയ്യിച്ചു. പോരാഞ്ഞു മാദ്ധ്യമങ്ങളും വാർത്ത വളച്ചൊടിച്ചുവെന്നുമാണ് ഇവരുടെ ആരോപണം. ഓഗസ്റ്റ് 4 നു നടത്തിയ സ്‌കാനിങ് റിപ്പോർട്ടിൽ 8 ആഴ്ചയും 5 ദിവസവും ഗർഭിണിയാണെന്നു വ്യക്തമായി എഴുതിയിരിക്കുന്നുവെന്നും കാട്ടി ഇതിന്റെ റിപ്പോർട്ടും ഇവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.

ഇവരുടെ വിവാഹത്തിന് തലേദിവസമായിരുന്നു സുബിത്തിന്റെ സഹോദരൻ സുനിത്തിന്റെ വിവാഹം. അതുകൊണ്ട് ബന്ധുക്കളുടെ വീട്ടിൽ സഹോദരന്മാരെ ഒരുമിച്ചാണ് വിരുന്നിന് ക്ഷണിച്ചിരുന്നത്. ഗർഭിണിയാമെന്ന് സംശയം തോന്നി ഇടക്ക് പ്രെഗ്‌നൻസി പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സുബിത്തും ഭാര്യയും ചേർന്ന് ആശുപത്രിയിൽ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് ഭാര്യ 2 മാസം ഗർഭിണിയാണെന്ന വിവരം ഡോക്ടർ സുബിത്തിനോട് പറയുന്നതും തുടർന്ന് അഭിനന്ദിച്ചതും. ഇതുകേട്ട് സുബിത്ത് ഞെട്ടിപ്പോയെന്ന് സഹോദരൻ സുനിത് മറുനാടനോട് പറഞ്ഞു.

തുടർന്ന് വീട്ടിലെത്തിയ ശേഷം ഇക്കാര്യം ചോദ്യംചെയ്ത് വഴക്കായപ്പോൾ സുബിത് ഭാര്യയെ തല്ലുകയായിരുന്നു. ഗർഭിണിയായ കാര്യം ചോദിച്ചപ്പോൾ കുട്ടി സുബിത്തിന്റേതല്ലെന്നും പെൺകുട്ടിയുടെ മറ്റൊരു ബന്ധുവിന്റേതാണെന്ന് സമ്മതിച്ചുവെന്നും സുനിത്തിന്റെ സഹോദരൻ പറയുന്നു. ഇതിനുശേഷം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള സമയത്ത് പെൺകുട്ടി ഗർഭം അലസിപ്പിച്ചതായാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും സുനിത് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാർ പണവും സ്വാധീനവും ഉപയോഗിച്ചാണ് ഇതൊരു കള്ളക്കേസാക്കിയതെന്നും സുബിതിന്റെ വീട്ടുകാർ പറയുന്നു.

കാര്യങ്ങൾ അറിഞ്ഞ ഉടൻ തന്നെ പെൺകുട്ടിയെ പിതാവ് വന്ന് കൂട്ടികൊണ്ട് പോവുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇതിനുശേഷമാണ് സുബിതിനെതിരെ പീഡനത്തിനും സ്ത്രീധനമാവശ്യപ്പെട്ട് മർദ്ദിച്ചതിനും കേസുണ്ടാവുന്നത്. സുബിതും കുടുംബവും ഇക്കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയെങ്കിലും ചില പ്രാദേശിക ചാനലുകൾ ഒഴികെ മറ്റു മാദ്ധ്യമങ്ങൾ സുബിതിനെ സ്ത്രീധനപീഡനത്തിന് അറസ്റ്റുചെയ്ത കാര്യങ്ങൾ മാത്രമാണ് വാർത്തയാക്കിയതെന്നും ഇവർ പറയുന്നു.