തിരുവനന്തപുരം: കരളിലെ ക്യാൻസറിന് ചികിത്സയിലായിരുന്ന സ്പീക്കർ ജി കാർത്തികേയൻ വീണ്ടും പൊതുരംഗത്ത് സജീവമാകുന്നു. ചികിത്സയും വിശ്രമവും കാരണം കഴിഞ്ഞ നിയമസഭാ സമ്മേളന കാലയളവിൽ സ്പീക്കറുടെ ചെയറിൽ എത്താതിരുന്ന അദ്ദേഹം നീണ്ട ഇടവേളയ്ക്ക് ശേഷം വിതുരയിലെ പൊതു ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് വീണ്ടും രാഷ്ട്രീയ തിരക്കുകളിലേക്ക് നീങ്ങിയത്. ചൊവ്വാഴ്‌ച്ച നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം ഇന്നും ജനസമക്ഷത്തിലേക്ക് ഇറങ്ങി. അന്തരിച്ച സിനിമ പ്രതിഭ എൻ എൽ ബാലകൃഷ്ണന് അന്ത്യാജ്ഞലി അർപ്പിക്കാനും സ്പീക്കർ ഇന്ന് എത്തിയിരുന്നു. ചികിത്സയെ തുടർന്നുള്ള ക്ഷീണമുണ്ടെങ്കിൽ കൂടി തിരുവനന്തപുരത്തുകാരുടെ പ്രിയങ്കരനായ ബാലണ്ണനെ അവസാനമായി ഒരുനോക്കു കാണാൻ കാർത്തികേയൻ എത്തുകയായിരുന്നു. വീട്ടുകാരെ ആശ്വസിപ്പിച്ചും അൽപ്പനേരം വീട്ടിൽ ചിലവഴിച്ച ശേഷവുമാണ് സ്പീക്കർ മടങ്ങിയത്.

വിതുരയിലെ മഹാദേവ ക്ഷേത്രത്തിലും സ്പീക്കർ അടുത്തിടെ ദർശനം നടത്തിയിരുന്നു. തുടർന്ന് വ്യാപാരി- വ്യവസായി ഏകോപന സമിതി വിതുര അങ്ങാടിയിൽ സംഘടിപ്പിച്ച വിതുര ഫെസ്റ്റിലെ കാർഷിക സെമിനാറും ഉദ്ഘാടനം ചെയാതാണ് അദ്ദേഹം മടങ്ങിയത്. മടങ്ങും മുമ്പ് തൊളിക്കോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരിക്കേ അന്തരിച്ച ശശിധരൻ നായരുടെ വസതിയിലും സ്പീക്കർ സന്ദർശിക്കുകയുണ്ടായി. ഫേസ്‌ബുക്കിലൂടെ ക്രിസ്തുമസ് ആശംസകൾ നേർന്ന അദ്ദേഹം ഇത്തവണ ഓഫീസിലെ ജീവനക്കാർക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

മണ്ഡലത്തിലെ വികസന കാര്യങ്ങളിലും ജി കാർത്തിയേകൻ നേരിട്ടു തന്നെ ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. ഫേസ്‌ബുക്കിലൂടെ ജനങ്ങളോട് സംവദിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട. പുതുവർഷത്തെ ചിന്തകളും അദ്ദേഹം ഫേസ്‌ബുക്കിലൂടെ പോസ്റ്റ് ചെയ്യുകയുണ്ടായി. മലിനമാകുന്ന പരിസ്ഥിതിയെ കുറിച്ചും മറക്കുന്ന സംസ്‌ക്കാരത്തെ കുറിച്ചും പുതുവർഷ സന്ദേശത്തിൽ അദ്ദേഹം വാചാലനാകുന്നു. സാംസ്‌ക്കാരികമായി നമ്മൽ ച്യുതി നേരിടുകയാണെന്നും അദ്ദേഹം ഫേസ്ബിക്കിലൂടെ പറയുന്നു. പുതുവർഷത്തിൽ സംസ്‌ക്കാരത്തെ പറ്റി ഓർക്കണമെന്നും വ്യാപാര സംസ്‌ക്കാരത്തിൽ നിന്നും മാനസികമായി പിന്മാറണമെന്നും സ്പീക്കർ ഓർമ്മപ്പെടുത്തുന്നു. പുതിയ വർഷത്തിലെങ്കിലും കാലുഷ്യങ്ങളെ മറക്കാൻ സാധിക്കട്ടെയെന്നും കാർത്തികേയൻ പറയുന്നു.

നേരത്തെ രോഗമുക്തി നേടിയെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് സ്പീക്കർ സഭയെ നിയന്ത്രിക്കാൻ കാർത്തിയേകൻ എത്തിയിരുന്നില്ല. തുടർന്നങ്ങോട്ട് ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തനായിരുന്നു സഭ നിയന്ത്രിച്ചത്. കരളിലെ ക്യാൻസറിന് അമേരിക്കയിലെ മയോ ക്ലീനിക്കിലെ ചികിൽസയെ തുടർന്ന് സ്പീക്കറുടെ ആരോഗ്യസ്ഥിതിയിൽ മികച്ച പുരോഗതിയുണ്ട്. വീട്ടിൽ സന്ദർശകരെ സ്വീകരിക്കാനും തുടങ്ങിയിരുന്നു. രാഹുൽ ഗാന്ധിയും നേതാക്കളും ഇതിനിടെ സ്പീക്കറെ കാണാൻ എത്തിയിരുന്നു.

നേരത്തെ സ്പീക്കർ സ്ഥാനം കാർത്തികേയൻ ഒഴിയുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. മന്ത്രിയാകാനാണ് താൽപ്പര്യമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സ്പീക്കർ അറിയിച്ചതോടെയായിരുന്നു ഇത്. കാർത്തികേയനും ഇക്കാര്യം സ്ഥിരീകരിച്ചു. മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും കരുതി. അതിനിടെയാണ് കരളിലെ രോഗം കാർത്തികേയന് കലശലായത്. ഈ സാഹചര്യത്തിൽ മന്ത്രിയാവുന്നത് ആരോഗ്യപ്രശ്‌നമുണ്ടാകുമെന്ന ഉപദേശവും ലഭിച്ചു. അതിനിടെയാണ് അമേരിക്കയിൽ ചികിൽസയ്ക്ക് പോയത്.

കേരളത്തിലേയും ഡൽഹിയിലേയും ചികിൽസ ഫലിക്കാത്ത സാഹചര്യത്തിലായിരുന്നു അത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കാർത്തികേയനെ അനുഗമിച്ചു. കരൾ മാറ്റ ശസ്ത്രക്രിയയുടെ സാധ്യത തേടിയായിരുന്നു യാത്ര. എന്നാൽ മരുന്നുകളിലൂടെ തന്നെ ആരോഗ്യം വീണ്ടെടുക്കാമെന്ന ഉപദേശമാണ് അമേരിക്കയിലെ ഡോക്ടർമാർ നൽകിയത്. ചികിൽസാ രീതികളിൽ മാറ്റവും നിർദ്ദേശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ ഈ രീതിയിലാണ് ഇപ്പോൾ ചികിൽസയ്ക്ക് നേതൃത്വം നൽകുന്നത്. ഇത് ഫലപ്രദമാണ് താനും. വരും ദിവസങ്ങളിൽ മണ്ഡലത്തിൽ സജീവമായി തന്നെ സ്പീക്കർ രംഗത്തിറങ്ങുമെന്നാണ് സൂചന.