തിരുവനന്തപുരം: സൗമ്യക്കേസിൽ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളിയതോടെ പ്രതി ഗോവിന്ദച്ചാമിക്കു വധശിക്ഷയില്ലെന്ന് ഉറപ്പായി. അഞ്ചുവർഷം മുമ്പു നടന്ന ക്രൂര ബലാത്സംഗക്കേസിലെ പ്രതി ഇതോടെ ജയിലിൽ തന്നെ ശിഷ്ടകാലം കഴിക്കും.

ക്രൂരമായ ബലാത്സംഗത്തിനു പിന്നാലെ സൗമ്യയുടെ ജീവൻ പൊലിഞ്ഞ സംഭവം സമൂഹ മനഃസാക്ഷിയെ പിടിച്ചുലച്ച സംഭവമാണ്. കീഴ്‌ക്കോടതി വധശിക്ഷയ്ക്കു വിധിക്കുകയും പിന്നീട് ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.

എന്നാൽ, കേസ് പരിഗണിച്ച സുപ്രീം കോടതി വധശിക്ഷ റദ്ദാക്കുകയായിരുന്നു. കൊലപാതകം നടത്തിയതു ഗോവിന്ദച്ചാമിയാണെന്നു തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയായിരുന്നു. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തുടർന്ന് വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹർജിയിലാണ് മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ ബലാത്സംഗം മാത്രമാണ് തെളിയിക്കപ്പെട്ടതെന്നായിരുന്നു സുപ്രീം കോടതി കണ്ടെത്തിയത്. ഇത് പ്രകാരം നൽകാവുന്ന പരമാവധി ശിക്ഷ ചാമിക്കു വിധിക്കുകയും ചെയ്തു. വിധിക്കു പിന്നാലെ സമർപ്പിച്ച പുനഃപരിശോധന ഹർജിയാണ് ഇപ്പോൾ സുപ്രീം കോടതി തള്ളിയിരിക്കുന്നത്.

കേസിന്റെ നാൾവഴികൾ ഇങ്ങനെ....

2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ, ട്രെയിൻ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായത്. ഒന്നിന് രാത്രി 9.30നും 10 നും ഇടയിൽ വള്ളത്തോൾ നഗർ റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്ന് പരുക്കേറ്റ് അബോധാവസ്ഥയിലുള്ള 23 വയസുള്ള സൗമ്യ വിശ്വനാഥൻ എന്ന പെൺകുട്ടിയെ നാട്ടുകാർ കണ്ടെത്തി ആശുപത്രിയിലാക്കി. മുറിവുകളിൽ നിന്ന് പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞു.

ഫെബ്രുവരി ആറിന് മൂന്ന് മണിയോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൗമ്യ മരണത്തിന് കീഴടങ്ങി.

സൗമ്യയെ പരുക്കേറ്റ് കണ്ടെത്തിയതിന് പിന്നാലെ ഫെബ്രുവരി മൂന്നിന് ഗോവിന്ദച്ചാമി എന്ന ഒറ്റക്കയ്യൻ തമിഴനെ കടലൂർ വിരുദാചലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്...

റണാകുളം ഷൊർണൂർ പാസഞ്ചർ(56608) ട്രെയിനിലെ ലേഡീസ് കംപാർട്ടുമെന്റിൽ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ കവർച്ച ചെയ്യാൻ ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി ശ്രമിക്കുന്നു. എതിർത്തതിനെ തുടർന്ന് പ്രതി സൗമ്യയെ ശാരീരികമായി അക്രമിച്ചു. തല ട്രെയിനിന്റെ ചുമരിൽ ഇടിച്ചു. കൈ ട്രെയിനിന്റെ വാതിൽ വച്ച് ഞെരിച്ചു. അർദ്ധബോധാവസ്ഥയിലായ സൗമ്യയെ മെല്ലെപ്പോകുകയായിരുന്ന ട്രെയിനിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ ട്രെയിനിൽ നിന്നിറങ്ങിയ ഗോവിന്ദച്ചാമി 200 മീറ്ററോളം നടന്ന് രക്തത്തിൽ കുളിച്ചു കിടന്ന സൗമ്യയെ കണ്ടെത്തി. പീഡിപ്പിച്ച് സൗമ്യയുടെ മൊബൈലടക്കമുള്ള വസ്തുക്കൾ കവർന്ന് രക്ഷപ്പെട്ടു.

പൊലീസ് അന്വേഷണം

ചേലക്കര സി ഐ കെ എ ശശിധരൻ പ്രാഥമിക അന്വേഷണം നടത്തിയ കേസ് ഫെബ്രുവരി എട്ടിന് ഡിവൈഎസ് പി വി രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. ഐജി ബി സന്ധ്യയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം ഏപ്രിൽ 19ന് അന്വേഷണ സംഘം വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കേസിലെ തെളിവുകൾ

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളെയാണ് പൊലീസ് ആശ്രയിച്ചത്. ഡിഎൻഎ തെളിവുകൾ കേസിൽ നിർണായകമായി. സൗമ്യയുടെ നഖങ്ങൾക്കിടയിൽ നിന്ന് പ്രതിയുടെ ഡിഎൻഎ സാമ്പിളുകൾ ഫൊറൻസിക് വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു. സൗമ്യയുടെ ശരീരത്തിൽ നിന്നും വസ്ത്രങ്ങളിൽ നിന്നും പ്രതിയുടെ ബീജങ്ങളും കണ്ടെത്തി.
സൗമ്യ സഞ്ചരിച്ചിരുന്ന ലേഡീസ് കംപാർട്ട്മെന്റിൽ നിന്ന് ഗോവിന്ദച്ചാമിയുടെ ഷർട്ടിലെ ബട്ടൻസ് കണ്ടെടുത്തിട്ടുണ്ട്. ഗോവിന്ദച്ചാമിയെ വൈദ്യപരിശോധയ്ക്ക് വിധേയനാക്കിയപ്പോൾ നഖങ്ങൾ കൊണ്ട് മാന്തിയ പാടുകൾ ശരീരരത്തിൽ കണ്ടെത്തി.

ഫൊറൻസിക് തെളിവുകൾ

സൗമ്യയുടെ ശരീരത്തിലെ പാടുകൾ ട്രെയിനിൽ വച്ച് അക്രമിക്കപ്പെട്ടത് തെളിയിക്കുന്നതായി പോസ്റ്റ്മോർട്ടം നടത്തിയ ഷെർളി വാസുവിന്റെ റിപ്പോർട്ടിലുണ്ട്. നെറ്റിയിൽ ഉണ്ടായിരുന്ന ആറു മുറിവുകൾ വീണപ്പോൾ ഉണ്ടായതല്ല. ഇത് ട്രെയിനിന്റെ ചുവരിൽ ഇടിച്ചപ്പോൾ ഉള്ളത്. കൈകൾ വാതിലിൽ അമർത്തി ക്ഷതമേൽപ്പിച്ചതിന്റെ പാടുകൾ ഉണ്ട്. പകുതി ബോധം നഷ്ടപ്പെട്ട സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതാണെന്ന് മുറിവുകളുടെ സ്വഭാവത്തിൽ നിന്ന് മനസ്സിലാക്കാം. പേടിച്ച് പുറത്തേയ്ക്കു ചാടുമ്പോഴുള്ള പരുക്കിന്റെ സ്വഭാവം ഇതല്ല.

ഇതിന് പുറമെ ഫൊറൻസിക് സർജനായ ഹിതേഷ് ശങ്കറിനോട് ഗോവിന്ദച്ചാമി കുറ്റസമ്മതം നടത്തി.

ഒറ്റക്കയ്യനാണ് അക്രമിച്ചതെന്ന് അർദ്ധബോധാവസ്ഥയിലും സൗമ്യ പറഞ്ഞിരുന്നു. കൂടാതെ ഗോവിന്ദച്ചാമിയെ ട്രെയിനിൽ കണ്ടെന്ന് മൊഴി നൽകിയ സാക്ഷികൾ ഉണ്ടായിരുന്നു.
കലാമണ്ഡലം സ്റ്റോപ്പിലും ഇയാളെ കണ്ട സാക്ഷികളുണ്ട്. സൗമ്യയുടെ മൊബൈൽ വയനാട്ടിലെ ബേബി വർഗീസിൽ നിന്ന് കണ്ടെത്തി. ഗോവിന്ദച്ചാമി മൊബൈൽ വിറ്റ മാണിക്കത്തിൽ നിന്നാണ് ബേബി വർഗീസ് ഫോൺ വാങ്ങിയത്.

കേസ് കോടതിയിൽ

  • തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ഒക്ടോബർ 31 ന് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി.
  • കുറ്റങ്ങൾ ഐപിസി 376(റേപ്പ്) 302 (കൊലപാതകം) 394,397 (കവർച്ചാ ശ്രമത്തിനിടെ പരിക്കേൽപ്പിക്കൽ) 447 (അതിക്രമിച്ച് കടക്കൽ)
    നവംബർ 11ന് ശിക്ഷ വിധിച്ചു. ( ജഡ്ജ് കെ രവീന്ദ്ര ബാബു)
  • 302 പ്രകാരം വധശിക്ഷ, 376 പ്രകാരം ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ, രണ്ട് വർഷം സാധാരണ തടവ്.
  • 2013 ഡിസംബർ 17 ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ( ടി ആർ രാമചന്ദ്രൻ നായർ , കെമാൽ പാഷ) വധശിക്ഷ ശരിവച്ചു.
  • 2014 ജൂലൈ 29ന് സുപ്രീം കോടതി വധശിക്ഷ സ്റ്റേ ചെയ്തു.
  • 2016 സെപ്റ്റംബർ ഒമ്പത്- ഗോവിന്ദച്ചാമി സൗമ്യയെ കൊന്നതിന് തെളിവെന്തെന്ന് കോടതി ചോദിച്ചു.
  • 2016 സെപ്റ്റംബർ 15ൽ സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി.
  • 2016 നവംബർ 11- വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരായ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി