കൊച്ചി: എറണാകുളം കുമ്പള്ളത്ത് വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കേസിന്റെ ചുരുളഴിയുന്നു. ശകുന്തളയെന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതിന് പിന്നാലെ നടന്ന അന്വേഷണത്തിൽ മകളുടെ കാമുകനാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്.

ശകുന്തളയെ കാണാതായതിന് പിന്നാലെ മകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഈ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. എരൂർ സ്വദേശിയും എസ്‌പിസിഎ ഇൻസ്‌പെക്ടറുമായിരുന്ന ടി.എം. സജിത്താണു കൊലപാതകത്തിനു പിന്നിലെന്നും വീപ്പ കായലിൽ തള്ളാൻ സഹായിച്ചത് അഞ്ചംഗ സംഘമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

മരിച്ചത് ഉദയംപേരൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന വൈക്കം സ്വദേശിനി ശകുന്തളയാണെന്നു തിരിച്ചറിഞ്ഞ പൊലീസ് ഇവരുടെ മകൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തുവരികയാണ്. സജിത്തും ശകുന്തളയുടെ മകളുമായുമുണ്ടായിരുന്ന ബന്ധം ഇവർ അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് കണ്ടെത്തൽ.

ഇതിൽ വ്യക്തതവരുത്തുന്നതിനായും കൊലപാതകത്തിനു പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നു കണ്ടെത്തുന്നതിനായും പൊലീസ് കൂടുതൽപേരെ ചോദ്യം ചെയ്തുവരികയാണ്. സജിത്തിന്റെ സുഹൃത്തുക്കളായ അഞ്ചംഗ സംഘമാണു വീപ്പ കായലിൽ തള്ളിയതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ശകുന്തളയെ കൊന്നുതള്ളിയെന്ന് കരുതുന്ന സംഭവത്തിന് പിന്നാലെ സജിത്തും ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടിരുന്നു.

്അതേസമയം, കായലിൽ തള്ളിയ വീപ്പയിൽ ചില ലോഹങ്ങളാണെന്നാണു സജിത്ത് പറഞ്ഞിരുന്നതെന്നും മൃതദേഹമായിരുന്നുവെന്നു അറിവില്ലെന്നുമാണു അഞ്ചംഗ സുഹൃദ് സംഘം പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇത് പൊലീസ് വിശ്വസിക്കുന്നില്ല. മകളും സമാനരീതിയിൽ പൊരുത്തമില്ലാത്ത മൊഴികളാണ് നൽകുന്നത്. ശകുന്തളയുടെ മകളെ ഇന്നലെയും പൊലീസ് മണിക്കൂറുകൾ ചോദ്യം ചെയ്തു.

മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇവർക്ക് അറിയാമെന്ന നിഗമനത്തിൽതന്നെലാണു പൊലീസ്. ലക്ഷങ്ങൾ കൈവശമുണ്ടായിരുന്ന സമയത്താണ് ശകുന്തളയെ കാണാതാകുന്നത്. ഇക്കാര്യത്തിലും പിന്നീട് സജിത്ത് എങ്ങനെ മരിച്ചു എന്നുമെല്ലാം ഇനി അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. മൊഴികളിൽ വൈരുദ്ധ്യം തിരിച്ചറിഞ്ഞതോടെ ശകുന്തളയുടെ മകളെയും വേണ്ടിവന്നാൽ സുഹൃത്തുക്കളേയും നുണ പരിശോധനയ്ക്കു വിധേയമാക്കുവാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നുണ പരിശോധനയ്ക്കു അനുമതി ലഭിക്കുന്നതിനു ഇന്നുതന്നെ എറണാകുളം എസിജഐം കോടതിയിൽ അപേക്ഷ നൽകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി ഏഴിനു കുമ്പളം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറന്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽനിന്നാണു മൃതദേഹം ലഭിച്ചത്. ഇതിനു പിറ്റേന്നാണു ദുരൂഹ സാഹചര്യത്തിൽ സജിത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുമായി പിണങ്ങിപ്പിരിഞ്ഞ് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ശകുന്തള എന്ന വീട്ടമ്മയെ കൊന്ന് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് ചെയ്തത് ആര് എന്ന അന്വേഷണം ഇപ്പോൾ കൊലയാളിയെ തിരച്ചറിഞ്ഞതോടെ പുതിയ ദിശയിൽ എത്തിയിരിക്കുകയാണ്.

മൃതദേഹം തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ

2016 സെപ്റ്റംബറിലാണ് ശകുന്തളയെ കാണാതായത്. ഇതിന് പിന്നാലെ ഇവർക്കായി തിരച്ചിൽ നടന്നെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ജനുവരി ഏഴിന് കുമ്പളത്തിന് സമീപത്ത് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റിട്ട് വച്ച നിലയിൽ മൃതദേഹം കണ്ടതോടെ ഇത് ആരുടേതാണെന്ന തിരച്ചിൽ തുടങ്ങി. കൈകാലുകൾ കൂട്ടിക്കെട്ടി തലകീഴായി വീപ്പയ്ക്കുള്ളിൽ ഇട്ട നിലയിൽ ആണ് മൃതദേഹം കണ്ടത്. മൃതദേഹം അടക്കംചെയ്ത വീപ്പയിൽ നിന്ന് അഞ്ഞൂറിന്റേയും നൂറിന്റേയും നോട്ടുകൾ ലഭിച്ചു.

അസ്ഥികൂടത്തിന്റെ ഒരു കാൽ നേരത്തേ ഒടിഞ്ഞതാണെന്നും കണ്ടെത്തി. ഇതിൽ ശസ്ത്രക്രിയ നടത്തി ഘടിപ്പിച്ച പിരിയാണിയുടെ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് നടന്ന അന്വേഷണം. ചെളിയിൽ ചവിട്ടിത്താഴ്‌ത്തിയ നിലയിലായിരുന്ന വീപ്പയിൽനിന്ന് മാസങ്ങളോളം നെയ് ഉയർന്നു ജലോപരിതലത്തിൽ പരന്നിരുന്നതായി മൽസ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. ദുർഗന്ധവും ഉണ്ടായിരുന്നു. പത്തു മാസം മുൻപാണ് ചെളിയിൽ പുതഞ്ഞ നിലയിൽ ഇതു കണ്ടത്. എന്നാൽ, അന്ന് വീപ്പയിൽ പങ്കായം കുത്തിനോക്കിയെങ്കിലും കല്ലുനിറച്ചു വച്ചിരിക്കുന്നതു പോലെ തോന്നിയതിനാൽ വിട്ടുകളയുകയായിരുന്നു.

രണ്ടു മാസം മുൻപ് ഇത് കരയിൽ ഇട്ടു. കരയിൽ മതിൽ പണിതപ്പോൾ കായലിൽനിന്ന് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് ചെളി കോരിയിരുന്നു. അപ്പോഴാണ് വീപ്പ കരയിൽ എത്തിച്ചത്. ഉള്ളിൽ ഇഷ്ടിക നിരത്തി സിമന്റ് ഇട്ട് ഉറപ്പിച്ചതായി കണ്ടതോടെ പണിക്കാർ കായലോരത്ത് ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇതിനു ശേഷമാണ് നെട്ടൂരിൽ കായലോരത്ത് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടത്. മൃതദേഹം ജലോപരിതലത്തിൽ ഉയർന്നു വരാതിരിക്കാൻ ചാക്കിൽ ഉണ്ടായിരുന്ന മതിലിന്റെ അവശിഷ്ടം പോലെ തോന്നിക്കുന്നതാണ് വീപ്പയിലും കണ്ടത്.

കുമ്പളം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽനിന്നാണു മൃതദേഹം ലഭിച്ചത്. വസ്ത്രാവശിഷ്ടങ്ങളിൽനിന്നു മൃതദേഹം സ്ത്രീയുടേതാണെന്നു വ്യക്തമായിരുന്നു. മൃതദേഹത്തിന്റെ ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തി സ്റ്റീൽ കമ്പിയിട്ടിരുന്നു. ആശുപത്രികളിൽ നടത്തിയ അന്വേഷണത്തിൽ കാലിൽ സ്റ്റീൽ കമ്പിയിട്ട ആറുപേരെപ്പറ്റി വിവരം ലഭിച്ചു.

ഇതിൽ അഞ്ചുപേരെ പൊലീസിന് കണ്ടെത്താനായതോടെ ആറാമത്തെയാളായ ഉദയംപേരൂർ സ്വദേശിനി ശകുന്തളയുടെ വിവരങ്ങളും പൊലീസ് അന്വേഷിച്ചു. ഇവർ 2016ൽ കാണാതായെന്നും മുംബൈയ്ക്ക പോയെന്നും മറ്റുമുള്ള വിവരങ്ങളാണ് പ്രചരിച്ചിരുന്നത്. ഇതോടെ മുംബൈയിൽ അടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു എന്നാൽ വിവരമൊന്നും ലഭിച്ചില്ല.

ഇതിനിടെ ഇവർ തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിവരം അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി. വർഷങ്ങൾക്കു മുമ്പ് ഭർത്താവുമായി ബന്ധം വേർപിരിഞ്ഞശേഷം ഇവർ മുംബൈക്കു പോകുന്നുവെന്നു പറഞ്ഞതായും പിന്നീട് യാതൊരുവിധ ബന്ധവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു. ശകുന്തളയുടെ മകൾ അശ്വതിയുടെ ഡിഎൻഎയും അസ്ഥികൂടത്തിന്റെ ഡിഎൻഎയുമായി പൊരുത്തമുണ്ടെന്നു സ്ഥിരീകരണം എത്തിയതോടെ ശകുന്തളതന്നെയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.

ശകുന്തളയുടെ കൈയിൽ ലക്ഷക്കണക്കിന് രൂപയുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പൊലീസ് കരുതുന്നത്. വീപ്പയ്ക്കകത്തു നിന്ന് മൂന്ന് അഞ്ഞൂറിന്റെയും ഒരു നൂറിന്റെയും നോട്ടുകളും കണ്ടെത്തിയിരുന്നു. മുമ്പ് മകനുണ്ടായ ബൈക്ക് അപകടത്തെ തുടര്ന്ന് ലഭിച്ച ഇൻഷ്വറൻസ് തുകയായ 5 ലക്ഷം ശകുന്തളയുടെ കയ്യിലുണ്ടായിരുന്നു. ഈ പണത്തിന് വേണ്ടിയാണോ കൊല നടന്നതെന്നതും മൃതദേഹം ഒളിപ്പിക്കാൻ ഇത്ര സമർത്ഥമായി പ്ദ്ധതിയിട്ടത് എന്തിനെന്നും എല്ലാം അന്വേഷിക്കുകയാണ് പൊലീസ്.