തെലുങ്കാന: മഹാത്മാ ഗാന്ധിയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ടോ.. ചിലപ്പോൾ അതിശയോക്തി തോന്നാമെങ്കിലും ഇങ്ങനെ ഒരു ക്ഷേത്രം ഇന്ത്യയിലുണ്ട്.രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് നീങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ പെഡ്ഡ കപർത്തി ഗ്രാമത്തിലെ മഹാത്മാഗാന്ധി ക്ഷേത്രവും.രസകരവും കൗതകം നിറഞ്ഞതുമാണ് ക്ഷേത്രത്തിലെ ചടങ്ങുകളും രീതികളും.

വിജയവാഡ ഹൈവേക്ക് സമീപം നാലേക്കർ സ്ഥലത്ത് 2014 ലാണ് ഈ ക്ഷേത്രം പണിതത്.ക്ഷേത്രം നിർമ്മിച്ച് 8 വർഷം പിന്നിടുമ്പോൾ ക്ഷേത്രത്തിന്റെ പ്രസിദ്ധിയും ക്ഷേത്രത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്.ദൈവത്തിന് തുല്യമായാണ് ക്ഷേത്രത്തിൽ ഗാന്ധിയുടെ പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദൈവമായാണ് ഇവിടുത്തുകാർ ഗാന്ധിയെ പൂജിച്ചാരാധിക്കുന്നത്. പുഷ്ങ്ങളും മാലകളും കൊണ്ട് ഗാന്ധിയുടെ പ്രതിമയെ അലങ്കരിച്ചിട്ടുണ്ട്. യഥാസമയം പൂജകളും നടക്കാറുണ്ട്.

ആളുകൾ കുടുംബാംഗങ്ങൾക്കൊപ്പം പ്രാർത്ഥനകൾക്കായി പതിവായി എത്തിയതോടെ ക്ഷേത്രം പ്രാധാന്യം നേടിത്തുടങ്ങി.ഗ്രാമത്തിലെ ആളുകൾ മക്കളുടെ വിവാഹം ക്ഷണിക്കാൻ ബന്ധുക്കളെയും മറ്റും സന്ദർശിക്കുംമുൻപ് ക്ഷേത്രദർശനം നടത്തുന്നതും ഇപ്പോൾ പതിവാണ്. തൊട്ടടുത്ത ഗ്രാമങ്ങളിലുള്ളവർ മാത്രമല്ല അടുത്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും ഗാന്ധിയെ വന്ദിച്ച് അനുഗ്രഹം വാങ്ങാനായി അമ്പലത്തിൽ എത്തുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ അമ്പലത്തിനുള്ളിൽ വെച്ച് പ്രത്യേക പ്രാർത്ഥനയും നടത്താറുണ്ട്.

ഒക്ടോബർ 2 നാണ് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ചടങ്ങുകളും നടക്കാറുള്ളത്.മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റാണ് ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. ജോലിയിൽ നിന്നും വിരമിച്ച ഡോക്ടർമാരും അദ്ധ്യാപകരുമാണ് ചാരിറ്റബിൾ ട്രസ്റ്റിലെ പ്രധാന അംഗങ്ങൾ.സാധാരണ ദിവസങ്ങളിൽ 60 മുതൽ 70 വരെ സന്ദർശകരെത്തുന്ന ക്ഷേത്രത്തിൽ രാജ്യത്തിന്റെ 75 -ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ദിവസം 350 ഓളം ഭക്തർ എത്തുന്നതായി ക്ഷേത്ര പരിപാലനം നടത്തുന്ന മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പിവി കൃഷ്ണറാവു അറിയിച്ചു.

സാധാരണമായി നിത്യേന 60 മുതൽ 70 വരെ ആളുകൾ ക്ഷേത്രത്തിൽ പ്രാർത്ഥനക്കായി എത്താറുണ്ട്. നിലവിൽ കേന്ദ്രസർക്കാരിന്റെ 'ആസാദി കാ അമൃത് മഹോത്സവ്', തെലങ്കാന സർക്കാരിന്റെ 'സ്വതന്ത്ര ഭാരത് വജ്രോത്സവലു' എന്നിവക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യത ദിവസം 300 മുതൽ 340 വരെ എന്ന രീതിയിൽ സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാക്കി'. 2014 ൽ നിർമ്മിച്ച ക്ഷേത്രത്തിൽ ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് പ്രത്യേക പരിപാടികളൊന്നും നടത്തുന്നില്ലെങ്കിലും ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക പൂജകൾ സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊക്കെ പുറമെ വിവാഹശേഷം ക്ഷേത്രത്തിലെത്തുന്ന നവദമ്പതികൾക്ക് പട്ടുവസ്ത്രം സമ്മാനം നൽകുന്ന പതിവും ഇപ്പോൾ ക്ഷേത്രത്തിൽ ആരംഭിച്ചിട്ടുണ്ട്.തെലങ്കാന ടൂറിസം ഡിപ്പാർട്ട്മെന്റ് സംസ്ഥാനത്തെ ദൈവിക കേന്ദ്രങ്ങളിലൊന്നായി ക്ഷേത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.സ്വതന്ത്ര്യത്തിന്‌റെ 75 ാം വാർഷികദിനത്തിൽ ക്ഷേത്രത്തിലേക്കെത്തുന്നവരുടെ എ്ണ്ണവും വർധിച്ചിട്ടുണ്ട്.