കണ്ണൂർ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക് ഡൗൺ നിലനിൽക്കെ നിയന്ത്രണങ്ങൾ തെറ്റിച്ചവരെ ഏത്തമിടീച്ച യതീഷ് ചന്ദ്ര ഐ.പി.എസിന്റെ നടപടി തെറ്റായിപ്പോയെന്നും പൊറുക്കണമെന്നും കേരള പൊലീസ്. അന്നത്തെ കണ്ണൂർ ജില്ലാ പൊലീസ് മേധാവി കൂടിയായിരുന്ന യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നെന്നും വീഴ്ച പൊറുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ റേഞ്ച് ഡി.ഐ.ജിയാണ് പൊലീസിന്റെ വീഴ്ചയെക്കുറിച്ച് റിപ്പോർട്ടിൽ തുറന്നുസമ്മതിച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ കണ്ണൂർ മുൻ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് പൊലീസ് വീഴ്ച ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയത്. 2020 മാർച്ച് 22നാണ് ജില്ലാ പൊലീസ് മേധാവി വളപട്ടണത്ത് തയ്യൽക്കടയ്ക്ക് സമീപം നിന്നവരെ ഏത്തമിടീച്ചത്.

രോഗവ്യാപനം വർധിക്കാൻ സാധ്യതയുള്ളതിനാൽ മാനദണ്ഡങ്ങൾ ലംഘിച്ചവരെ ഏത്തമിടീച്ചത് നല്ല ഉദ്ദേശ്യത്തിൽ ചെയ്തതാണെങ്കിലും നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂർ റേഞ്ച് ഡിഐജി അഭ്യർത്ഥിച്ചു. നിയമ ലംഘനം കണ്ടെത്തിയാൽ നിയമമനുസരിച്ചുള്ള നടപടി സ്വീകരിച്ചാൽ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിൽ വ്യക്തമാക്കി.

നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമമനുസരിച്ചുള്ള നടപടി സ്വീകരിച്ചാൽ മതിയെന്നും നിയമലംഘകർക്കെതിരെ തുടർനടപടികൾ സ്വീകരിക്കേണ്ടത് രാജ്യത്തെ കോടതികളാണെന്നും കെ. ബൈജുനാഥ് ഉത്തരവിൽ പറയുന്നു.

കോവിഡ് വ്യാപനം തടയുന്നതിനുള്ള പൊലീസിന്റെ സേവനം അഭിനന്ദനാർഹമായിരുന്നു. എന്നാൽ നിയമം ലംഘിക്കുന്നവർക്കെതിരെ ശിക്ഷ നടപ്പാക്കുന്നതും അവരെ അക്രമിക്കുന്നതും അംഗീകരിക്കില്ല.

ഏത്തമിടീക്കൽ സംഭവം അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരിട്ട് അന്വേഷിക്കണമെന്നും നേരത്തെ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന് ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിട്ടിരുന്നു.

എസ് പിയുടെ നിർദ്ദേശാനുസരണം ഏത്തമിട്ടവർ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് ഡിജിപി അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു അന്നത്തെ ഉത്തരവ്.

കോവിഡ് വ്യാപന സമയത്ത് പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പൊലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ എസ് പിയെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കണ്ടത്.

നിയമം കർശനമായി നടപ്പിലാക്കണം. എന്നാൽ, ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നത് പൊലീസ് ആക്ടിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാൻ പൊലീസിന് അധികാരമില്ലെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. വീട്ടിൽ സുരക്ഷിതരായിരിക്കണമെന്ന സർക്കാർ നിർദ്ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മീഷൻ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടിരുന്നു.