- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവോത്ഥാന മതിലിൽ അണി ചേർന്ന് താരങ്ങളും; 620 കിലോ മീറ്റർ ദൂരത്തിൽ പണിത മതിലിൽ പങ്കാളികളായത് പാർവ്വതി തിരുവോത്ത് അടക്കമുള്ള താരങ്ങൾ; റിമ കല്ലിങ്കൽ, മാലാ പാർവ്വതി, സജിതാ മഠത്തിൽ, സീനത്ത്,ഉഷ,ദിവ്യഗോപിനാഥ്,കെപിഎസി ലളിത,വിധു വിൻസന്റ് എന്നിവർ വിവിധയിടങ്ങളിൽ അണിനിരന്നു; നിറഞ്ഞു നിന്നത് ഡബ്ല്യുസിസി അംഗങ്ങളുടെ പങ്കാളിത്തം
തിരുവനന്തപുരം; നവോത്ഥാന മൂല്യങ്ങൾ ഉയർത്തി സർക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിൽ വനിതകൾ മതിലുയർത്തിയപ്പോൾ അതിൽ പങ്ക് ചേർന്ന് മലയാള സിനിമാ രംഗത്തെ വനിതകളും.പാർവ്വതി തിരുവോത്ത്, റിമ കല്ലിങ്കൽ, മാലാ പാർവ്വതി, സജിതാ മഠത്തിൽ, സീനത്ത്,ഉഷ,സീനത്ത്,ദിവ്യഗോപിനാഥ്,കെപിഎസി ലളിത,വിധു വിൻസന്റ് ,ഭാഗ്യലക്ഷമി,ബീന പോൾ, തുടങ്ങിയ പ്രമുഖ വനിതകളണ് തോളോടുതോൾ ചേർന്ന് 620 കിലോ മീറ്റർ ദൂരത്തിൽ പണിത മതിലിൽ പങ്കാളികളായത്. കൂടാത കണ്ണൂരിൽ ഗായിക സയനോരയും മതിലിന്റെ ഭാഗമാകാനെത്തി. നിറഞ്ഞു നിന്നത് ഡബ്ല്യുസിസി അംഗങ്ങളുടെ പങ്കാളിത്തമായിരുന്നു.
നടി മഞ്ജു വാര്യർ ആദ്യം പിന്തുണ പ്രഖ്യാപിച്ച് പിന്നീട് പിൻവലിയുകയാണുണ്ടായത്. അതേ സമയം, തെന്നിന്ത്യൻ താരം സുഹാസിനി, മതിലിനു പിന്തുണയുമായി രംഗത്ത് വന്നു. സോഷ്യൽ മിഡിയയിൽ പങ്ക് വെച്ച വീഡിയോയിലൂടെയായിരുന്നു സുഹാസിനി വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. 'വനിതാ മതിൽ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാനാണെന്നും ഈ ഒത്തൊരുമയെ തടയാൻ ഒന്നിനും കഴിയില്ലെന്നും' ആണ് സുഹാസിനി പറഞ്ഞത്.
ഇവരെക്കൂടാതെ സിനിമാ മേഖലയിൽ നിന്നുള്ള സ്ത്രീ സാന്നിദ്ധ്യമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്-ചെയർപെർസൺ ബീനാ പോൾ, നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്, ഗായിക സിതാരാ കൃഷ്ണകുമാർ, നിലമ്പൂർ ആയിഷ, പുഷ്പവതി, ശ്രുതി നമ്പൂതിരി, തിരക്കഥാകൃത്ത് ദീദി ദാമോദരൻ് എന്നിവരും ചേർന്നിരുന്നു.
വനിതാ മതിലിൽ തൃശ്ശൂർ ജില്ലാ കളക്ടർ അനുപമയും. കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ച വനിതാ മതിലിൽ തൃശ്ശൂരിലാണ് ടി.വി. അനുപമ ഐ.എ.എസ് പങ്കുചേർന്നത്. രാഷ്ട്രീയ-കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതകളും തൃശ്ശൂരിൽ വനിതാ മതിലിൽ പങ്കാളികളായി.
റിമ കല്ലിങ്കൽ ഒന്നിൽ കൂടുതൽ ഇടങ്ങളിലും ലേഖനങ്ങളിലൂടേയും വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാലാ പാർവ്വതി തന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.സ്ത്രീ മുന്നേറ്റചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലു കൂടി സ്ഥാപിക്കാൻ സിനിമാ മേഖലയിലുള്ള സ്ത്രീകളും അണിചേരുമ്പോൾ ചരിത്രത്തിൽ കുറിക്കപ്പെട്ട് ഒരു ദിനമായി തന്നെ പുതുവത്സര ദിനത്തെ വിശേഷിപ്പിക്കാം എന്നായിരുന്നു കുറിപ്പ്.
സമത്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള തങ്ങളുടെ അവകാശം കേരളത്തിലെ സ്ത്രീകൾ പ്രഖ്യാപിക്കുന്നതിന്റെ പ്രത്യക്ഷരൂപം കൂടിയാണിത്. കേരളത്തിന്റെ ജനാധിപത്യവത്കരണത്തിന്റെ അടിസ്ഥാനമായിത്തീർന്ന നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് വനിതാ മതിൽ മുന്നോട്ടുവയ്ക്കുന്നത്. ലിംഗപദവി ഭേദമില്ലാതെ എല്ലാവർക്കും തുല്യാവകാശം ഉറപ്പുവരുത്തുക എന്ന ഭരണഘടനാ തത്വം പ്രായോഗികമാക്കുന്നതിനുള്ള ഇടപെടലുകൂടിയായിട്ടാണ് വനിതാമതിൽ പടുത്തുയർത്തിയിരിക്കുന്നത്.