ന്യൂഡൽഹി: സിംഗിൾസ് മത്സരത്തിൽ രാജ്യത്തെ ഏറ്റവും മികച്ച ടെന്നീസ് താരമായ സോംദേവ് ദേവ് വർമൻ പ്രൊഫഷണൽ ടെന്നീസിൽ നിന്നു വിരമിച്ചു. തോളിനേറ്റ പരിക്കിനൈ തുടർന്നാണു കളം വിടാൻ സോംദേവ് തീരുമാനിച്ചത്.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സോംദേവ് വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. തന്നെ പി്ന്തുണച്ചവർക്ക് അദ്ദേഹം നന്ദിപറയുകയും ചെയ്തു. പുരുഷ സിംഗിൾസിൽ രാജ്യത്തെ ഏറ്റവും മികച്ച താരമായാണു സോംദേവ് പരിഗണിക്കപ്പെടുന്നത്.

ഇന്ത്യൻ ടെന്നീസിനെ അത്ഭുതപ്പെടുത്തുന്ന തീരുമാനമാണു സോംദേവിന്റേതെന്നാണു വിലയിരുത്തൽ. കളിക്കാരനെന്ന നിലയിൽ കരിയർ അവസാനിപ്പിച്ചെങ്കിലും പരിശീലകനായി കളത്തിലേക്ക് തിരിച്ചെത്താനാണ് സോംദേവിന്റെ തീരുമാനമെന്നാണു സൂചന.

പരിക്ക് അലട്ടിയതിനാൽ ഏറെക്കാലമായി ടൂർണമെന്റുകളിൽ നിന്ന് സോംദേവ് വിട്ടുനിൽക്കുകയായിരുന്നു. ഈ വർഷം നടക്കുന്ന ചെന്നൈ ഓപ്പണിൽനിന്നും നേരത്തെ തന്നെ പിൻവാങ്ങിയിരുന്നു.രണ്ടുവർഷം മുമ്പ് യുഎസിൽ സെബാസ്റ്റ്യൻ ഫാൻസ്ലോവിനെതിരെയാണ് സോംദേവ് അവസാനമായി കളിച്ചത്. മത്സരത്തിൽ തോൽക്കുകയും ചെയ്തു.

2011 ജൂലൈയിൽ സോംദേവ് തന്റെ കരിയറിലെ മികച്ച റാങ്കിംഗിൽ എത്തിയിരുന്നു. 62 -ാം സ്ഥാനത്താണ് സോംദേവ് എത്തിയത്. ലിയാണ്ടർ പെയ്‌സ്, മഹേഷ് ഭൂപതി എന്നിവർക്കു ശേഷം ഇന്ത്യ കണ്ട മികച്ച താരമായിരുന്നു സോംദേവ്. എന്നാൽ പരിക്കുകൾ മുന്നോട്ടുള്ള പ്രയാണത്തിനു തടസമായി. നിലവിൽ റാങ്കിംഗിൽ 740-ാം സ്ഥാനത്താണ് സോംദേവ്.

ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ സിംഗിൾസിൽ സ്വർണം നേടിയ സോംദേവ് 2010 ഗ്യാങ്ഷു ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെങ്കലവും നേടി. 2009ൽ ചെന്നൈ ഓപ്പണിന്റെയും 2011ൽ ദക്ഷിണാഫ്രിക്കൻ ഓപ്പണിന്റെയും ഫൈനലിലെത്തി സോംദേവ് എടിപി ടൂർണമെന്റിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.