ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ ഭാഗം പോലുമല്ല പക്ഷേ സൈനിക സ്‌പെഷ്യൽ ഫോഴ്‌സായ ഈ ചുണക്കുട്ടികളാണ് ചൈനയ്ക്ക് മുന്നിൽ രാജ്യത്തിന്റെ നട്ടെല്ല്. അധികമാർക്കും അറിയാത്ത രാജ്യത്തെ ഏറ്റവും പ്രബലന്മാരായ സൈനിക ഗ്രൂപ്പാണ് സ്‌പെഷ്യൽ ഫ്രെണ്ടിയിർ ഗ്രൂപ്പ്. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ച്രണത്തിലാണ് ഈ സേന പ്രവർത്തിക്കുന്നത്. സേനയുടേതിന് സമാനമായ കമാന്റിങ് രീതികൾ തന്നെയാണ് ഇവര്‌ക്കെങ്കിലും ഈ ഗ്രൂപ്പിന്റെ നിയന്ത്രണം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ നിയന്ത്രണത്തിലാണ്. പേര്. പാംഗോങ് തടാക തീരത്ത് ചൈനയുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് നിർണായക മേൽക്കൈ നേടിക്കൊടുത്തതിന് പിന്നിൽ ഈ സേനാവിഭാഗത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

പാംഗോങ്ങിലെ ഫിംഗർ 4 മേഖലയിൽ ചൈനീസ് സൈന്യം തുടരുകയാണ്. ഇന്ത്യൻ സൈന്യത്തിന് മേലുള്ള ഈ മേധാവിത്വം കൂടുതൽ വർധിപ്പിക്കാൻ ചൈനീസ് സൈന്യം ഇരുട്ടിന്റെ മറപറ്റി കൂടുതൽ സ്ഥലങ്ങളിൽ സൈനിക പോസ്റ്റുകൾ സ്ഥാപിക്കാനെത്തിയെങ്കിലും അവരെ ഇന്ത്യൻ സൈന്യം ചെറുത്തു തോൽപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ചൈന അവരുടെതെന്ന് അവകാശപ്പെട്ടിരുന്ന താകുങ്, കാലാ കുന്നുകൾക്ക് മുകളിൽ ഇന്ത്യൻ സൈന്യം ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

നിയന്ത്രണരേഖയിൽ സ്ഥലങ്ങൾ കൈയേറി അവകാശം സ്ഥാപിക്കുന്ന ചൈനീസ് നീക്കത്തിന് സൈന്യം അതിലൂടെ ഉചിതമായ മറുപടിയാണ് നൽകിയത്. ഈ കുന്നുകൾ ഇന്ത്യൻ സൈന്യത്തിന്റെ കീഴിലായതോടെ ഫിംഗർ 4ലെ ചൈനീസ് പോസ്റ്റുകൾ ഇന്ത്യൻ സേനയുടെ ആക്രമണ പരിധിയിലായി. ഈ നിർണായക വിജയത്തിന് നന്ദി പറയേണ്ടത് സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിനോടാണ്.

ഈ സേനാവിഭാഗത്തിന്റെ രൂപീകരണത്തിന് കാരണമായതും ചൈന തന്നെയായിരുന്നുവെന്നത് യാദൃശ്ചികമാകാം. 1962 ൽ ചൈന ഇന്ത്യൻ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്തിക്കൊണ്ടിരിക്കെ ആ വർഷം നവംബർ 14 നാണ് ഇന്റലിജൻസ് ബ്യൂറോ മേധാവി ഭോലാ നാഥ് മുള്ളിക്കിന്റെ ഉപദേശപ്രകാരം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പുതിയ സേനാവിഭാഗം രൂപീകരിക്കാൻ ഉത്തരവിട്ടത്.

അന്ന് ഇതിന് വികാസ് ബറ്റാലിയൻ എന്നാണ് പേരിട്ടിരുന്നത്. ടിബറ്റൻ പ്രവാസികളാണ് ഇതിലെ അംഗങ്ങൾ. ചൈനീസ് അധിനിവേശത്തിനെതിരെ ടിബറ്റൻ ഗറില്ലാ മൂവ്മെന്റ് ശക്തിപ്പെട്ടിരുന്ന സമയമായിരുന്നു അന്ന്. 1959 ൽ തന്നെ ഇന്ത്യയിലെത്തിയ ടിബറ്റുകാർക്ക് ടിബറ്റ് വിമോചനത്തിനായി ഇന്ത്യൻ രഹസ്യാന്വേഷഷണ ഏജൻസിയായ റോയും അമേരിക്കൻ ചാര സംഘടനയായ സിഐഎയും പരിശീലനം നൽകിയിരുന്നു. ഇവർക്ക് പക്ഷെ ചൈനയോട് എതിരിട്ട് ടിബറ്റ് മോചനത്തിനായി പോരാടാനുള്ള അവസരം ലഭിച്ചിരുന്നില്ല.

ഈ സാഹചര്യം നിലനിൽക്കുന്ന സമയത്താണ് ചൈന ഇന്ത്യയെ ആക്രമിക്കുന്നത്. തുടർന്ന് നെഹ്റുവിന്റെ അനുമതി ലഭിച്ചതോടെ ഐബി മേധാവി ഇവരെ വികാസ് ബറ്റാലിയനിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു. എന്നാൽ ചൈന ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ചൈനയുമായുള്ള ഇവരുടെ പോരാട്ടം ഉപേക്ഷിക്കപ്പെട്ടു.

1964ൽ ഇന്ത്യാ ചൈന ബന്ധം മെച്ചപ്പെട്ടതിനെ തുടർന്ന് ചൈന കേന്ദ്രീകൃതമായ നീക്കങ്ങൾ നിർത്തിവെച്ചു. സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന് ആദ്യം നൽകിയ പേര് എസ്റ്റാബ്ലിഷ്മെന്റ് 22 എന്നായിരുന്നു. ഇതിന്റെ ആദ്യ തലവനായിരുന്ന മേജർ ജനറൽ സുജൻ സിങ് ഉബാനാണ് ഈ പേര് നൽകിയത്. ഇന്ന് ടിബറ്റുകാർക്കൊപ്പം ഗൂർഖകളും ഈ പ്രത്യേക സേനയുടെ ഭാഗമാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ കീഴിലുള്ള സേനയാണ് സ്പേഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്. സൈന്യത്തിന്റെ ഭാഗമല്ലെങ്കിലും ഇതിന്റെ പ്രവർത്തനങ്ങൾ സൈന്യത്തിന്റെ ഓപ്പറേഷൻ വിഭാഗത്തിന് കീഴിലാണ്.

സൈന്യത്തിലെ മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഈ സേനാവിഭാഗത്തിന്റെ മേധാവി. ഇൻസ്പെക്ടർ ജനറൽ എന്നാണ് ഈ സേനാവിഭാഗത്തിന്റെ മേധാവിയുടെ സ്ഥാനപ്പേര്. സൈന്യത്തിന്റേതിന് സമാനമാണ് ഇതിലെ സ്ഥാനങ്ങളും. ഇതിലെ അംഗങ്ങൾ പർവത യുദ്ധങ്ങളിൽ ഉൾപ്പെടെ വൈദഗ്ധ്യം നേടിയവരാണ്. മറ്റേത് സൈനിക വിഭാഗങ്ങളേപ്പോലെ തന്നെയാണ് ഇവയും പ്രവർത്തിക്കുന്നത്. എന്നാൽ പ്രത്യേക പരിശീലന കേന്ദ്രങ്ങളും സംവിധാനങ്ങളുമാണ് ഇവർക്കുള്ളത്.

ചൈനയെ പ്രതിരോധിക്കുന്നതിനായാണ് രൂപീകരിച്ചതെങ്കിലും ചൈനയുമായി നേരിട്ട് ഏറ്റുമുട്ടാൻ ഇവർക്ക് അവസരം ലഭിച്ചിട്ടില്ല. എന്നാൽ 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പാക് സൈന്യത്തിന്റെ നട്ടെല്ലൊടിച്ചത് സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ നീക്കങ്ങളായിരുന്നു. പടിഞ്ഞാറുനിന്ന് ഇന്ത്യൻ സൈന്യം ആക്രമിച്ച സമയത്ത് കിഴക്കുനിന്ന് പാക് സൈന്യത്തെ പിന്നിൽ നിന്ന് ആക്രമിച്ച് അവരെ തകർക്കുകയായിരുന്നു. പാക് സൈന്യത്തിന്റെ ആശയവിനിമയ സംവിധാനങ്ങളും ആയുധങ്ങളും തകർക്കുകയും അവർ ബർമലയിലേക്ക് പലായനം ചെയ്യുന്നത് തടയുകയും ചെയ്തതോടെയാണ് പാക് സൈന്യം നീരുപാധികം ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങിയത്.

അന്ന് ഇവർ നടത്തിയ സൈനിക നീക്കത്തിന് ഓപ്പറേഷൻ ഈഗിൾ എന്നായിരുന്നു പേരിട്ടിരുന്നത്. ഖലിസ്ഥാൻ തീവ്രവാദികളെ സുവർണ ക്ഷേത്രത്തിൽ നിന്ന് തുരത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിലും ഇവർ നിർണായക നീക്കങ്ങൾ നടത്തി. കാർഗിൽ യുദ്ധം, ഭീകരവിരുദ്ധ നടപടികൾ എന്നിവയിലും ഇന്ന് ഇവരെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവയെല്ലാം രഹസ്യമാക്കി വക്കുകയാണ് പതിവ്.

തെർമൽ ഇമേജിങ് ക്യാമറ, ഗതിനിർണയ സംവിധാനങ്ങൾ, അത്യാധുനിക ആശയവിനിമയോപാധികൾ തുടങ്ങിയവയും ഇവർ ഉപയോഗിക്കുന്നു. ലഡാക്ക് മുതൽ ഉത്തരാഖണ്ഡ് വരെയുള്ള പ്രദേശങ്ങളിൽ ഈ സേനാ വിഭാഗത്തിനെ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ.