കണ്ണൂർ: സംസ്ഥാനത്തെ ജനങ്ങളുടെ സ്വൈരജീവിതം കെടുത്തി വീണ്ടും അക്രമപരമ്പര. കണ്ണൂരിൽ സിപിഎം നേതാക്കളായ എ.എൻ.ഷംസീറിന്റെയും, പി.ശശിയുടെയും വീടുകൾക്ക് നേരേ രാത്രി വൈകിയുണ്ടായ ബോംബേറിന് തിരിച്ചടിയായി വി.മുരളീധരൻ എംപിയുടെ വീടിന് നേരേയും ആക്രമണം. വി.മുരളീധരന്റെ തറവാട് വീടിന് നേരേയാണ് ആക്രമണം.

എരഞ്ഞോളി വാടിൽപീടികയിലെ വീടിന് നേരേ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. വാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞ് രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. ശബരിമല യുവതീപ്രവേശനത്തെ ചൊല്ലിയുള്ള ഹർത്താലിൽ അരങ്ങേറിയ അക്രമങ്ങളുടെ തുടർച്ചയാണ് കണ്ണൂരിലും കാണുന്നത്.

എ.എൻ.ഷംസീന്റെ വീടിന് നേരേ രാത്രി 10.15 ഓടെ ബോംബേറുണ്ടായി. തലശേരി മാടപ്പീടികയിലെ വീടിന് നേരേയാണ് ആക്രമണം. ആക്രമണസമയത്ത് കുടുംബാംഗങ്ങൾ വീടിനുള്ളിലുണ്ടായിരുന്നു. എന്നാൽ, എംഎൽഎ സ്ഥലത്തുണ്ടായിരുന്നില്ല. ബൈക്കിലെത്തിയ സംഘം ഏറിഞ്ഞ ബോംബ് വീടിന്റെ വളപ്പിനുള്ളിലാണ് വീണത്. പി.ശശിയുടെ വീടിന് നേരേ രാത്രി 11.30 ഓടെയാണ് ആക്രമണുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. അക്രമം നടക്കുന്ന സമയം പി ശശി വീട്ടിൽ ഉണ്ടായിയുന്നില്ല.

അതിനിടെ കണ്ണൂർ ഇരിട്ടിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. പെരുമ്പാറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. സംഘർഷബാധിത മേഖലയിൽ പൊലീസിനെ വിന്യസിച്ചു. പ്രദേശത്ത് രാത്രി പൊലീസ് പരിശോധന നടത്തും. ലീവുകളും ഓഫുകളും റദ്ദാക്കി മടങ്ങിയെത്താൻ പൊലീസുകാർക്ക് നിർദ്ദേശം നൽകി.

തലശേരി തിരുവങ്ങാട് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. വാഴയിൽ ശശിയുടെ വീടാണ് മുഖംമൂടിസംഘം അടിച്ചു തകർത്തത്. ബൈക്കുകളിലാണ് ഇരുപത്തിയഞ്ചോളം ആളുകൾ മുഖം മൂടി ധരിച്ചെത്തിയത്. വീട്ടുപുകരണങ്ങളും ജനൽ ചില്ലുകളും അടിച്ച് തകർത്തു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.

കഴിഞ്ഞ ദിവസം തലശേരിയിൽ ബിജെപി നേതാവ് എൻ.ഹരിദാസിന്റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഷംസീറിന്റെ വീടിനു നേരെയുണ്ടായ ആക്രമണമെന്നു കരുതുന്നു.ആക്രമണം ആസൂത്രിതമെന്ന് ഷംസീർ പ്രതികരിച്ചു. താൻ സമാധാന യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഒറ്റപ്പാലത്ത് കോൺഗ്രസ് നേതാവിനു വെട്ടേറ്റു. എസ്ആർകെ നഗർ നെല്ലുളിയിൽ എൻകെ കൃഷ്ണൻകുട്ടിക്കാണ് തലയ്ക്കു വെട്ടേറ്റത്. ഡിവൈഎഫ്‌ഐയുടെ പ്രകടനം കടന്നുപോയതിനു പുറകെയായിരുന്നു ആക്രമണം. ഡിവൈഎഫ്‌ഐക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. തലയ്ക്കു സാരമായി പരുക്കേറ്റ കൃഷ്ണൻകുട്ടിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട പഴകുളത്ത് സിപിഎം ടൗൺ ബ്രാഞ്ച് സെക്രട്ടറി അബ്ദുൽസലാമിന്റെ കടക്കുനേരെ ബൈക്കിലെത്തിയസംഘം സ്‌ഫോടകവസ്തു എറിഞ്ഞു. പഴകുളം ജംഗ്ഷനിലെ എസ്‌ബിഐ എടിഎം കൗണ്ടറിനോട് ചേർന്ന കടയിലേക്കാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. വാടകയ്ക്ക് നൽകുന്ന ഹയറിങ് സാധനങ്ങൾ സൂക്ഷിക്കുന്ന കടയാണ്. കസേരകൾ പൊട്ടിച്ചിതറി. അബ്ദുൽസലാമിന്റെ മാതാവ് ഈ സമയം അടുത്ത കടമുറിയിലായതിനാൽ രക്ഷപെട്ടു. അടൂരിലെ മൊബൈൽ ഷോപ്പിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ അതേ രീതിതന്നെയാണ് ഇവിടെയും നടന്നതെന്ന് പൊലീസ് പറഞ്ഞു. അടൂർ ഡി വൈഎസ് പി ആർ.ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.അക്രമങ്ങൾ തുടരുന്നതോടെ അടൂരിൽ മൂന്നുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

അതിനിടെ, കഴിഞ്ഞ ദിവസത്തെ ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ സംസ്ഥാനത്ത് ഏകദേശം 1,04,20,850 രൂപയുടെ നാശനഷ്ടം ഉണ്ടായതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ. 223 അക്രമ സംഭവങ്ങളിലാണ് ഇത്രയധികം നാശനഷ്ടങ്ങളുണ്ടായത്.

ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതുകൊല്ലം റൂറൽ ജില്ലയിലാണ്. 26 സംഭവങ്ങളിൽ ഏകദേശം 17,33,000 രൂപയുടെ നഷ്ടമുണ്ടായി. കൊല്ലം നഗരത്തിൽ 25 സംഭവങ്ങളിൽ 17,18,00 രൂപയുടെയും തിരുവനന്തപുരം നഗരത്തിൽ ഒൻപത് സംഭവങ്ങളിൽ 12,20,000 രൂപയുടെയും നാശനഷ്ടമുണ്ടായി.

കണ്ണൂർ വിഭാഗ് സംഘചാലകിന്റെ വീടിന് നേരേ നടന്ന ആക്രമണം
ഒറ്റപ്പാലം സംഭവം



ജില്ല തിരിച്ചുള്ള കണക്ക് ( സംഭവങ്ങളുടെ എണ്ണം, ഏകദേശമൂല്യം)

തിരുവനന്തപുരം റൂറൽ - 33; 11,28,250, രൂപ പത്തനംതിട്ട - 30; 8,41,500, ആലപ്പുഴ - 12; 3,17,500, ഇടുക്കി - ഒന്ന്; 2,000, കോട്ടയം - മൂന്ന്; 45,000, കൊച്ചി സിറ്റി - നാല്; 45,000, എറണാകുളം റൂറൽ - ആറ്; 2,85,600, തൃശ്ശൂർ സിറ്റി - ഏഴ്; 2,17,000, തൃശ്ശൂർ റൂറൽ - എട്ട്; 1,46,000, പാലക്കാട് - ആറ്; 6,91,000, മലപ്പുറം - അഞ്ച്; 1,52,000, കോഴിക്കോട് സിറ്റി - ഒൻപത്; 1,63,000, കോഴിക്കോട് റൂറൽ - അഞ്ച്; 1,40,000 വയനാട് - 11; 2,07,000, കണ്ണൂർ - 12; 6,92,000, കാസർഗോഡ് - 11; 6,77,000.

ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തിയതിന് പിന്നാലെയാണ് ശബരിമല കർമസമിതി സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്. ബിജെപി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.