ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നു മുതലാണ് സോണിയ ഗാന്ധിയുടെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ കമാൻഡർ രാകേഷ് കുമാറിനെ കാണാതായത്.

കോൺഗ്രസ് അധ്യക്ഷ സോണിയയുടെ 10 ജൻപഥ് വസതിയുടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന രാകേഷ് (31)നെയാണ് കാണാതായിരിക്കുന്നത്. സോണിയഗാന്ധിയുടെ ഔദ്യോഗിക വസതിയായ ജൻപതിൽ സെപ്റ്റംബർ ഒന്നിന് ഡ്യൂട്ടിക്കെത്തിയിരുന്നു. എന്നാൽ അന്നേ ദിവസം കാണാതായ രാകേഷിന്റെ 'ഓഫ്' ദിനമായിരുന്നു.

സുഹൃത്തുക്കളെ കണ്ടതിനു ശേഷം രാവിലെ 11 മണിയോടെ രാകേഷ് സോണിയാ ഗാന്ധിയുടെ വീട്ടിൽ നിന്നും മടങ്ങിയിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. അന്ന് രാകേഷ് കുമാറിന് 'ഓഫ് ഡേ' ആയിരുന്നെങ്കിലും എന്തിനാണ് അദ്ദേഹം യൂണിഫോം ധരിച്ച് പതിവ് പോലെ ഡ്യൂട്ടിക്കെത്തിയതെന്നാണ് ഇപ്പോൾ സഹപ്രവർത്തകരേയും സംഭവം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരേയും വലയ്ക്കുന്നത്.

രാകേഷിന്റെ സർവീസ് റിവോൾവറും, മൊബെൽ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചിട്ടാണ് പോയിരിക്കുന്നത്. എന്നതിനാൽ പൊലീസിനോ, ബന്ധുക്കൾക്കോ ഇയാളുമായി ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. രാകേഷിനെ കാണാതായതിനെ തുടർന്നു പൊലീസ് ഇയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇതുവരെ ഇയാളെ കണ്ടെത്താനായില്ല.

സംഭവത്തെ തുടർന്നു രാകേഷിന്റെ അച്ഛൻ ഡൽഹി പൊലീസിനും പരാതി നൽകി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്തല്ല രാകേഷിനെ കാണാതായത്. ദ്വാരകയിൽ ഒരു ഫ്ളാറ്റിൽ കുടുംബത്തോടോപ്പം വാടകയ്ക്കാണ് രാകേഷ് താമസിച്ചിരുന്നത്. സെപ്റ്റംബർ രണ്ടിന് രാകേഷ് വീട്ടിലെത്തിയില്ലെങ്കിലും, ഡ്യൂട്ടി നീട്ടി നൽകിക്കാണുമെന്നാണ് കുടുംബാംഗങ്ങൾ ധരിച്ചിരുന്നത്.

മൂന്നാം തിയതിയും വീട്ടിലെത്താതായതോടെ ഫോണിൽ വിളിച്ചപ്പോഴാണ് വീട്ടിൽ നിന്നും ഫോൺ എടുത്തിട്ടില്ലെന്ന വിവരം അറിഞ്ഞത്. പിന്നാലെ രാകേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സോണിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയെന്നും ഡൽഹി പൊലീസ് പറഞ്ഞു.