കോഴിക്കോട്: ഇത്തവണത്തെ എൽ.ഡി.എഫ് പ്രകടനപത്രികയിലെ ഏറ്റവും ശ്രദ്ധേയമായകാര്യമായിരുന്ന മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് പത്തുശതമാനം സംവരണം ഏർപ്പെടുത്തുമെന്നത്. ഗുജറാത്തിൽ അടക്കം നടക്കുന്ന സംവരണ സമരങ്ങളുടെയും മറ്റുമുള്ള വാർത്തകൾക്കിടിയിൽ സാമൂഹിക നീതി ലക്ഷ്യമിട്ടുള്ള സുപ്രധാനമായ നീക്കമായാണ് ഈ സംവരണ നയത്തെ പൊതുസമൂഹം കണ്ടത്. പക്ഷേ കേരളത്തിലെ മറ്റ് രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ഈ വാർത്ത വേണ്ടത്ര ശ്രദ്ധ പിടിച്ചുപറ്റുകയും ഉണ്ടായില്ല. എന്നാൽ ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റ് എൽ.ഡി.എഫിന്റെ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള സംവരണത്തിനെതിരെ രംഗത്തത്തെിയതോടെ നവ മാദ്ധ്യമങ്ങളിലടക്കം സംവരണനയം ചർച്ചയാവുകയാണ്.

മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം ആശങ്കക്ക് വഴിവെക്കുന്നതാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിർ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മുന്നോക്കക്കാരിലെ അവശവിഭാഗങ്ങളുടെ നിലവിലുള്ള അവസ്ഥക്കുകാരണം ജാതിയല്ല, മറിച്ച് ദാരിദ്ര്യമാണ്. അതുകൊണ്ടുതന്നെ ദാരിദ്ര്യനിർമ്മാർജന പദ്ധതികളെ ശക്തിപ്പെടുത്തുകയും പ്രവർത്തനക്ഷമമാക്കുകയുമാണ് വേണ്ടത്. പകരം 50 ശതമാനം വരുന്ന ജനറൽ മേഖലയുടെ സിംഹഭാഗവും കൈയടക്കിവച്ചിരിക്കുന്ന സവർണസമൂഹങ്ങൾക്ക് ബാക്കിവരുന്ന 50 ശതമാനം സംവരണത്തിൽ 10 ശതമാനംകൂടി പ്രാതിനിധ്യം കൊടുക്കുകയാണ് എൽ.ഡി.എഫ് ചെയ്യുന്നത്. ഇത് സംവരണത്തിന്റെ സാമൂഹികനീതിയെ അട്ടിമറിക്കലാണെന്നും ടി.ശാക്കിർ കൂട്ടിച്ചേർത്തു.

മുന്നോക്ക സമൂഹങ്ങൾക്ക് സംവരണം നൽകുമ്പോൾ സംവരണത്തിനർഹരായ പിന്നാക്ക സമൂഹങ്ങളുടെ അവകാശം നഷ്ടപ്പെടാതിരിക്കാൻ ഭരണഘടനാ ഭേദഗതി വരുത്താൻ പരിശ്രമിക്കുമെന്ന് പറയുന്ന എൽ.ഡി.എഫ്, ജനസംഖ്യാനുപാതികമായി സംവരണം കൊണ്ടുവരാൻ ഭരണഘടനാ ഭേദഗതി വരുത്തുമെന്ന് പറയാൻ ധൈര്യം കാട്ടുകയാണ് വേണ്ടത്. എന്നാൽ, ചരിത്രപരമായി സാമൂഹിക വിവേചനം അനുഭവിക്കുന്ന പിന്നോക്ക സമുദായത്തിന്റെ അവകാശങ്ങളെ അട്ടിമറിക്കുംവിധമുള്ള സാമ്പത്തിക സംവരണ വാദങ്ങളെ പുതിയ രൂപത്തിലും ഭാഷയിലും അവതരിപ്പിക്കുകയാണ് എൽ.ഡി.എഫ് ചെയ്യുന്നതെന്നും ടി. ശാക്കിർ പറഞ്ഞു.

എൽ.ഡി.എഫിന്റെ മുന്നോക്ക സംവരണത്തിനെതിരെ ഫേസ്‌ബുക്കിലും ഇത്തരം സംഘടനാ പ്രവർത്തകർ പ്രചാരണം നടത്തുന്നുണ്ട്. ഹിന്ദുവോട്ടുകളിൽ ബിജെപി കടന്നുകയറുന്നത് തടയിടാനായണ് ഇടതുമുന്നണി ഈ നയം എടുത്തതെന്നാണ് ഇവർ ആരോപിക്കുന്നത്.
എന്നാൽ ഇം.എം.എസ് നമ്പൂതിരിപ്പാടാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം എന്ന ആശയം ആദ്യമായി ഉയർത്തിയതെന്നും പെട്ടന്നുണ്ടായ എന്തെങ്കിലും കാരണത്തിന്റെ അടിസ്ഥാനത്തിലല്ല ഈ നടപടിയെന്നുമാണ് സിപിഐ.എം നേതാക്കൾ വിശദീകരിക്കുന്നത്.

നിലവിലുള്ള സാമൂഹിക യാഥാർഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നയമെന്നും, മുന്നോക്കക്കാർക്കല്ല പാവപ്പെട്ടവർക്കാണ് സംവരണാനുകൂല്യം കൊടുക്കുന്നതെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.കേരളത്തിലെ നിലവിലെ സാമ്പത്തിക സാമൂഹിക സ്ഥിതി മനസ്സിലാക്കിയ ആർക്കും ഇതിനോട് വിയോജിക്കാനാവില്‌ളെന്നും ഇടതുനേതാക്കൾ പറയുന്നു.

ഏതയാലും സോളിഡാരിറ്റിയുടെ ഈ പ്രസ്താവനയോടെ സംവരണം വീണ്ടും ചർച്ചയായിട്ടുണ്ട്. ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥവച്ച് നോക്കുമ്പോൾ കേരളത്തെ പ്രത്യേക യൂണിറ്റായി പരിഗണിച്ച് പട്ടികജാതിവർഗ സംവരണമൊഴികെ മറ്റെല്ലാം എടുത്തുകളയണമെന്നും വാദിക്കുന്ന സംവാദങ്ങളും നവ മാദ്ധ്യമങ്ങളിൽ സജീവമാണ്.