തിരുവനന്തപുരം: വിജിലൻസിനെ ഉടച്ചുവാർക്കാനുള്ള കർമ്മ പദ്ധതിക്ക് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് രൂപം നൽകി. ആരേയും പീഡിപ്പിക്കാതിരിക്കാനും എന്നാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുമാണിത്. ഇതിന്റെ ഭാഗമായി നിലവിലുള്ള മുഴുവൻ കേസുകളിലും അന്വേഷണം സെപ്റ്റംബർ 30നകം പൂർത്തിയാക്കാൻ വിജിലൻസ് ഉദ്യോഗസ്ഥർക്ക് ജേക്കബ് തോമസ് നിർദ്ദേശം നൽകി. വിജിലൻസിന്റെ കാര്യക്ഷമത ഉറപ്പാക്കാനാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെയാണ് ഈ നിർദ്ദേശം നടപ്പാക്കുന്നത്. ഇതിനൊപ്പം അടിമുടി പരിഷ്‌കാരം ഉറപ്പാക്കുന്ന മറ്റ് തീരുമാനങ്ങളും വിജിലൻസ് ഡയറക്ടർ എടുത്തിട്ടുണ്ട്.

കേസ് അന്വേഷണത്തിനും വിജിലൻസ് ബോധവത്ക്കരണത്തിനും വിദ്യാലയങ്ങളിലെ നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്), സന്നദ്ധസംഘടനകൾ എന്നിവരുടെ സഹായം തേടും. കേസിനാസ്പദമായ വസ്തുതകൾ എൻജിഒ മുഖേന ശേഖരിക്കും. ഇതിലൂടെ കൂടുതൽ ജനകീയ ഇടപെടൽ വിജിലൻസിലുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ സമൂഹത്തിലെ പ്രവർത്തനം വിലയിരുത്തി മാത്രമേ എൻജിഒകളെ തിരഞ്ഞെടുക്കൂ. പരാതികളും കേസുകളും കൈകാര്യം ചെയ്യാൻ ഡയറക്ടറേറ്റിൽ വകുപ്പുകൾക്ക് പ്രത്യേകം സെല്ലുകൾ ആരംഭിച്ചു. നേരത്തെ ജില്ലകൾക്കുവേണ്ടിയായിരുന്നു ഈ സംവിധാനം.

സർക്കാർ വകുപ്പുകളുടെ പ്രവർത്തനം, അഴിമതിക്കുള്ള സാധ്യതകൾ, അതു പരിഹരിക്കാനുള്ള വഴികൾ എന്നിവയെക്കുറിച്ചു പഠിച്ചു റിപ്പോർട്ടു നൽകാൻ ഒാഫിസർമാരെയും നിയമിച്ചിട്ടുണ്ട്. ഈ സംവിധാനവുമായി ജനങ്ങൾക്ക് അടുത്തിടപെഴുകാൻ അവസരമുണ്ടാകും. ഇതും വിജിലൻസിന് ജനകീയ മുഖം നൽകും. ഇതിനൊപ്പം അതിവേഗം നടപടികളാണ് ജേക്കബ് തോമസിന്റെ ലക്ഷ്യം. കുറ്റവാളികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കിയാൽ മാത്രമേ അഴിമതി തടയാൻ കഴിയൂവെന്നാണ് ജേക്ക്‌ബ തോമസിന്റെ നിലപാട്. അതിനുള്ള നടപടികൾക്കും അദ്ദേഹം പ്രാധാന്യം നൽകും. ഇതും മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്.

അഴിമതി കേസുകളിൽ പരാതികളിലും ആരോപണങ്ങളിലും 15 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനും തീരുമാനിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടാൽ ആരോപണവിധേയർക്കെതിരെ കേസ് രജിസ്റ്റർചെയ്യും. ഇതിനു ജില്ലാ യൂണിറ്റുകൾക്ക് അധികാരം നൽകി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിറക്കി. ലഭിക്കുന്ന പരാതികളിൽ വിജിലൻസ് അന്വേഷണത്തിനു സാധ്യതയില്ലെങ്കിൽ അതിലുള്ള നടപടി അവസാനിപ്പിക്കണം. അഴിമതി സംബന്ധിച്ച പരാതികൾ തള്ളാനും യൂണിറ്റ് മേധാവികൾക്ക് അധികാരമുണ്ടായിരിക്കും. അധികാര വികേന്ദ്രീകരണത്തിലൂടെ വിജിലൻസിനെ ശക്തിപ്പെടുത്താനാണ് ജേക്കബ് തോമസിന്റെ പദ്ധതി.

പരാതിയിൽ അന്വേഷണം നടത്തി എഫ്‌ഐആർ തയാറാക്കാൻ നേരത്തെ ഡയറക്ടറുടെ അനുമതി വേണമായിരുന്നു. പുതിയ സംവിധാനത്തിൽ അന്വേഷണത്തിലുള്ള പുരോഗതിയും കണ്ടെത്തലും ഡയറക്ടറെ അറിയിച്ചാൽ മതി. അതിന്മേൽ 12 ദിവസത്തിനുള്ളിൽ വിയോജിപ്പ് ലഭിച്ചില്ലെങ്കിൽ അന്വേഷണവുമായി മുന്നോട്ടുപോകാം. വിജിലൻസ് ഡയറക്ടറേറ്റിനുവേണ്ടി അന്വേഷണം നടത്തി സമയം കളയരുതെന്നാണ് നിർദ്ദേശം. കേസ് അന്വേഷണത്തിലെ കാലതാമസം ഒഴിവാക്കാനാണ് ഇത്. ഇത്തരത്തിലുള്ള അന്വേഷണറിപ്പോർട്ടുകളിൽ മിക്കതിലും വകുപ്പു നടപടി സ്വീകരിക്കാറില്ലെന്നുമാത്രമല്ല, വിജലൻസ് ആരോപണവിധേയരായി കണ്ടെത്തിയവരെ ഒഴിവാക്കുന്നതായും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം.

ആരോപണവിധേയരായ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് സർക്കാരിനു നൽകിയ 9000 റിപ്പോർട്ടുകൾ നടപടിയില്ലാതെ കെട്ടിക്കിടക്കുകയാണ്. ഇതും ഇനി നടക്കില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. അതിവേഗം തീരുമാനം സർക്കാരിൽ നിന്ന് എടുപ്പിക്കാനുള്ള നടപടിയും ഉണ്ടാകും. ആരോപണവിധേയരായ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കും സ്ഥലം മാറ്റാനുമാണു സാധാരണ ശുപാർശ ചെയ്യുക. ധനനഷ്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതു തിരിച്ചുപിടിക്കുകയും വേണം. പൊതുജനത്തിനു മോശം അഭിപ്രായമുള്ളവർ, സ്ഥാപനത്തിനു നഷ്ടം വരുത്തുന്നവർ എന്നിവർക്കെതിരെയാണ് അന്വേഷണം നടത്താറ്. ഇനിമുതൽ ജീവനക്കാർക്കെതിരെയുള്ള ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെങ്കിൽ കേസെടുക്കാനാണ് തീരുമാനം.

മന്ത്രിമാർ, രാഷ്ട്രീയപ്രമുഖർ, ഉന്നതോദ്യോഗസ്ഥർ എന്നിവർക്കെതിരായ ആരോപണങ്ങളിൽ രഹസ്യാന്വേഷണം നടത്തി കേസെടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരത്തെ ഉത്തരവിട്ടിരുന്നു ഉത്തരവ്. നിലവിലെ വിജിലൻസ് മാന്വൽ പ്രകാരം അഴിമതിക്കാർക്കെതിരേ അന്വേഷണം നടത്താനും കേസെടുക്കാനും സർക്കാരിന്റെയോ ഡയറക്ടറുടെയോ അനുമതി ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് നീക്കം. ഇതിനൊപ്പമാണ് പുതിയ പരിഷ്‌കാരങ്ങളും. മേലുദ്യോഗസ്ഥനെ ഫോണിൽ വിവരമറിയിച്ചശേഷം ഇത്തരം ആരോപണങ്ങളിൽ മിന്നൽ പരിശോധന, ത്വരിതാന്വേഷണം, പ്രാഥമികാന്വേഷണം എന്നിവയിലേതു വേണമെന്നു നിശ്ചയിക്കാനും കേസെടുക്കാനും ഇനി വിജിലൻസിലെ 10 എസ്‌പിമാർക്കും 34 ഡിവൈ.എസ്‌പിമാർക്കും അധികാരമുണ്ടാകും. ഇതുസംബന്ധിച്ച പ്രത്യേക സർക്കുലർ (1/2016) ഡി.ജി.പി: ജേക്കബ് തോമസ് പുറപ്പെടുവിച്ചിരുന്നു.

നടപടികളിലെ ഈ കാലതാമസവും അനാവശ്യ ഇടപെടലുകളും ഇല്ലതാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സർക്കുലർ. കഴിഞ്ഞ നാലിനു പുറപ്പെടുവിച്ച സർക്കുലറിന്റെ പിൻബലത്തിൽ നൂറുകണക്കിന് അഴിമതിക്കേസുകൾ വിജിലൻസ് എസ്‌പിമാർ രജിസ്റ്റർ ചെയ്തുതുടങ്ങി. അഴിമതിക്കെതിരായ പോരാട്ടത്തിലെ നിർണ്ണായക നീക്കമാണിതെന്നാണ് പൊതു പ്രവർത്തകർ പോലും വിലയിരുത്തുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥരുണ്ടെങ്കിൽ ഏത് വമ്പനും കുടുങ്ങുമെന്ന അവസ്ഥ വരും. നിലവിൽ യൂണിറ്റ് ഡിവൈ.എസ്‌പിമാർക്കു പരാതി കിട്ടിയാലും അന്വേഷിക്കാൻ അധികാരമില്ല. പുതിയ സർക്കുലർ പ്രകാരം യൂണിറ്റ് ഡിവൈ.എസ്‌പിക്കോ എസ്‌പിക്കോ പരാതി ലഭിച്ചാൽ അതേപ്പറ്റി അന്വേഷിക്കാൻ ആരുടെയും അനുമതി ആവശ്യമില്ല. 15 ദിവസത്തിനകം തീരുമാനമുണ്ടാകണമെന്നു മാത്രം. വിജിലൻസ് ഡയറക്ടറേറ്റിൽ ലഭിക്കുന്ന പരാതികൾ ഹെഡ്ക്വാർട്ടേഴ്സ് മാനേജർ പരിശോധിച്ചശേഷം ഡയറക്ടർക്കോ എ.ഡി.ജി.പിക്കോ മാർക്ക് ചെയ്യണം.

യൂണിറ്റ് ഡിവൈ.എസ്‌പിക്കു നേരിട്ടോ ഡയറക്ടർ മുഖാന്തിരമോ ലഭിക്കുന്ന പരാതികളെക്കുറിച്ചു ഫോണിൽ മേലുദ്യോഗസ്ഥരെ അറിയിച്ചശേഷം നടപടികളുമായി മുന്നോട്ടുനീങ്ങാം. പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ വാട്സ്ആപ് മുഖേനയോ എസ്.എം.എസിലൂടെയോ മേലുദ്യോഗസ്ഥനെ അറിയിച്ചശേഷം കേസ് അവസാനിപ്പിക്കാം. നയപരമായ കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടതാണെങ്കിൽ സർക്കാരിന് അയച്ചുകൊടുക്കണം. എന്നാൽ, അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ എല്ലാ വകുപ്പുകളുടെയും പ്രവർത്തനശൈലി മനസിലാക്കിയിരിക്കണമെന്നും സർക്കുലർ നിഷ്‌കർഷിക്കുന്നു.

സർക്കാർ തലത്തിലുള്ള അഴിമതിക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാനാണു വിജിലൻസ് ഡയറക്ടറായി സ്ഥാനമേറ്റയുടൻ ജേക്കബ് തോമസ് ഉദ്യോഗസ്ഥർക്കു നൽകിയ നിർദ്ദേശം. ഇത് താൻ നടപ്പിലാക്കുകയാണെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു.