മൂന്നാർ: കോളനിയിലെത്തിയാൽ പിന്നെ കറക്കം തോന്നും പോലെ.'കാണിക്കയായി 'കിട്ടുന്ന വനവിഭങ്ങൾ നാട്ടിലെത്തിച്ച് വിൽപനയും പതിവ്.കൃത്യനിർവ്വഹണമെന്ന പേരിൽ നടപ്പാക്കുന്നത് കോളനിവാസം തുടരുന്നതിനുള്ള കുതന്ത്രമൊരുക്കൽ എന്നും സൂചന. ഇടമലക്കുടി ആദിവാസി കോളനിയിലെ നിയമപാലനം ഉറപ്പാക്കാനെന്ന പേരിൽ തമ്പടിക്കുന്ന പൊലീസുകാരുടെ നീക്കം സംബന്ധിച്ച് പുറത്തായ വിവരങ്ങൾ ഇങ്ങനെയാണ്. മൂന്നാർ സ്റ്റേഷനിൽ നിന്നുള്ള രണ്ട് ഗ്രേഡ് എ എസ് ഐ മാരും അടിമാലി സ്റ്റേഷനിൽ നിന്നുള്ള രണ്ട് വനിത പൊലീസുകാരുമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥിരമായി കോളനി ഡ്യൂട്ടിക്ക് പോകുന്നതെന്നാണ് ലഭ്യമായ വിവരം.

ഇടമലക്കുടി കോളനിയിൽ മനുഷ്യക്കുരുതി നടന്നതായുള്ള മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഉന്നതല നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോളനിയിൽ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയത്. കോളനിവാസികളെ സംമ്പന്ധിക്കുന്ന വിവരശേഖരണമായിരുന്നു കോളനി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസ് സംഘത്തിന്റെ ആദ്യചുമതല.ഇത് പ്രകാരം മുഴുവൻ കോളനിവാസികളുടെയും ചിത്രങ്ങൾ സഹിതമുള്ള ആൽബം പൊലീസ്് സംഘം തയ്യാറാക്കി.ഡ്യൂട്ടിക്കായി എത്തുമ്പോൾ പൊലീസ് സംഘത്തിന് താമസിക്കാൻ രണ്ട് മുറികളുള്ള ഒരു കെട്ടിടം പഞ്ചായത്ത് തരപ്പെടുത്തിയിരുന്നു.

കണക്കെടുപ്പും റിപ്പോർട്ട് തയ്യാറക്കലും പൂർത്തിയായിട്ടും ദിവസങ്ങളോളം പൊലീസ് സംഘം കോളനിയിൽ തമ്പടിച്ച് തുടങ്ങിയതോടെയാണ് ആരോപണങ്ങൾ ശക്തിപ്പെട്ടിരിക്കുന്നത്. സാധാരണ ഇത്തരം ഡ്യൂട്ടികൾക്ക് പോകാൻ പൊതുവേ പൊലീസുകാർ മടികാണിക്കുമ്പോഴാണ് മാസങ്ങളായി ഇവർ ഇതേ ഡ്യൂട്ടിയിൽ തുടരുന്നത് എന്നതാണ് ശ്രദ്ധേയം.

പുറമേ നിന്നുള്ളവർ കോളനിയിൽ എത്തി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട് തയ്യാറാക്കി ഉന്നതങ്ങളിലെത്തിച്ചാണ് ഇക്കൂട്ടർകോളനി ഡ്യൂട്ടി നിലനിർത്തുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഇത്തരത്തിൽ സമീപ കോളനിയിലെ ഒരു ആദിവാസി യുവാവിനെക്കുറിച്ച് ഇവർ നൽകിയ റിപ്പോർട്ടിൽ കഴമ്പില്ലന്ന് അടുത്തിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നേരിട്ട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. മാവോവാദികളുടെ സാന്നിദ്ധ്യമുണ്ടെന്നുള്ള സംശയം പരത്തിയും ഇക്കൂട്ടർ കോളനിയിലെ സുഖവാസം തുടരുന്നതിനുള്ള കരുക്കൽ നീക്കിയതായും ആരോപണമുയർന്നിട്ടുണ്ട്.

വനപാലകർ കഴിഞ്ഞാൽ കോളനിവാസികളുടെ കാണിക്ക ഏറ്റവും കൂടുതൽ കിട്ടുന്നത് പൊലീസുകാർക്കാണെന്നാണ് പരക്കെ പ്രചരിക്കുന്ന വിവരം. തേൻ ,രുദ്രാക്ഷം തുടങ്ങി ഇത്തരത്തിൽ ലഭിക്കന്ന 'സമ്മാനങ്ങൾ' ഇക്കൂട്ടർ നാട്ടിലെത്തി വിൽപ്പന നടത്തുന്നതായുള്ള വിവരങ്ങളും പ്രചരിച്ചിട്ടുണ്ട്. മൂന്നാർ സ്റ്റേഷനിലെ ട്രാഫിക്് വിഭാഗത്തിന്റെ ജീപ്പുമായിട്ടാണ് പൊലീസ് സംഘം കോളനിയിലേക്ക് തിരിക്കുന്നത്. ദുർഘട പാതകൾ താണ്ടി, ചിലപ്പോൾ ഒരാഴ്ചയോളമെത്തുമ്പോഴാവും മടങ്ങിയെത്തുക. കോളനി ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് സംഘം തിരിച്ചെത്തുമ്പഴേക്കും വാഹനത്തിന് സാരമായ കേടുപാടുകൾ ഉണ്ടാവാറുണ്ടെന്നും ഇത് പരിഹരിക്കാൻ ചിലപ്പോൾ വൻ തുകൾ മുടക്കേണ്ടി വരാറുണ്ടെന്നുമാണ് പരസ്യമായ രഹസ്യം.