- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂരമർദ്ദനമേറ്റിട്ടും മകനെ തള്ളാതെ അമ്മ; 'മകന് ആരോ മദ്യം നൽകിയതാണ് പ്രശ്നമായത്'; പരാതിയില്ലെന്നും അമ്മ; ഓമനക്കുട്ടന് എതിരെ വധശ്രമത്തിന് കേസെടുക്കും
കൊല്ലം: കൊല്ലത്ത് തന്നെ ക്രൂരമായി മർദിച്ച മകന് എതിരെ പരാതിയില്ലെന്ന് അമ്മ. മകന് ആരോ മദ്യം നൽകിയതാണ് പ്രശ്നമായതെന്ന് അമ്മ ഓമന പറഞ്ഞു. 'തള്ളി താഴെയിട്ട് മുതുകത്ത് മർദിച്ചതല്ലാതെ ഒന്നും ചെയ്തില്ല' എന്നും അമ്മ പറഞ്ഞു. കൊല്ലം ചവറ സ്വദേശി ഓമനയ്ക്കാണ് മകന്റെ ക്രൂരമർദനം ഏറ്റത്. 84കാരിയായ ഓമനയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവത്തിൽ, ഓമനയുടെ മകൻ ഓമനക്കുട്ടന് എതിരെ വധശ്രമത്തിന് പൊലീസ് കേസെടുക്കും. ഓമനയുടെ മൊഴിയുടെയും പുറത്തുവന്ന വീഡിയോയുടെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. ഓമനക്കുട്ടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ഇന്നലെ ഉച്ചയോടെയാണ് ക്രൂരമർദനം അരങ്ങേറിയത്. അയൽവാസിയായ വിദ്യാർത്ഥിയാണ് വൃദ്ധയെ മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. അമ്മയുടെ കൈയിൽ പണം കൊടുത്തിട്ടുണ്ടെന്നും അത് തിരിച്ച് തരണം എന്ന് ആവശ്യപ്പെട്ടുമായിരുന്നു മർദനം. വരാന്തയിലേക്ക് എടുത്തെറിയുകയും, മഴ നനഞ്ഞ മുറ്റത്ത് കൂടെ വലിച്ചഴക്കുകയും, മുതുകിനും തലയ്ക്കും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഓമനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പൊലീസ് മൊഴിയെടുക്കാൻ എത്തിയപ്പോൾ തന്നെ ആരും മർദിച്ചിട്ടില്ലെന്നായിരുന്നു ആദ്യം ഓമന പറഞ്ഞത്. എന്നാൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വാർഡ് മെമ്പറുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ