പത്തനംതിട്ട: പോബ്‌സണിനും സന്തോഷ് മാധവന്റെ കമ്പനിക്കും എന്നു വേണ്ട സംസ്ഥാനത്തുള്ള സകലസഭകൾക്കും സമുദായത്തിനും പള്ളി കെട്ടാനും അമ്പലം പണിയാനും ഭൂമി വാരിക്കോരി കൊടുക്കുന്ന മന്ത്രിമാർ പക്ഷേ, യഥാർഥ ഭൂരഹിതന്റെ ദുരിതം അറിയുന്നില്ല. സ്‌പെഷൽ സ്‌കൂൾ ഒളിമ്പിക്‌സ് ജേതാവിന്റെ പിതാവ് സർക്കാർ വാഗ്ദാനം ചെയ്ത ഭൂമി തേടി അലയുന്ന കരളുരുക്കുന്ന ഈ കഥ കോട്ടയം ജില്ലയിൽ എരുമേലിയിൽനിന്നുമാണ്. ഈ കണ്ണൂനീർ ഇതുവരെ ഭരണത്തമ്പുരാക്കന്മാർ കണ്ടിട്ടില്ല.

ഭൂരഹിതപദ്ധതി പ്രകാരം തല ചായ്ക്കാൻ ഒരിടം തേടി സജൻ സി. മാധവൻ(56) കോട്ടയം ജില്ലാ കലക്ടറേറ്റ് പല തവണ കയറിയിറങ്ങി. ഓരോ തവണ ചെല്ലുമ്പോഴും അടുത്ത ദിവസം വരിക എന്ന പല്ലവി പതിവായതോടെ സ്വപ്നം ഉപേക്ഷിച്ച് ഭിന്നശേഷിയുള്ള മകൻ ദേവതമ്പുരാനൊപ്പം (13) പുറമ്പോക്കിലെ ഷെഡിലേക്കു തന്നെ മടങ്ങി. സർക്കാരിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ച് ഇനി മൂന്നു സെന്റ് ഭൂമി തേടി അലയാൻ വയ്യ. പണി ഉപേക്ഷിച്ച് കോട്ടയത്തേക്ക് സജൻ പോയാൽ പിന്നെ വീട് പട്ടിണിയിലാകും. തനിക്കും ഭാര്യ തങ്കമ്മയ്ക്കും പട്ടിണി പുതുമയല്ല. എന്നാൽ സംസാരിക്കാൻ പോലും ബുദ്ധിമുട്ടുള്ള മകനെ ഇതുവരെ വളർത്തിയത് പട്ടിണി അറിയിക്കാതെയാണ്. കോടികളുടെ ആസ്തിയുള്ളവർക്ക് ഏക്കർ കണക്കിന് ഭൂമി പതിച്ചു നൽകാൻ വകുപ്പു മന്ത്രി കാട്ടുന്ന ആർജവവും പാവപ്പെട്ടവന് മൂന്നു സെന്റ് ഭൂമി നൽകുന്നതിന് അദ്ദേഹം കാട്ടുന്ന അലംഭാവവും ഏറെ കണ്ടറിഞ്ഞ സജൻ ഇപ്പോൾ ചിരിക്കുകയാണ്. കണ്ണിൽ നിരാശയുടെ മങ്ങൽ. വാക്കുകളിൽ തെളിയുന്നത് അവഗണനയുടെ കഥകൾ മാത്രം.

പത്തനംതിട്ട, കോട്ടയം ജില്ലകളുടെ അതിർത്തിയിൽ മുക്കട-എരുമേലി-റാന്നി റോഡിന്റെ ഓരത്താണ് സജൻ സി. മാധവന്റെ ഷെഡ്. കൃത്യമായി പറഞ്ഞാൽ മുക്കട റബർ ബോർഡ് ഓഫീസിനു സമീപം ടിൻഷീറ്റു കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരേ ഒരു കൂര. കാറ്റൊന്ന് ആഞ്ഞു വീശിയാൽ സജൻ കുടുംബസമേതം ഷെഡിൽ നിന്നും പുറത്തിറങ്ങും. എപ്പോഴാണ് ഷെഡ് തകർന്നു വീഴുന്നതെന്നറിയില്ല. നാല് മീറ്റർ നീളവും രണ്ടര മീറ്റർ വീതിയുമുള്ള ഷെഡിൽ നിന്നു തിരിയാൻ ഇടമില്ല. അടുക്കളയും കിടപ്പുമുറിയും തമ്മിൽ വേർതിരിവില്ല. പൊരിവെയിലിൽ വെന്തുരുകുന്ന ഷെഡിനുള്ളിൽ ജീവിതം നരകിച്ചുതീർക്കുകയാണ് ഈ സാധു കുടുംബം.

മുക്കട ജങ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ സജൻ സി. മാധവൻ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ ഏറെ പ്രതീക്ഷയോടെയാണ് അപേക്ഷ സമർപ്പിച്ചത്. പിന്നീട് ഇത് സംബന്ധിച്ച അപേക്ഷ കോട്ടയം ജില്ലാ കലക്ടർക്ക് അയച്ചു കൊടുത്തതായി അറിയിപ്പു വന്നു. ഏറെ സന്തോഷിച്ചാണ് സജൻ കലക്ടറേറ്റിൽ എത്തിയത്. എന്നാൽ അങ്ങനൊരപേക്ഷ അവിടെ ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഇത് സംബന്ധിച്ച രേഖകൾ സജൻ അധികൃതരെ കാട്ടിയപ്പോൾ തികച്ചും നിസംഗഭാവേനയാണ് അധികൃതർ പ്രതികരിച്ചത്. വീണ്ടും സജൻ പലതവണ കലക്ടറേറ്റിന്റെ വാതിൽ കയറിയിറങ്ങി. ഒരു ഫലവും ഉണ്ടായില്ല. പിന്നീട് അവിടേക്ക് തിരിഞ്ഞു നോക്കിയില്ല.

അറുപത് ശതമാനം ഭിന്നശേഷിയുള്ള മകൻ ദേവതമ്പുരാനാണ് സജന്റെ ഇപ്പോഴത്തെ ദുഃഖം. സ്‌പെഷ്യൽ സ്‌കൂൾ ഒളിമ്പിക്‌സ് വിജയിയാണ് ദേവതമ്പുരാൻ. ചുങ്കപ്പാറ അസീസി സെന്ററിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ദേവതമ്പുരാൻ മൂന്നുവർഷമായി സ്‌പെഷ്യൽ സ്‌കൂൾ ഒളിമ്പിക്‌സിൽ മത്സരിക്കുന്നു. 100 മീറ്റർ ഓട്ടം, ഷോട്ട്പുട്ട്, 200 മീറ്റർ ഓട്ടം എന്നിവയിലെല്ലാം ദേവതമ്പുരാൻ മികവ് തെളിയിച്ചിട്ടുണ്ട്. തന്റെ കാലശേഷം ദേവതമ്പുരാന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന ആശങ്കയാണ് സജൻ സി. മാധവനെ ഏറെ അലട്ടുന്നത്.

  • നാളെ ദുഃഖ വെള്ളി(25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ