- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറുകണക്കിന് ആദിവാസികൾ കുടിയൊഴിപ്പിക്കപ്പെടും; 200 ഹെക്ടർ വനം വെള്ളത്തിൽ മുങ്ങും; അതിരപ്പിള്ളി-വാഴച്ചാൽവെള്ളച്ചാട്ടം നിലയ്ക്കും; ചാലക്കുടിപ്പുഴ വറ്റും; വൈദ്യുതി ഉത്പാദനം ചെലവേറിയതാകും: എന്തുകൊണ്ടാണ് അതിരപ്പിള്ളി പദ്ധതിയെ നമ്മൾ എതിർക്കേണ്ടത്?
തിരുവനന്തപുരം: ചാലക്കുടിപ്പുഴയ്ക്കു കുറുകെ ചാരുതയ്യാർന്ന വാഴച്ചാൽ വെള്ളച്ചാട്ടത്തിന് 400 മീറ്റർ മുകളിലായി 23 മീറ്റർ ഉയരവും 311 മീറ്റർ നീളവുമുള്ള ഒരു അണക്കെട്ട്. കേരളത്തിന്റെ വികസനവാദികൾ മൂന്നരപതിറ്റാണ്ടുമുമ്പുമുതൽ സ്വപ്‌നംകണ്ടുതുടങ്ങിയ, 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുത പദ്ധതിയെ എന്തുകൊണ്ടാണ് തുടക്കം മുതൽത്തന്നെ കേരളത്തിലെ പരിസ്ഥിതിവാദികളുൾപ്പെടെ വലിയൊരു വിഭാഗം എതിർക്കുന്നത്? ഒട്ടും ലാഭകരമാവില്ലെന്ന് നിരവധി പഠനങ്ങൾ.. ഇല്ലാതാകുന്ന വാഴച്ചാൽ, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളുടെ മനോഹാരിത... പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ പാടെ ഇല്ലാതാകുന്ന അപൂർവ ആവാസ വ്യവസ്ഥ... ഇതിലുപരി അണക്കെട്ടിൽ മുങ്ങി ഇല്ലാതാകുന്ന 200 ഹെക്ടർ വനപ്രദേശവും കിടപ്പാടം നഷ്ടപ്പെട്ട് കുടിയിറങ്ങേണ്ടിവരുന്ന നൂറുകണക്കിന് ആദിവാസികളുടെ കണ്ണീരും. പ്രത്യക്ഷത്തിൽത്തന്നെ ഇത്രയും നഷ്ടങ്ങൾ വരുത്തിവച്ച് കൊണ്ടുവരുന്ന വൈദ്യുതി പദ്ധതി കേരളത്തിന് സമ്പാദിക്കുന്ന 163 മെഗാവാട്ട് വൈദ്യുതിയാകട്ടെ ചെലവേറിയതാകുമെന്ന പഠനങ്ങളും മുന്
തിരുവനന്തപുരം: ചാലക്കുടിപ്പുഴയ്ക്കു കുറുകെ ചാരുതയ്യാർന്ന വാഴച്ചാൽ വെള്ളച്ചാട്ടത്തിന് 400 മീറ്റർ മുകളിലായി 23 മീറ്റർ ഉയരവും 311 മീറ്റർ നീളവുമുള്ള ഒരു അണക്കെട്ട്. കേരളത്തിന്റെ വികസനവാദികൾ മൂന്നരപതിറ്റാണ്ടുമുമ്പുമുതൽ സ്വപ്‌നംകണ്ടുതുടങ്ങിയ, 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുത പദ്ധതിയെ എന്തുകൊണ്ടാണ് തുടക്കം മുതൽത്തന്നെ കേരളത്തിലെ പരിസ്ഥിതിവാദികളുൾപ്പെടെ വലിയൊരു വിഭാഗം എതിർക്കുന്നത്? ഒട്ടും ലാഭകരമാവില്ലെന്ന് നിരവധി പഠനങ്ങൾ.. ഇല്ലാതാകുന്ന വാഴച്ചാൽ, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളുടെ മനോഹാരിത... പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ പാടെ ഇല്ലാതാകുന്ന അപൂർവ ആവാസ വ്യവസ്ഥ... ഇതിലുപരി അണക്കെട്ടിൽ മുങ്ങി ഇല്ലാതാകുന്ന 200 ഹെക്ടർ വനപ്രദേശവും കിടപ്പാടം നഷ്ടപ്പെട്ട് കുടിയിറങ്ങേണ്ടിവരുന്ന നൂറുകണക്കിന് ആദിവാസികളുടെ കണ്ണീരും. പ്രത്യക്ഷത്തിൽത്തന്നെ ഇത്രയും നഷ്ടങ്ങൾ വരുത്തിവച്ച് കൊണ്ടുവരുന്ന വൈദ്യുതി പദ്ധതി കേരളത്തിന് സമ്പാദിക്കുന്ന 163 മെഗാവാട്ട് വൈദ്യുതിയാകട്ടെ ചെലവേറിയതാകുമെന്ന പഠനങ്ങളും മുന്നിൽ നിൽക്കുമ്പോൾ നമ്മൾ അതിരപ്പിള്ളി പദ്ധതിയെ എങ്ങിനെ എതിർക്കാതിരിക്കും?
അധികാരത്തിലെത്തി ആഴ്ചയൊന്നു തികയുംമുമ്പേ പ്രകടന പത്രികയെ പാടേ മറന്ന്, എൽഡിഎഫിലെ സഹയാത്രികരായ സിപിഐയുടെ പോലും ശക്തമായ എതിർപ്പു വകവയ്ക്കാതെ പിണറായിയും സിപിഎമ്മും അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി വാദിച്ചുതുടങ്ങുമ്പോൾ നാലുതവണ അനുമതി ലഭിച്ചിട്ടും പദ്ധതി നടക്കാതെ പോയതിനു കാരണമായ എതിർപ്പുകൾ വീണ്ടും എരിഞ്ഞുതുടങ്ങുകയാണ്.
ഏതുവില കൊടുത്തും ചാലക്കുടി പുഴയിലെ നീരൊഴുക്ക് കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയുമായി ചാലക്കുടി പുഴ സംരക്ഷണ സമിതിയും പരിസ്ഥിതി വാദികളും മറ്റും ഉൾപ്പെടുന്ന വലിയൊരു വിഭാഗം ഒരുവശത്തും വികസനവാദികളും സിപിഐ(എം) ഉൾപ്പെടെ സർക്കാരിനെ പിന്തുണയ്ക്കുന്നരും ചേർന്ന് മറുവശത്തും നിലകൊള്ളുമ്പോൾ വരുംദിവസങ്ങളിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ഈ വിഷയത്തിൽ കേരളത്തിലുണ്ടാവുക.
പദ്ധതിക്കായുള്ള വാദങ്ങൾ പ്രബലമായത് പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ
1979 ലാണ് 163 മെഗാ വാട്ട് ശേഷിയുള്ള അതിരപ്പിള്ളി പദ്ധതി ആലോചനയിൽ വരുന്നത്. 1500 കോടി രൂപ മുതൽ മുടക്കിൽ പ്രതിവർഷം 212 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പെരിങ്ങൽക്കുത്ത് വലതുകര പദ്ധതിയോടൊപ്പം ചേർന്നുള്ള ഇരട്ട പദ്ധതിയെന്ന നിലയിൽ 1982ൽ അതിരപ്പിള്ളി പദ്ധതിക്കായുള്ള നിർദ്ദേശം സമർപ്പിക്കപ്പെട്ടു. എന്നാൽ അന്നുമുതലേ കുടിയറക്കപ്പെടേണ്ടിവരുന്ന ആദിവാസികളുടെ പ്രശ്‌നങ്ങളുന്നയിച്ചും വെള്ളച്ചാട്ടങ്ങൾ ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടിയും എതിർപ്പുകളും തുടങ്ങി. 1989ൽ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലം പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് നടപടികളിൽ നിന്ന് സർക്കാരിന് പിൻവാങ്ങേണ്ടി വന്നു.
അതിരപ്പിള്ളി പദ്ധതി സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും നിലനിൽക്കുന്നതല്ലെന്ന് അക്കമിട്ട് വ്യക്തമാക്കിയാണ് വലിയൊരു വിഭാഗം അതിനെ എതിർക്കുന്നത്. അതിനുള്ള കാരണങ്ങൾ ചാലക്കുടി പുഴ സംരക്ഷണ സമിതി വ്യക്തമാക്കുന്നത് ഇങ്ങനെ: 387 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിവർഷം അതിരപ്പിള്ളി പദ്ധതിയിൽ നിന്നും ഉത്പാദിപ്പിക്കാമെന്നാണ് ഇപ്പോൾ കെ.എസ്.ഇ.ബിയുടെ അവകാശവാദം. എന്നാൽ 233 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനത്തിന് മാത്രമാണ് കേന്ദ്ര വൈദ്യുതി അഥോറിറ്റി (സി.ഇ.എ) അനുമതി നൽകിയത്. [BLURB#1-H]
പറമ്പിക്കുളംആളിയാർ കരാർ നിലവിലുള്ളതാണ് സി.ഇ.എയുടെ ഈ നിലപാടിന് പ്രധാന കാരണം. 1970 ൽ നടപ്പായ കരാർ പ്രകാരം അന്നുമുതൽ ചാലക്കുടിപ്പുഴയിലെ വെള്ളം 40 ശതമാനം കുറഞ്ഞു. ഈ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നു. എന്നാൽ പറമ്പിക്കുളം-ആളിയാർ പദ്ധതി വന്നതിനു ശേഷവും ചാലക്കുടിപ്പുഴയിൽ നീരൊഴുക്ക് വർധിച്ചതായി അന്തർദ്ദേശീയ വാട്ടർ കൺസൾട്ടൻസിയായ വാപ്‌കോസ് പഠന റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് കെ.എസ്.ഇ.ബി അവകാശവാദം. എന്നാൽ ഇത്തരത്തിലൊരു പഠനം നടന്നിട്ടില്ലെന്ന് 2006 മെയ് മാസത്തിൽ ഇടമലയാർ ഇറിഗേഷൻ പദ്ധതി എക്‌സിക്യൂട്ടീവ് എൻജിനീയർ നൽകിയ ഒരു കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ആദ്യത്തെ എതിർപ്പോടെ ഉറങ്ങിപ്പോയ ആലോചനകൾക്ക് 1998ൽ നായനാർ സർക്കാരിന്റെ കാലത്താണ് വീണ്ടും ജീവൻ വച്ചത്. ഇപ്പോൾ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അന്ന് വൈദ്യുതി മന്ത്രിയെന്നത് മറ്റൊരു വസ്തുത. സംസ്ഥാന സർക്കാരിന്റെ ഏജൻസിയായ ടി.ബി.ജി.ആർ.എ പഠനം നടത്തി പദ്ധതിക്ക് അനുകൂലമായി റിപ്പോർട്ട് നൽകി. എന്നാൽ 2001ൽ എതിർപ്പുമായെത്തിയവരുടെ വാദങ്ങൾ കേട്ട കേരള ഹൈക്കോടതി പദ്ധതിക്ക് അനുമതി നിഷേധിച്ചു. 2005 ൽ കേന്ദ്ര ഏജൻസിയായ വാപ്‌കോസ് നൽകിയ റിപ്പോർട്ടും ഹൈക്കോടതി തള്ളി.
പിന്നീട് മുൻ ഇടതു സർക്കാരിന്റെ കാലത്ത് 2007ൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകിയതോടെ പദ്ധതിക്കായുള്ള പ്രാരംഭ നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങി. എതിർപ്പുകൾക്കിടയിലും പദ്ധതിക്കായി ശ്രമം തുടരുന്നതിനിടെയാണ് 2010 ൽ കേന്ദ്ര വനംമന്ത്രിയായിരുന്ന ജയറാം രമേഷ് പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് ഷോകോസ് നോട്ടീസ് നൽകിയത്. പിന്നീട് വന്ന ഗാഡ്ഗിൽ കമ്മിറ്റിയും എതിരായ നിലപാടെടുത്തതോടെ പദ്ധതിക്ക് നൽകിയ പാരിസ്ഥിതിക അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കഴിഞ്ഞവർഷം പിൻവലിച്ചു.
ഗാഡ്ഗിലിന്റെ എതിർപ്പിനു ശേഷം കസ്തൂരി രംഗന്റെ ഒരുകൈ സഹായം
പദ്ധതിയെപ്പറ്റി മാധവ് ഗാഡ്ഗിൽ കമ്മീഷൻ നടത്തിയ നിരീക്ഷണങ്ങളിൽ പ്രസക്തമായത് ഇതെല്ലാമാണ്. ഇരുപത്തഞ്ചിലേറെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും 15,000 ഹെക്ടറോളം വരുന്ന കൃഷിസ്ഥലവും വെള്ളത്തിനായി ആശ്രയിക്കുന്നത് നിർദ്ദിഷ്ട ചാലക്കുടി നദീ ഡൈവർഷൻ സ്‌കീമിനെ ആണ്. ഈ ആവശ്യം അണക്കെട്ടുവന്നാൽ അട്ടിമറിക്കപ്പെടുമെന്നായിരുന്നു പ്രധാന വിലയിരുത്തൽ. [BLURB#2-H]
അണക്കെട്ടുവന്നാൽ ജലം ഒഴുകുന്നതിലുണ്ടാകുന്ന വ്യത്യാസം ജലസേനചനത്തെ പ്രതികൂലമായി ബാധിക്കും. 1970-71 മുതൽ 2001-02 വരെയുള്ള നീരൊഴുക്കിന്റെ കണക്കുപ്രകാരം ഇപ്പോഴുള്ള നീരൊഴുക്ക് ഡിസംബർ മുതൽ ഏപ്രിൽ വരെ 14.92 ക്യുമെക്‌സ് മാത്രമേ വരൂ. പദ്ധതിവന്നാൽ ജലമൊഴുക്കിലുണ്ടാകുന്ന ഈ വ്യതിയാനം പദ്ധതിയുടെ വൃഷ്ടിപ്രദേശത്തെ ഭൂജലത്തിന്റെ അളവ് കുറയ്ക്കും . കിണറുകളിലെ ജലനിരപ്പ് താഴുന്നതിനാൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാവും. 2011 ജനുവരിയിൽ ചാലക്കുടിയിൽ നടത്തിയ സാങ്കേതിക സംവാദത്തിൽ വിദ്യുച്ഛക്തി ബോർഡ് ഈ വാദഗതികൾ ചോദ്യം ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, നിർദ്ദിഷ്ട അണക്കെട്ടിന് താഴോട്ടുള്ള പഞ്ചായത്തുകളിൽ ഇപ്പോൾതന്നെ ജലദൗർബല്യം അനു ഭവപ്പെടുന്നുണ്ട് തീരത്തുനിന്ന് 20 കി.മീ ഉള്ളിൽ വരെയുള്ള പ്രദേശങ്ങളിലെ കിണറുകളിൽ ഉപ്പിന്റെ അംശം ഇപ്പോഴുണ്ട്. വീണ്ടും ഒരു അണക്കെട്ടിന്റെ കൂടി നിർമ്മിക്കപ്പെടുമ്പോൾ ജലമൊഴുക്കിൽ വീണ്ടും ഉണ്ടാകുന്ന മാറ്റങ്ങൾ ഈ സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്നായിരുന്നു കണ്ടെത്തൽ.
പുഴ സംരക്ഷണ സമിതിയുടെ വാദങ്ങളെ സാങ്കേതികമായി എതിർത്ത കെഎസ്ഇബിക്ക് പിന്നീട് കരുത്തായത്് കസ്തൂരിരംഗൻ റിപ്പോർട്ടാണ്. പദ്ധതിയുടെ സ്ഥാപിത ശേഷിയും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും ക്യാച്ച്‌മെന്റ് ഏരിയയുടെ വിസ്തൃതിയും പരിസ്ഥിതി പ്രത്യേകതകളും പരിഗണിച്ച കസ്തൂരി രംഗൻ പദ്ധതി പരിഗണിക്കാവുന്നതാണെന്ന് റിപ്പോർട്ട് നൽകിയതോടെയാണിത്. ഈ റിപ്പോർട്ടുമായി പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ച കെ.എസ്.ഇ.ബിക്ക് അനുകൂലമായ മറുപടി അവിടെ നിന്നും നേടാനായി. കേന്ദ്ര ജലമ്മീഷനെ വെള്ളത്തിന്റെ അളവ് പരിശോധിക്കാൻ പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി (ഇ.എ.സി) ചുമതലപ്പെടുത്തി.
അതിരപ്പിള്ളി വെള്ളച്ചാട്ടം താഴെയെത്തി ഒഴുകിച്ചേരുന്ന മൂന്നു കിലോമീറ്റർ പരിധിയിലെ വെള്ളത്തിന്റെ അളവ് രേഖപ്പെടുത്താൻ ആനയിറങ്ങലിൽ (ആറങ്ങൽ) കേന്ദ്ര ജല കമ്മീഷൻ മീറ്റർ സ്ഥാപിച്ചു. 1055 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഏത് വേനൽക്കാലത്തും അണക്കെട്ടിലുണ്ടാകുമെന്ന റിപ്പോർട്ടാണ് ജല കമ്മീഷൻ ഇ.എ.സിക്ക് നൽകിയത്. നീരൊഴുക്കും പദ്ധതിക്ക് അനുകൂലമാണെന്ന് ജല കമ്മീഷൻ വ്യക്തമാക്കി. 2002 മുതൽ പത്തുവർഷക്കാലമാണ് വാട്ടർ മീറ്ററിൽ നിന്നുള്ള അളവ് ജല കമ്മിഷൻ ശേഖരിച്ചത്. പദ്ധതിക്ക് അനുകൂലമായി ജല കമ്മീഷൻ നൽകിയ പുതിയ പഠന റിപ്പോർട്ടിലാണ് ഇപ്പോൾ കെഎസ്ഇബിയുടെ പ്രതീക്ഷ.
ചാലക്കുടി പുഴയുടെ നീരൊഴുക്ക് പദ്ധതിക്ക് അനുകൂലമാണെന്ന ജല കമ്മീഷന്റെ നിരീക്ഷണം പക്ഷേ പുതിയതല്ല. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി തന്നെ നാലുതവണ ഈ റിപ്പോർട്ടുകൾ പഠിച്ചതാണ്. എന്നിട്ടും കേരളത്തിൽ വന്ന് അവർ നടത്തിയ മൂന്ന് തെളിവെടുപ്പുകളിൽ പദ്ധതിവാദികൾ തോറ്റുമടങ്ങി. പുതിയ നിർദ്ദേശം കൊണ്ട് മാത്രം ഇവിടെ ഒരു അണക്കെട്ടും ഉയരില്ലെന്നും സാങ്കേതികമായും വൈകാരിക തലത്തിലും പരിസ്ഥിതി സംരക്ഷണത്തിന്റെ തലത്തിലും അവർ പഠനം നടത്തിയ ശേഷമാവാം ബാക്കിയുള്ള കാര്യങ്ങളെന്നുമുള്ള ഉറച്ച നിലപാടിലാണ് ചാലക്കുടി പുഴ സംരക്ഷണ സമിതി.
എതിർക്കുന്നവരുടെ പ്രധാന വാദങ്ങൾ
1. കാടുകൾ മുങ്ങും; കൂടെ ആദിവാസിക്കുടികളും ആവാസ വ്യവസ്ഥയും: അതിരപ്പിള്ളി പദ്ധതി നിലവിൽ വന്നാൽ ക്യാച്ച്‌മെന്റ് ഏരിയയിലെ വനത്തിന്റെ സ്വാഭാവം മാറും. സ്വാഭാവികമായ ജലനിർഗ്ഗമനമായ വെള്ളച്ചാട്ടം നിയന്ത്രിക്കപ്പെടുന്നത് നിരവധി പാരിസ്ഥിതിക ആഘാതങ്ങൾക്ക് കാരണമാകുമെന്നും കണ്ടെത്തിയിരുന്നു. മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിലും ഈ നിഗമനം ശരിവയ്ക്കുന്നു. 80 അടി ഉയരെ നിന്ന് വീഴുന്ന അതിരപ്പിള്ളി ജലപാതം അടച്ചും തുറന്നുമുള്ള പദ്ധതി റിപ്പോർട്ടാണ് സംശയങ്ങൾ ജനിപ്പിക്കുന്നത്. ജലനിരപ്പ് ഉയർന്നാൽ ചുറ്റുമുള്ള നൂറുകണക്കിന് സ്‌ക്വയർ കിലോമീറ്റർ വനത്തിനുള്ളിലെ ആവാസ വ്യവസ്ഥ തിരിച്ചെടുക്കാനാവാത്ത വിധം തകിടം മറിയുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. അതിരപ്പിള്ളി വനങ്ങളിലെ അപൂർവ്വയിനം വേഴാമ്പലുകൾക്ക് അടക്കം നാശം സംഭവിക്കും.
പദ്ധതി നടപ്പിലാക്കാൻ പോകുന്ന പ്രദേശത്ത് രണ്ട് ആദിവാസി കോളനികളാണ് ഉള്ളത്. ഇവരെ ഇവിടെനിന്ന് പറിച്ചുമാറ്റേണ്ടിവരും. വാഴച്ചാൽ കോളനിയും പൊകലപ്പാറ കോളനിയും പിന്നീട് ഇല്ലാതാകും. വനാവകാശ രേഖ ലഭിച്ചിട്ടുള്ള ഈ ആദിവാസി കുടുംബങ്ങളുടെ അനുമതിയില്ലാതെ ഇവരെ കുടിയൊഴിപ്പിക്കാനൊ പദ്ധതി നടപ്പിലാക്കാനോ സാധിക്കില്ലെന്നതാണ് മറ്റൊരു വസ്തുത. കേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ ഉൾപ്പെടെ പാണ്ടൻ വേഴാമ്പൽ, കോഴി വേഴാമ്പൽ, നാട്ടു വേഴാമ്പൽ തുടങ്ങി നാല് ഇനങ്ങളേയും ഒരുമിച്ച് കാണുന്ന കേരളത്തിലെ ഏക പ്രദേശത്താണ് പദ്ധതി വരുന്നത്. എന്നാൽ കേരളത്തിൽ എല്ലായിടത്തും ഇവയെ ഒരുമിച്ച് കാണാം എന്ന് വാദിച്ച് വസ്തുതാ വിരുദ്ധമായ എതിർവാദമാണ് വൈദ്യുതി വകുപ്പിന്. വേഴാമ്പലുകളെ ഒഴിപ്പിച്ച് പദ്ധതി നടപ്പിലാക്കാനും ഒരു വിദഗ്ധ സമിതി പറഞ്ഞത് ഇക്കാര്യത്തിലെ പരിഹാസ്യ നിലപാടും വ്യക്തമാക്കുന്നു.
2. ജലസേചന പദ്ധതികൾ താളംതെറ്റും: രണ്ടാമത്തെ കാതലായ പ്രശ്‌നം പ്രദേശത്തെ ജലസേചന പദ്ധതികൾ നോക്കുകുത്തികളാകുമെന്നതാണ്്. നിലവിൽ രണ്ട് ജില്ലകളിലെ 20,000 ഹെക്ടറോളം കൃഷിസ്ഥലത്ത് വെള്ളമെത്തിക്കുന്ന ജലസേന പദ്ധതിയായ തുമ്പൂർമൂഴിക്ക് അതിരപ്പിള്ളി പദ്ധതി വന്നാൽ വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകും. രണ്ട് ചെറുകനാലുകളിലൂടെ ചാലക്കുടിപ്പുഴയിലെ വെള്ളം കൃഷിസ്ഥലങ്ങളിലേക്ക് വിടുന്ന തുമ്പൂർമൂഴിയുടെ മുകളിൽ ഡാം വന്നാൽ വൈദ്യുതി ഉത്പാദനശേഷി 20 ശതമാനം വരെയായി കുറയുന്ന 22 മണിക്കൂർ സമയം സെക്കൻഡിൽ ഏഴ് ഘനയടിയിൽ താഴെ വെള്ളം മാത്രമേ ഒഴുകിയെത്തൂ. ഇത്രയും കുറഞ്ഞ അളവിലുള്ള വെള്ളം കനാലുകളിലൂടെ ഒഴുക്കിവിട്ടിട്ട് ഒരു കാര്യവും ഉണ്ടാവില്ല. വേനൽക്കാലത്ത് ജലസേചനം അത്യാവശ്യമായി വരുന്ന ഘട്ടങ്ങളിൽ വൈദ്യുതി ഉത്പാദനം നടത്തിയ ശേഷം അതിരപ്പിള്ളിയിൽ നിന്നും ഒഴുകിയെത്തുന്ന ജലം തുമ്പൂർമൂഴിയുടെ കനാലുകളിലെത്താൻ മൂന്നുമണിക്കൂർ വരെ വേണ്ടിവരും. ഒഴുകിയെത്തുന്ന വെള്ളം ആവശ്യത്തിന് മർദ്ദമില്ലാതെ തുമ്പൂർമൂഴിയുടെ കനാലുകളിൽ കെട്ടിക്കിടക്കുക മാത്രമാവും ഫലം. ഇതോടെ ജലസേചന പദ്ധതിയുടെ താളം തെറ്റും. കെ.എസ്.ഇ.ബിയുടെ കണക്ക് പ്രകാരം അതിരപ്പിള്ളി പദ്ധതിയിൽ വൈദ്യുതി ഉത്പാദനം ഉച്ഛസ്ഥായിയിൽ ആവുന്നത് രണ്ട് മണിക്കൂർ മാത്രമാണ്. ഈ സമയം പക്ഷേ, വെള്ളപ്പൊക്കം പോലെ തുമ്പൂർമൂഴിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം വിയറുകൾ നിറഞ്ഞുകവിഞ്ഞ് പാഴാകും. സമീപ പ്രദേശങ്ങളിലെ വനഭൂമിയും കൃഷിസ്ഥലങ്ങളും ആവാസ വ്യവസ്ഥയും വെള്ളം കയറി നശിക്കുമെന്നതു മാത്രമാവും അനന്തരഫലം.
3. ഉയരമില്ലാത്ത അണക്കെട്ട് എത്ര കറന്റുണ്ടാക്കും?: സ്ഥാപിത ശേഷിയുടെ 20 ശതമാനം പോലും വൈദ്യുതി ലഭിക്കാത്ത അണക്കെട്ടാണ് അതിരപ്പിള്ളിയിൽ ഉയരുകയെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. സി.ഇ.എ അംഗീകരിച്ച 233 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കെ.എസ്.ഇ.ബി സമ്മതിച്ചാൽ തന്നെ 27 മെഗാവാട്ടിൽ താഴെയായിരിക്കും അതിരപ്പിള്ളി പദ്ധതിയുടെ ഉത്പാദനം. കെ.എസ്.ഇ.ബി തയ്യാറാക്കിയിരിക്കുന്ന ജനറേറ്റർ റൂം സ്‌കെച്ചിൽ 163 മെഗാവാട്ട് ആണ് സ്ഥാപിത ശേഷി. ഇ.എ.സി ശുപാർശ ചെയ്തിരിക്കുന്ന 27 മെഗാവാട്ട് ശേഷി കെ.എസ്.ഇ.ബി ഊതിപ്പെരുപ്പിച്ച കണക്കിന്റെ 20 ശതമാനത്തിൽ താഴെ മാത്രമേ വരൂ. 160 മീറ്റർ ഉയരത്തിലുള്ള അണക്കെട്ടിൽ 22 മണിക്കൂർ സമയം 6.7 ക്യുമെക്‌സ് വെള്ളം ഒഴുകിയെത്തി റിസർവോയറിൽ 1050 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമുണ്ടെങ്കിലേ ഇത്രയും വൈദ്യുതോത്പാദനം നടക്കൂ.
കേരളത്തിൽ മഴയില്ലാത്ത ആറുമാസം എട്ട് മെഗാവാട്ട് വൈദ്യതിയിൽ താഴെ മാത്രമേ അതിരപ്പിള്ളിയിൽ നിന്നും ലഭിക്കൂ. വലിയ ആവാസ വ്യവസ്ഥയും പുഴയും കാടും ഇല്ലാതാക്കി ഇത്തരമൊരു പദ്ധതി വേണമോയെന്ന ചോദ്യമുയരുന്നത് ഈ സാഹചര്യത്തിലാണ് . പീക്ക് അവറിൽ അതിരപ്പിള്ളിയിൽ നിന്നും എത്ര വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും ഇതിന് എത്ര വെള്ളം ആവശ്യമുണ്ടെന്നുമുള്ള പരിസ്ഥിതി പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കെഎസ്ഇബിക്ക് കൃത്യമായ മറുപടിയില്ല. 24 മണിക്കൂറിൽ 20 മണിക്കൂർ സാധാരണ ഉത്പാദനവും നാല് മണിക്കൂർ പീക്ക് അവറുമാണ്. വൈകിട്ട് ആറുമുതൽ പത്തു മണിവരെയുള്ള നാലുമണിക്കൂർ സമയം വർധിച്ച തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ വെള്ളം പെട്ടെന്ന് തുറന്നുവിട്ടാൽ സൃഷ്ടിക്കപ്പെടുന്ന വെള്ളപ്പൊക്കം മാരകമായിരിക്കുമെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി പറയുന്നു. വെള്ളച്ചാട്ടം ഒഴുകിച്ചേരുന്ന കണ്ണംകുഴി തോടിന് താഴെയുള്ള നിരവധി സ്‌ക്വയർ കിലോമീറ്റർ പ്രദേശം സ്ഥിരമായി വെള്ളത്തിനടിയിലാക്കുകയാകും ഫലം.
4. ഇല്ലാതാകുന്ന വെള്ളച്ചാട്ടങ്ങൾ, കാടിന്റെ സ്വച്ഛത: ചാലക്കുടി പട്ടണത്തിന് 36 കിലോമീറ്റർ കിഴക്ക്, വാഴച്ചാൽ വെള്ളച്ചാട്ടത്തിന് മുകളിലായി അണക്കെട്ടുയരുന്നതോടെ വാഴച്ചാൽ വെള്ളച്ചാട്ടവും താഴെ അതിരപ്പിള്ളി വെള്ളച്ചാട്ടവും ഇല്ലാതാകും. ഡാം ഉയരുന്നത് പരിസ്ഥിതിയും ആവാസ വ്യവസ്ഥകളും തകർത്തുകൊണ്ടാവുമെന്നതും തീർച്ച. അതിനാൽ പ്രശാന്തസുന്ദരമെന്ന് കീർത്തികേട്ട വെള്ളച്ചാട്ടങ്ങളും കാടും ഇതോടെ സ്വപ്‌നം മാത്രമായി മാറും. ഡാം നിർമ്മിച്ച ശേഷം ഇവിടെനിന്ന് നാലര കിലോമീറ്റർ നീളവും 6.4 മീറ്റർ വ്യാസവുമുള്ള ടണലിലൂടെയും രണ്ട് പെൻസ്റ്റോക്ക് പൈപ്പുകളിലൂടെയും കണ്ണംകുഴി തോടിന്റെ കരയിലുള്ള പ്രധാന പവർഹൗസിൽ വെള്ളമെത്തിക്കാനാനാണ് പദ്ധതി. 80 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. [BLURB#3-H]
ഡാമിന് തൊട്ടു താഴെയായി 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകൾ കൂടി സ്ഥാപിച്ചാണ് മൊത്തം 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് അവകാശപ്പെടുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനിർത്തുന്നതിന് വേണ്ടിയാണ് ഡാമിന് തൊട്ടുതാഴെ രണ്ട് ജനറേറ്ററുകൾ സ്ഥാപിക്കുന്നതെന്നും ഈ രണ്ട് ജനറേറ്ററുകൾ മുഴുവൻ സമയവും പ്രവർത്തിപ്പിക്കുന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനായുള്ള നീരൊഴുക്ക് നിലനിർത്താമെന്നുമാണ് കെ.എസ്.ഇ.ബി.യുടെ വാദം. എന്നാൽ ഇതിനോട് പരിസ്ഥിതിവാദികൾ യോജിക്കുന്നില്ല. അണക്കെട്ടിലെ ജലാശയത്തിന് 104 ഹെക്ടർ വിസ്തൃതിയാണുണ്ടാകുക. അതിനാൽ 200 ഹെക്ടറിലേറെ കാട് മുങ്ങിപ്പോകും.
5. മറ്റു പ്രശ്‌നങ്ങൾ: പെരിങ്ങൽക്കുത്ത് ഡാം നിറയുമ്പോൾ വാച്ചുമരത്തുള്ള കനാൽ വഴി ഇടമലയാർ ഡാമിലേക്ക് ജൂൺ മുതൽ നവംബർ വരെ ഏകദേശം 280 ദശലക്ഷം ഘനമീറ്റർ വെള്ളമൊഴുകുന്നുണ്ടെന്നാണ് കണക്ക്. വേനൽക്കാലത്തെ പെരിയാറിലെ ജല ലഭ്യത ഉറപ്പ് വരുത്താനാണിത്. ഈ വെള്ളം ഉപയോഗിച്ച് 70 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. അതിരപ്പള്ളി പദ്ധതി വന്നാൽ ഇടമലയാർ ഡാമിലേക്ക് വെള്ളമൊഴുക്കുന്നത് നിർത്തുമെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. അപ്പോൾ ഇടമലയാറിൽ വൈദ്യുതി ഉത്പാദനത്തിന് കുറവുണ്ടാകുമെന്ന വസ്തുത കെ.എസ്.ഇ.ബി. മിണ്ടുന്നില്ല. മൂന്നു കിലോമീറ്ററിനുള്ളിൽ രണ്ടു ജലപദ്ധതികൾ എന്നത് ലോകത്തെവിടെയും കേട്ടുകേൾവിപോലും ഇല്ലാത്തതാണെന്നതാണ് രസകരം.
163 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാകും എന്ന് വൈദ്യുതി വകുപ്പ് അവകാശപ്പെടുന്ന പദ്ധതി നടപ്പിലായാൽ ഇരുന്നൂറിലേറെ ഹെക്ടർ വനം. നശിക്കുന്ന ജൈവ സമ്പത്തിന് പുറമെ സമീപ പ്രദേശങ്ങളിലുണ്ടാകുന്ന പാരിസ്ഥിതികാഘാതവും ഭീകരമായിരിക്കും. 1500 കോടി രൂപ ചെലവഴിച്ചുണ്ടാക്കന്ന പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ഒരു യൂണിറ്റ് വൈദ്യുതിക്ക് 15 രൂപയിലേറെയാകും ഇതിനേക്കാൾ ലാഭം സൗരോർജ്ജ വൈദ്യുതിയാണെന്നും പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നു. എന്തായാലും പദ്ധതി നടപ്പാക്കുമെന്ന നിലയിൽത്തന്നെയുള്ള പ്രസ്താവനകൾ സിപിഐ(എം) മന്ത്രിമാരുടെ ഭാഗത്തുനിന്ന് പുറത്തുവരുമ്പോൾ അതിരപ്പിള്ളി വിഷയം ഇനിയുള്ള ദിനങ്ങളിൽ സസ്ഥാനരാഷ്ട്രീയരംഗത്തെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്.