ഒറ്റപ്പാലം: ക്രൂരമായ പീഡനത്തിനു വിധേയയായി കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകികളെ ജനങ്ങൾക്കു വിട്ടുകൊടുക്കണമെന്നു ട്രെയിൻ യാത്രയ്ക്കിടെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതി. ജിഷയുടെ കൊലപാതകക്കേസിൽ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണു സുമതിയുടെ പ്രതികരണം പുറത്തുവന്നത്.

ഇനി ജനം നിയമം കയ്യിലെടുക്കണം. ജിഷയുടെ ഘാതകനെ നിയമത്തിനു വിടാതെ ജനങ്ങൾക്ക് വിട്ടു നൽകണം. മകളുടെ കൊലപാതകി ഗോവിന്ദച്ചാമി ജയിലിൽ തിന്നു കൊഴുത്ത് സുഖമായി കഴിയുന്നത് സങ്കടമുണ്ടാക്കുന്നു. ഇതുപോലുള്ള അവസ്ഥ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമം തന്നെ കേരളത്തിൽ കൊണ്ടുവരണമെന്നും സുമതി പറഞ്ഞു.

എറണാകുളത്തെ ജോലിസ്ഥലത്തുനിന്ന് ഷൊർണൂരിലെ വീട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ വള്ളത്തോൾ നഗർ സ്റ്റേഷനരികിലാണു പീഡനശ്രമത്തിനിടെ ട്രെയിനിൽനിന്ന് വീണ് സൗമ്യ മരിച്ചത്. തലയ്ക്കും ദേഹത്തും ഗുരുതരപരിക്കുകളോടെ ദിവസങ്ങൾ തള്ളിനീക്കിയ സൗമ്യയുടെ ജീവനായി കേരളം ഒന്നടങ്കം കാത്തിരുന്നെങ്കിലും വ്യർഥമായി.

ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നുള്ള ആവശ്യങ്ങൾ ഫലം കാണുന്നില്ലെന്നു തന്നെയാണു ജിഷയുടെ കൊലപാതകം തെളിയിക്കുന്നത്. ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ തൂക്കിക്കൊല്ലണമെന്നുൾപ്പെടെയുള്ള അഭിപ്രായമാണു കേരളത്തിലെ ജനങ്ങൾ പ്രകടിപ്പിക്കുന്നത്.