ഇഞ്ചിയോൺ: എഷ്യൻ ഗെയിംസിൽ സൗരവ് ഘോഷാലിലൂടെ ഇന്ത്യയ്ക്ക് ആദ്യ വെള്ളി. പുരുഷവിഭാഗം സ്‌ക്വാഷിലാണ് സൗരവിന് വെള്ളി ലഭിച്ചത്. വുഷുവിൽ രണ്ട് വെങ്കലം കൂടി ഇന്ത്യക്ക് ലഭിച്ചു. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം പതിനൊന്നായി.

സ്‌ക്വാഷ് ഫൈനലിൽ കുവൈത്തിന്റെ അബ്ദുള്ള അൽ മുസായനോടാണ് സൗരവ് ഘോഷാൽ തോറ്റത്. ഏഷ്യൻ ഗെയിംസിൽ സ്‌ക്വാഷിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സൗരവ് ഘോഷാൽ. ആദ്യ രണ്ട് ഗെയിമുകളും സ്വന്തമാക്കിയ സൗരവിനെതിരെ മികച്ച തിരിച്ചുവരവാണ് അബ്ദുള്ള നടത്തിയത്. സ്‌ക്വാഷ് വനിതാ സിംഗിൾസിൽ കഴിഞ്ഞ ദിവസം മലയാളി താരം ദീപിക പള്ളിക്കൽ വെങ്കലം നേടിയിരുന്നു.

വുഷുവിൽ സെമി ഫൈനലിൽ പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്. സനാത്തോയ് ദേവിയും നരേന്ദർ ഗ്രേവാളുമാണ് വെങ്കലമെഡൽ നേടിയത്. സെമി ഫൈനലിൽ ചൈനീസ് താരത്തോടാണ് സനാത്തോയ് ദേവി പരാജയപ്പെട്ടത്. ഫിലിപ്പീൻസിന്റെ സക്‌ലജ് ജീൻ ക്ലോഡിയോട് പരാജയപ്പെട്ടതാണ് നരേന്ദർ ഗ്രേവാളിന്റെ ഫൈനൽ മോഹങ്ങൾക്ക് തിരിച്ചടിയായത്.

പുരുഷ വിഭാഗം ഹോക്കിയിൽ ഒമാനെ 7-0ന് തകർത്ത് ഇന്ത്യൻ ഹോക്കി ടീം പ്രതീക്ഷ കാത്തു. തുടർച്ചയായ രണ്ടാം ജയമാണ് ഇന്ത്യൻ ടീം നേടിയത്. രൂപീന്ദർ പാൽ സിങ് എന്നിവർ രണ്ട് ഗോൾ വീതം നേടി. ആകാശ്ദീപ് സിങ്, എസ് വി സുനിൽ, ഡാനിഷ് മുജ്താബ എന്നിവർ ഓരോ ഗോളും സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 8-0ന് ഇന്ത്യ തോൽപ്പിച്ചിരുന്നു. അടുത്ത മത്സരത്തിൽ പാക്കിസ്ഥാനെയും പിന്നീട് ചൈനയെയുമാണ് ഇന്ത്യ നേരിടുന്നത്.

ഇന്ത്യയുടെ സൈക്ലിങ് താരങ്ങൾ ക്വാളിഫൈയിങ് റൗണ്ടിൽതന്നെ പുറത്തായി. ഏറ്റവും അവസാന സ്ഥാനത്ത് എത്താനേ താരങ്ങൾക്ക് കഴിഞ്ഞുള്ളൂ. നീന്തലിലും ഫൈനലിന് യോഗ്യത നേടാൻ ഇന്ത്യൻ താരങ്ങൾക്കായില്ല.