കോതമംഗലം: ലോകത്തിന്റെ ഏത് കോണിൽ പോയാലും കപ്പ മലയാളിക്ക് പ്രിയപ്പെട്ടത് തന്നെയാണ്.വേറെ ഏതൊക്കെ രുചികൾ നാവിൽ കയറിയാലും കപ്പയുടെ പ്രിയത്തിന് ഒരു കുറവും വന്നിട്ടുമില്ല.ഇപ്പോഴിതാ മലയാളിയുടെ പ്രിയപ്പെട്ട കപ്പ ലോകത്തെ വിവിധ രാജ്യങ്ങളിലും കൈയടി നേടുന്നു. എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്തുള്ള വാരപ്പെട്ടി സഹകരണബാങ്കിന്റെ പദ്ധതിയാണ് നമ്മുടെ കപ്പയെ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്.

ഇതിനകം 3 വിദേശരാജ്യങ്ങളിൽ വാരപ്പെട്ടിക്കാരുടെ കപ്പ എത്തിക്കഴിഞ്ഞു. മറ്റ് ചിലയിടങ്ങളിലേക്കുള്ള കയറ്റുമതി സംബന്ധിച്ചു ചർച്ച നടക്കുന്നു.കൂുതൽ രാജ്യങ്ങളിലേക്ക് കപ്പയെത്തിക്കാനുള്ള ശ്രമിത്തിലാണ് നിർ്മ്മാതാക്കൾ.ഭംഗിയുള്ള പായ്ക്കറ്റുകളിൽ വാട്ടുകപ്പയോടൊപ്പം പാചകത്തിനുള്ള മസാലക്കൂട്ടും ഉൾപ്പെടുത്തി 'ടപ്പിയോക്ക വിത്ത് മസാല' എന്ന പേരിലാണ് വിപണനം. പാതി വെന്ത വാട്ടുകപ്പ പാചകം ചെയ്യാൻ തുച്ഛമായ സമയം മതിയെന്നത് ഇതിനെ നഗരവാസികൾക്കു പ്രിയപ്പെട്ടതാക്കുന്നു. പായ്ക്കറ്റിലെ ഉള്ളടക്കത്തിനൊപ്പം തക്കാളിയും സവോളയും ചേർക്കൂകയേ വേണ്ടൂ. മത്സ്യം, മാംസം എന്നിവ ചേർത്ത് കപ്പ ബിരിയാണിയുമാക്കാം.

മരച്ചീനി വാങ്ങാൻ ആളില്ലാതെ കർഷകർ വിഷമിക്കുന്നതു കണ്ട് അവർക്കു തുണയാകാനാണ് 2 വർഷം മുൻപ് ബാങ്ക് ഈ രംഗത്തേക്കു വന്നത്.അന്ന് വാങ്ങാനാളില്ലാതെ വന്ന കപ്പ 15 രൂപ നിരക്കിൽ സംഭരിച്ചു. തുടക്കത്തിൽ അരിഞ്ഞു വാട്ടി ഉണങ്ങിയ കപ്പ പായ്ക്കറ്റിലാക്കുകയായിരുന്നു എന്നാൽ വിദേശ മലയാളികൾക്കായി തയാറാക്കിയപ്പോൾ യോജ്യമായ മസാലയുടെ പായ്ക്കറ്റ് കൂടി ചേർത്തു.അതോടെ വിദേശ മലയാളികൾക്കിടയിൽ 'ടപ്പിയോക്ക വിത്ത് മസാല' ഹിറ്റായി.

കഴിഞ്ഞ വർഷം അമേരിക്ക, ന്യൂസിലൻസ് , ഓസ്‌ട്രേലിയ എന്നിവിടങ്ങലേക്ക് 10 ടൺ വാട്ടുകപ്പയാണ് കയറ്റുമതി ചെയ്തത്. ഒരു കിലോ പായ്ക്കറ്റിന് 100 രൂപയാണ് വില. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും ഇത് ലഭ്യമാണ്. ഇവിടെ മാത്രം ഒതുങ്ങുന്നതല്ല ഈ കൂട്ടായ്മയുടെ പ്രവർത്തനം.സമാനമായ നിരവധി പദ്ധിതികൾ ഇവർ നടപ്പാക്കുന്നുണ്ട്.നാളികേരം, വാഴപ്പഴം , ചക്ക എന്നിവയും മൂല്യവർധന നടത്തുന്നു ഇവർ. ഭക്ഷ്യസംസ്‌കരണത്തിന് 5 കോടി രൂപ മുടക്കി ആധുനിക ഫാക്ടറി നിർമ്മിച്ചിട്ടുണ്ട്.

കൃഷിക്കാരിൽനിന്നു നാളികേരം വാങ്ങി കൊപ്രയാക്കാൻ 6 ഡ്രയറുകൾ. ഉണങ്ങിയ കൊപ്ര ഫാക്ടറിയിലെ മില്ലിൽ എണ്ണയായി മാറുന്നു. ആട്ടിയെടുത്ത എണ്ണ ഡബിൾ ഫിൽറ്ററിലൂടെ കടത്തി ശുദ്ധീകരിച്ച ശേഷം കുപ്പികളിലും പായ്ക്കറ്റുകളിലും നിറയ്ക്കുന്നു. എല്ലാറ്റിനും ആധുനിക യന്ത്ര സാമഗ്രികൾ. കപ്പ വാട്ടിയുണങ്ങുന്നതിന് ഇലക്ട്രിക് ഡ്രയറും നേന്ത്രപ്പഴം ഉണങ്ങുന്നതിന് വാക്വം ഫ്രൈ ഡ്രയറും.അരിഞ്ഞ ചക്ക കിലോയ്ക്ക് 75 രൂപയ്ക്കും കപ്പ 25 രൂപയ്ക്കും തേങ്ങ 31 രൂപയ്ക്കുമാണ് കർഷകരിൽനിന്നു വാങ്ങുന്നത്.

കഴിഞ്ഞ വർഷം 2.25 കോടി രൂപയുടെ കാർഷികോൽപന്നങ്ങൾ സംഭരിച്ചു. വിപുലമായ സംസ്‌കരണ സംവിധാനമുള്ളതിനാലാണ് നാളികേരം, കപ്പ, ചക്ക എന്നിവയൊക്കെ ന്യായവില നൽകി വാങ്ങാനാവുന്നതെന്ന് ബാങ്ക് സെക്രട്ടറി ടി.ആർ. സുനിൽ ചൂണ്ടിക്കാട്ടി. കർഷകർക്കായി നാളികേര ഫലവൃക്ഷ നഴ്‌സറിയും യന്ത്രോപകരണ സ്റ്റോറും കാർഷികോപാധി വിപണനകേന്ദ്രവും വളം ഡിപ്പോയും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്ലാവ്, തെങ്ങിൻതൈ, കാലിത്തീറ്റ, മഞ്ഞൾവിത്ത്, വാഴക്കന്ന്, ആട് എന്നിവ കർഷകർക്കു വിതരണം ചെയ്യുന്നുമുണ്ട്.